പുളിങ്കുന്ന്: ജലഗതാഗത വകുപ്പ് പുളിങ്കുന്ന് സ്റ്റേഷനിലെ ബോട്ട് മാസ്റ്ററെ ഡ്യൂട്ടി സമയത്ത് മർദ്ദിച്ച സ്റ്റേഷൻ മാസ്റ്റർ ഷെറഫുദ്ദീനെ രക്ഷിക്കാനുള്ള വകുപ്പ് അധികാരികളുടെ ശ്രമത്തിൽ വ്യാപക പ്രതിഷേധം. മർദ്ദനമേറ്റ ജീവനക്കാരനെ അവശ നിലയിൽ പുളിങ്കുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ മാസ്റ്റർ ഷെറഫുദ്ദീൻ മൾട്ടി ലെവൽ മാർക്കറ്റിങ് ബിസനസ്സുമായി ബന്ധപ്പെട്ട് ഓഫീസിൽ കൃത്യമായി വരാറില്ല. മുൻപ് എടത്വാ സ്റ്റേഷനിൽ കൃത്യമായി ഓഫീസിൽ ഹാജരാകുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുളിങ്കുന്നിലേക്ക് സ്ഥലംമാറ്റിയത്. തന്നിഷ്ടപ്രകാരം ജോലി നോക്കുന്ന ഇയാളുടെ നടപടിയിൽ ആരെങ്കിലും എതിർത്താൽ അവരെ കൈകാര്യം ചെയ്യുവാനുള്ള ആൾക്കാർ ഒപ്പമുണ്ട്. അതുകൊണ്ട് ആരും തന്നെ ഈ ഉദ്യോഗസ്ഥനെതിരെ പരാതിപ്പെടുകയില്ല.

ഇതേ സ്റ്റേഷനിലെ ബോട്ട്മാസ്റ്ററായ വിനീഷ് നൽകിയ അവധി അപേക്ഷയിൽ ടിയാൾ കൃത്രിമം കാണിച്ചു. ഇതിനെതിരെ വകുപ്പ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതിയിന്മേൽ അന്യേഷണം നടത്താൻ മേലുദ്യോഗസ്ഥർ വിളിച്ചതിൽ രോഷം കൊണ്ടാണ് വിനേഷിനെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങവേ മർദ്ദിച്ച് അവശനാക്കിയത്. മർദ്ദിച്ചവശനാക്കിയ തന്നോട് ഇനി പരാതിപ്പെട്ടാൽ കൊന്നു കളയുമെന്നും, അതൊരു അപകടമരണമായി കാണിക്കാൻ തടസ്സമില്ലന്നും, അതിനായി എത്ര രൂപയും ചെലവാക്കാൻ തനിക്ക് ഉണ്ടന്നും ഭീഷണിപ്പെടുത്തി.

ഷെറഫുദ്ദീനെ സസ്‌പെന്റ് ചെയ്ത് അന്യേഷണം നടത്തണമെന്ന് കേരള എൻ.ജി.ഒ. സംഘ് സംസ്ഥാന പ്രസിഡന്റ് റ്റി എൻ രമേശ് ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രിക്കും ഡയറക്ടർക്കും നടപടി ആവശ്യപ്പെട്ട് എൻ.ജി.ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എ പ്രകാശ് പരാതി നൽകി. പുളിങ്കുന്ന് സ്റ്റേഷനിൽ നടന്ന പ്രതിഷേധ യോഗത്തിൽ സംസ്ഥാന സെക്രട്ടറി ജെ മഹാദേവൻ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ ആർ വേണു, ജില്ലാ സെക്രട്ടറി ശ്രീജിത്ത് കരുമാടി ജില്ലാ ഭാരവാഹികളായ അജിത് കുമാർ, ദേവിദാസ് എന്നിവർ സംസാരിച്ചു.