കൊച്ചി: കേന്ദ്ര ബജറ്റ് പോലെ സംസ്ഥാന ബജറ്റും കർഷകരെ അപമാനിക്കുന്നതാണെന്നും നിർദ്ദിഷ്ഠ പ്രഖ്യാപനങ്ങൾ പോലും വാചകക്കസർത്തിനപ്പുറം മുഖവിലയ്ക്കെടുക്കാനാവില്ലെന്നും  സൗത്ത് ഇന്ത്യ കൺവീനർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

റബറിന് 10 രൂപ നൽകിയാൽ റബർ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് കരുതരുത്. പ്രകടനപത്രികയിൽ 250 രൂപ പ്രഖ്യാപിച്ചവർ അധികാരത്തിലിരുന്ന് ഒളിച്ചോട്ടം നടത്തുന്നു. കഴിഞ്ഞ ബജറ്റിലെ 600 കോടി വിലസ്ഥിരതാപദ്ധതിയിൽ 10 ശതമാനം പോലും ചെലവഴിച്ചിട്ടില്ല. 170 രൂപ വിലസ്ഥിരതാപദ്ധതി മുടക്കമില്ലാതെ നടപ്പിലാക്കുന്നതിൽ വൻ വീഴ്ചവന്നരുടെ 180 രൂപ പ്രഖ്യാപനം പൊതു തെരഞ്ഞെടുപ്പിനുമുമ്പുള്ള രാഷ്ട്രീയ തന്ത്രമായേ കാണാനാവു. വൻപ്രതിസന്ധി നേരിടുന്ന കാർഷികമേഖലയെ രക്ഷിക്കാൻ പുതിയതായി ഒരു പദ്ധതിയും പുതിയ സംസ്ഥാന ബഡ്ജറ്റിലില്ല.

നിത്യചെലവിനായി കടംവാങ്ങി വൻബാധ്യതയുണ്ടാക്കി ധൂർത്തുനടത്തുമ്പോൾ ബജറ്റിലെ വികസനപ്രഖ്യാപനങ്ങൾ പാഴ്‌വാക്കാണെന്ന് കേരളസമൂഹം തിരിച്ചറിയുന്നു. കാർഷികമേഖലയ്ക്ക് 1698.30 കോടി രൂപ പ്രഖ്യാപിക്കുമ്പോഴും മുൻബജറ്റിലെ പല പ്രഖ്യാപനങ്ങള്ളും ഇപ്പോഴും യാഥാർത്ഥ്യമാകാതെ നിലനിൽക്കുന്നു.

ഫലവർഗ്ഗകൃഷിയുടെ വിസ്തൃതി വിപുലീകരണത്തിന് 18.92 കോടി പ്രഖ്യാപിച്ചിരിക്കുമ്പോൾ പ്രായോഗികമാകണമെങ്കിൽ പ്ലാന്റേഷൻ നിയമത്തിൽ പൊളിച്ചെഴുത്തുവേണം. കാർഷിക സർവ്വകലാശാലയ്ക്ക് പ്രഖ്യാപിച്ച 75 കോടി കർഷകന്റെ കണക്കിൽ ഉൾപ്പെടുത്തണ്ട. നെല്ലുല്പാദന പദ്ധതി വിഷരഹിത പച്ചക്കറി, നാളികേര വികസനപദ്ധതി, സുഗന്ധവ്യഞ്ജന പദ്ധതി, ഫാം യന്ത്രവൽക്കരണം, മൂല്യവർദ്ധനം, കാർഷിക വിപണം, ജലസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം തുടങ്ങിയ തലങ്ങളിലെ ബജറ്റ് പ്രഖ്യാപനങ്ങൾ ആവർത്തനങ്ങൾക്കപ്പുറം കാർഷികമേഖലയിൽ നേട്ടങ്ങളുണ്ടാക്കില്ല. താങ്ങുവില വർദ്ധിപ്പിക്കാതെയുള്ള നാളികേര വികസനപദ്ധതി കർഷകർക്ക് ഉപകരിക്കില്ല. ബജറ്റ് പ്രഖ്യാപനങ്ങൾ രാഷ്ട്രീയ മൈതാനപ്രസംഗമായി തരംതാഴുന്നത് ദുഃഖകരമാണെന്നും പ്രതീക്ഷകൾ നൽകി വഞ്ചിക്കാതെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.