പാലാ: പാലായെ സംബന്ധിച്ചു ബജറ്റ് നിരാശാജനകമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഏതാനും പദ്ധതികൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇതാകട്ടെ ആകെ 15 കോടി മാത്രവും. ബാക്കിയെല്ലാം ടോക്കൺ തുക മാത്രമേ വകയിരുത്തിയിട്ടുള്ളൂ. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ളതുമാണെന്ന് എം എൽ എ കുറ്റപ്പെടുത്തി.

മുൻകാലങ്ങളിലും ടോക്കൺ തുക വകയിരുത്തിയ ഒട്ടേറെ പദ്ധതികൾ നടപ്പാക്കാത്തതായി ഉണ്ടെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാണിച്ചു. താൻ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം അക്കാലത്തെ ബജറ്റിൽ ഒട്ടേറെ പദ്ധതികൾക്കു ആവശ്യമായ തുക അനുവദിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് എം എൽ എ വ്യക്തമാക്കി.

ചെറിയാൻ ജെ കാപ്പൻ സ്മാരക നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നവീകരണത്തിനായി നിയമസഭയിലടക്കം സമ്മർദ്ദം ചെലുത്തിയിരുന്നു. മുഖ്യമന്ത്രിയെയും ധനമന്ത്രിയും പലതവണ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നതായും എം എൽ എ ചൂണ്ടിക്കാട്ടി. മൂന്നിലവ് ചകണിയാംതടം പാലത്തിന് 4 കോടിയും മുത്തോലി ഇടയാറ്റു ഗണപതി ക്ഷേത്രം റോഡിൽ പാലത്തിന് ഒരു കോടിയും അനുവദിച്ചിട്ടുണ്ട്. അരുണാപുരത്ത് ചെക്ക്ഡാം നിർമ്മിക്കാൻ മൂന്ന് കോടി വകയിരുത്തിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു. റബ്ബർ കർഷകരെ പൂർണ്ണമായും വഞ്ചിച്ച ബജറ്റാണ്. 250 രൂപ കുറഞ്ഞത് കർഷകർക്കു ലഭ്യമാക്കേണ്ടതാണ്. പകരം 10 രൂപ അനുവദിച്ചു കർഷകരെ അവഹേളിക്കുകയാണ് ചെയ്തതെന്നും മാണി സി കാപ്പൻ കുറ്റപ്പെടുത്തി.

പാലായ്ക്കു 15 കോടി മാത്രം; ടോക്കൺ നൽകി കബളിപ്പിച്ചെന്ന് കെ ഡി പി

പാലാ: കേരള ബജറ്റിൽ ടോക്കൺ തുകകൾ മാത്രമനുവദിച്ചു പാലാക്കാരെ വഞ്ചിച്ചതായി കേരളാ ഡെമോക്രാറ്റിക് പാർട്ടി നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. ആകെ 15 കോടിയോളം രൂപ മാത്രമാണ് നാലു പദ്ധതികൾക്കായി അനുവദിച്ചിട്ടുള്ളത്. ബാക്കിയെല്ലാം 100 രൂപയുടെ ടോക്കണാണ് വകയിരുത്തിയിട്ടുള്ളത്. തങ്ങൾ മൂലം സിന്തറ്റിക് ട്രാക്കിന് ഏഴു കോടി അനുവദിച്ചുവെന്ന് പറയുന്നവർ ബാക്കി പദ്ധതികൾക്കു അനുവദിച്ച തുക വെളിപ്പെടുത്താത്തത് എന്താണെന്ന് വ്യക്തമാക്കണം. ഇത്തവണത്തെ ബജറ്റിൽ പാലായിലെ പദ്ധതികൾക്കു തുക അനുവദിച്ച വെളിപ്പെടുത്താൻ അവകാശവാദമുന്നയിക്കുന്നവർ തയ്യാറാകണം. മുന്നണിയിലെ രണ്ടാം കക്ഷിയെന്ന് അവകാശപ്പെടുന്നവർ പാലായ്ക്ക് അനുവദിപ്പിച്ചത് എത്ര കോടികൾ എന്നു ജനങ്ങളോട് പറയാൻ ബാധ്യതയുണ്ട്. റബർ കർഷകരോടും വഞ്ചനയാണ് ചെയ്തിരിക്കുന്നത്. 10 രൂപ മാത്രം അനുവദിച്ച് കർഷകരെ അവഹേളിച്ചതായും കെ ഡി പി കുറ്റപ്പെടുത്തി. എം പി കൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു.

സ്റ്റേഡിയം നവീകരണം: മാണി സി കാപ്പന് അഭിനന്ദനം

പാലാ: ചെറിയാൻ ജെ കാപ്പൻ സ്മാരക പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നവീകരിക്കുന്നതിന് തുക അനുവദിക്കാൻ സർക്കാരിൽ നിരന്തര സമർദ്ദം ചെലുത്തിയ മാണി സി കാപ്പൻ എം എൽ എ യെ സ്‌പോർട്ട്‌സ് ലവേഴ്‌സ് ഫോറം അഭിനന്ദിച്ചു. പാലായിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും അഭ്യർത്ഥന മാനിച്ച് മുൻ അന്തർദ്ദേശീയ വോളിബോൾ താരം കൂടിയായ മാണി സി കാപ്പൻ ഇതിനായി നിരന്തരമായ സമ്മർദ്ദം ചെലുത്തി. പലതവണ മുഖ്യമന്ത്രി, ധനമന്ത്രി, കായികമന്ത്രി എന്നിവരെ നേരിൽ കണ്ട് സിന്തറ്റിക് ട്രാക്കിന്റെ ശോച്യാവസ്ഥ ബോധ്യപ്പെടുത്തി. നിയമസഭയിലും ഇക്കാര്യം ഉന്നയിച്ചിരുന്നു.

പ്രളയത്തെത്തുടർന്നു ഏതാണ്ട് പൂർണ്ണമായി തകർന്ന നിലയിലായിരുന്നു സിന്തറ്റിക് ട്രാക്ക്. നിരവധി സംസ്ഥാനമേളകൾ ഉൾപ്പെടെ നടത്തി വരുന്ന സ്റ്റേഡിയത്തിലെ ട്രാക്കിന്റെ കേടുപാടുകൾ മേളകളെ പ്രതികൂലമായി ബാധിച്ചിരുന്നു. വളരെ ദയനീയമായ സ്ഥിതിയിലായിരുന്നു സ് സ്റ്റേഡിയം.

നവകേരള സദസ്സുമായി ബന്ധപ്പെട്ടു സ്റ്റേഡിയത്തിൽ എത്തിയ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും സിന്തറ്റിക് ട്രാക്കിന്റെ ദയനീയാവസ്ഥ നേരിൽ ബോധ്യപ്പെടാനും സാധിച്ചിരുന്നു. സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം നവീകരിക്കുന്നതിന് ഏഴു കോടി രൂപ അനുവദിച്ച മുഖ്യമന്ത്രി, ധനമന്ത്രി, കായികമന്ത്രി, മാണി സി കാപ്പൻ എം എൽ എ എന്നിവരെ സ്‌പോർട്ട്‌സ് ലവേഴ്‌സ് അസോസിയേഷൻ അഭിനന്ദിച്ചു. പ്രസിഡന്റ് ബേബി ജോസഫ് അധ്യക്ഷത വഹിച്ചു. കേരളാ ഡെമോക്രാറ്റിക് പാർട്ടി പാലാ നിയോജകമണ്ഡലം കമ്മിറ്റിയും മാണി സി കാപ്പനെ അനുമോദിച്ചു. എം പി കൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു.