കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മെഷിനറി എക്‌സ്‌പോ 2024 ഈമാസം 10 മുതൽ 13 വരെ കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്‌സിബിഷൻ കം കൺവെൻഷൻ സെന്ററിൽ നടക്കും. പത്തിന് രാവിലെ 10.30ന്് വ്യവസായ, നിയമ, കയർ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന മെഷീനറികൾ പ്രദർശിപ്പിക്കുകയാണ് എക്‌സ്‌പോയുടെ ആറാം പതിപ്പ് ലക്ഷ്യമിടുന്നതെന്നു ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരും എക്‌സ്‌പോ സംഘാടക സമിതി ജനറൽ കൺവീനറുമായ പി എ നജീബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

166 സ്റ്റാളുകളിലായി രാജ്യത്തെ നൂറിലേറെ പ്രമുഖ മെഷീൻ നിർമ്മാണ സ്ഥാപനങ്ങൾ എക്സ്പോയിൽ പങ്കെടുക്കും. മെഷീൻ ടൂളുകൾ, ഓട്ടോമേഷൻ ടെക്നോളജീസ്, സിഎൻസി മെഷീനുകളും സിസ്റ്റങ്ങളും, എസ്‌പിഎമ്മുകൾ, അഗ്രോ അധിഷ്ഠിത, അപ്പാരൽ, ഇലെക്ട്രിക്കൽ - ഇലക്ട്രോണിക്സ്, ജനറൽഎഞ്ചിനീയറിങ് മെഷീനുകൾ,പാക്കേജിങ്, പ്രിന്റ്റിങ് ആൻഡ് 3ഡി പ്രിന്റ്റിങ്, വിവിധ മേഖലകൾക്കായുള്ള മറ്റ് നൂതന പ്രോസസ്സിങ്, പാക്കേജിങ് മെഷീനറികൾ എന്നിവയിലെ ഏറ്റവും പുതിയ ട്രെൻഡുകളും മെഷീനറികളുടെ ലൈവ് ഡെമോയും പ്രദർശിപ്പിക്കും. സാങ്കേതിക വികസനം, മറ്റ് സാങ്കേതിക വാണിജ്യ വിശദാംശങ്ങൾ എന്നിവയെക്കുറിച്ചു നേരിട്ടുള്ള വിവരങ്ങൾ ലഭിക്കാൻ ഭാവി സംരംഭകർക്ക് പ്രദർശനം സഹായകമാകും. ഹെവി മെഷീനറികളുടെ പ്രദർശനനത്തിനു 5000 സ്‌ക്വയർ ഫീറ്റ് ഏരിയയിൽ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

6 ഡോമുകളായി പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സെക്ടർ അടിസ്ഥാനത്തിലാണ് പ്രദർശനമെന്നത് ഇത്തവണത്തെ എക്സ്പോയുടെ സവിശേഷതയാണ്. രുചി വൈവിധ്യങ്ങളുമായി ഫുഡ് കോർട്ടുകളുമുണ്ടാകും. കഴിഞ്ഞ രണ്ടു വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വ്യവസായക്കുതിപ്പാണ് സംസ്ഥാനത്തുണ്ടായത്. രണ്ട് ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾ തുടങ്ങുകയും 13000 കോടിയിലധികം രൂപയുടെ നിക്ഷേപം ഉണ്ടാവുകയും 4 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഈ വ്യാവസായ കുതിപ്പിന് കൂടുതൽ ഊർജ്ജം നൽകുന്ന താകും മിഷനറി എക്സ്പോ 2024. നവ - ഭാവി സംരംഭകർക്ക് ഏറെ മുതൽക്കൂട്ടാകുന്ന എക്സ്പോ സംസ്ഥാന വ്യവസായ മേഖലയിൽ നാഴികകല്ലായി മാറും. സംരംഭകർക്ക് മെഷീൻ നിർമ്മാതാക്കളുമായി ആശയ വിനിമയം നടത്താനും മെഷീനുകളുടെ പ്രവർത്തനവും ടെക്നോളജിയും നേരിട്ട് കണ്ടു പഠിക്കാനും മെഷീനറി എക്സ്പോ അവസരമൊരുക്കും.

സംസ്ഥാന സർക്കാരിന്റെ വ്യവസായ യന്ത്ര പ്രദർശന മേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ ഉമ തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എംപിവിശിഷ്ടാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ മുഖ്യപ്രഭാഷണവും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ, വാണിജ്യ ഡയറക്ടർ എസ് ഹരികിഷോർ എന്നിവർ പ്രത്യേക പ്രഭാഷണവും നടത്തും. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ജില്ല കളക്ടർ എൻ എസ് കെ ഉമേഷ്, തൃക്കാക്കര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിള്ള, കൗൺസിലർ എം ഒ വർഗീസ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, എംഎസ്എംഇ - ഡിഎഫ്ഒ ജോയിന്റ് ഡയറക്ടർ ജി എസ് പ്രകാശ്, ഇൻഫോ പാർക്‌സ് അഡ്‌മിനിസ്‌ട്രേഷൻ മാനേജർ റെജി കെ തോമസ്, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ദീൻ, വ്യവസായ, വാണിജ്യ അഡീഷണൽ ഡയറക്ടർമാരായ കെ എസ് കൃപകുമാർ, ജി രാജീവ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരും എക്സ്പോ സംഘാടക സമിതി ജനറൽ കൺവീനറുമായ പി എ നജീബ് എന്നിവർ പ്രസംഗിക്കും.

വാർത്താസമ്മേളനത്തിൽ ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ജി പ്രണബ്, മാനേജർ ആർ.രമ എന്നിവരും പങ്കെടുത്തു.