പാലാ: പാലാ ഡിപ്പോയിൽ നിന്നും തെങ്കാശിയിലേക്ക് പുതിയ അന്തർ സംസ്ഥാന സർവ്വീസിന് തുടക്കം. പുതിയ സർവ്വീസ് കെ എസ് ആർ ടി സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ മാണി സി കാപ്പൻ എം എൽ എ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം കോയമ്പത്തൂരിലേക്കു അടുത്ത ദിവസം തന്നെ പുതിയ മറ്റൊരു സർവ്വീസ് കൂടി തുടങ്ങുമെന്നും എം എൽ എ പറഞ്ഞു.

നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലന്മാരായ ജോസ് ഇടേട്ട്, ജിമ്മി ജോസഫ്, എ.ടി.ഒ.ഷിബു, സജി മഞ്ഞക്കടമ്പിൽ, ജയ്‌സൺമാന്തോട്ടം, സാജൻ ആലക്കുളം, പ്രശാന്ത് നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.

പാലായിൽ നിന്നും ആരംഭിക്കുന്ന രണ്ടാം തെങ്കാശി സർവ്വീസാണിത്. പ്രഥമ സർവ്വീസ് രാവിലെ 7 30 ന് പുറപ്പെടും. ഇന്നാരംഭിച്ച പുതിയ സർവ്വീസ് ഉച്ചകഴിഞ്ഞ് 3 മണിക്ക് പുറപ്പെടും. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, പത്തനംതിട്ട, പുനലൂർ, ചെങ്കോട്ട വഴി രാത്രി 8.55 ന് തെങ്കാശിയിൽ എത്തും. തുടർന്ന് പിറ്റേന്ന് വെളുപ്പിന് 6.30ന് തെങ്കാശിയിൽ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 12.25 ന് തിരികെ പാലായിൽ എത്തിച്ചേരും. 213 രൂപയാണ് ടിക്കറ്റ് ചാർജ്.മാണി സി കാപ്പൻ എം എൽ എ യുടെ ശ്രമഫലമായിട്ടാണ് പുതിയ സർവ്വീസിനു കെ എസ് ആർ ടി സി തുടക്കമിട്ടത്.