തിരുവനന്തപുരം: പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മേൽ സാമ്പത്തിക ഉപരോധത്തിന് സമാനമായ രീതിയിലൂടെ ധന വിഹിതങ്ങൾ വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സർക്കാർ സമീപനങ്ങൾക്കെതിരെ ഐക്യനിര രൂപപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി.

എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചണിനിരക്കേണ്ട സമരമുഖമാണിത്. ഡൽഹിയിൽ കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം സ്വാഗതാർഹമായ ചുവടുവെപ്പാണ്. പ്രക്ഷോഭത്തെ വെൽഫെയർ പാർട്ടി പിന്തുണക്കുന്നു. കർണാടകയിലെ ഭരണ കക്ഷിയായ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന പ്രക്ഷോഭവും സ്വാഗതാർഹമാണ്. പഞ്ചാബ്, ഡൽഹി, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളും കേന്ദ്രം തുടരുന്ന സാമ്പത്തിക അടിച്ചമർത്തൽ നയത്തിനെതിരെ പ്രക്ഷോഭത്തിന്റെ പാതയിലാണ്.

ജി.എസ്.ടി വന്നതോടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാവുകയും സംസ്ഥാനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതിയുടെ വിഹിതം കേന്ദ്രം തിരിച്ചുതരുന്നത് കാത്തിരിക്കേണ്ട അവസ്ഥയിലേക്ക് സംസ്ഥാനങ്ങൾ എത്തുകയും ചെയ്തു. കേന്ദ്ര സംഘ്പരിവാർ ഭരണകൂടം രാഷ്ട്രീയ വിരോധത്തോടെ സംസ്ഥാനങ്ങളെ ഞെരുക്കാനുള്ള സുവർണാവസരമായി ഈ നികുതി ഘടനയെ ഉപയോഗിക്കുകയാണ്. ജി.എസ്.ടി ഫെഡറൽ ഘടനയെ ദുർബലപ്പെടുത്തുന്ന നികുതി സമ്പ്രദായമാണ്. ജി.എസ്.ടി റദ്ദാക്കി വാറ്റ് തിരിച്ചുകൊണ്ടു വരികയാണ് വേണ്ടത്.

വ്യത്യസ്ത സംസ്ഥാന സർക്കാരുകളും പ്രതിപക്ഷ പാർട്ടികളും കേന്ദ്രത്തിന്റെ ഫെഡറൽ വിരുദ്ധതക്കെതിരെ വേറിട്ട് സമരങ്ങൾ നടത്തുന്നുണ്ട്. ഇത് മാറ്റി സംയുക്ത സമരം വികസിപ്പിക്കണം. സംസ്ഥാന സർക്കാർ നടത്തിയ സമരത്തിൽ പ്രതിപക്ഷം പങ്കെടുക്കാതിരുന്നത് ശരിയായില്ല. മറ്റ് ബിജെപി ഇതര സംസ്ഥാന സർക്കാരുകളെയും പാർട്ടികളെയും ക്ഷണിച്ചിട്ടും പശ്ചിമ ബംഗാൾ സർക്കാരിനെയും തൃണമൂൽ കോൺഗ്രസിനെയും സമരത്തിലേക്ക് ക്ഷണിക്കാതിരുന്ന ഇടതു സർക്കാർ നടപടി ഉചിതമായില്ല.

ഫെഡറലിസം രാജ്യത്തിന്റെ ഭരണഘടനയുടെ കാതലാണ്. അത് സംരക്ഷിക്കാൻ കക്ഷിരാഷ്ട്രീയ പരിഗണനകൾക്കപ്പുറം എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചണിനിരക്കണമെന്നും ഇത്തരം പോരാട്ടങ്ങളിൽ വെൽഫെയർ പാർട്ടി അണി ചേരുമെന്നും അദ്ദേഹം പറഞ്ഞു.