തിരുവനന്തപുരം: ജില്ലാ ഭരണകൂടവും കായിക യുവജനകാര്യ വകുപ്പും സംയുക്തമായി ചേർന്ന് ജില്ലയിലെ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട യുവതീ -യുവാക്കായി സംഘടിപ്പിച്ച ആരവം കോസ്റ്റൽ ഗെയിംസിൽ കരുംകുളം ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. ഗെയിംസിന്റെ സമ്മാന ദാനവും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ രാജീവ് കുമാർ ചൗധരി നിർവഹിച്ചു. കായിക മത്സരങ്ങളിൽ ഓരോ വിഭാഗങ്ങളിലും ഓവറോൾ ചാമ്പ്യന്മാരായ പഞ്ചായത്തിനും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മികച്ച കായികതാരത്തിനും സമ്മാനവിതരണം ചെയ്തു.

കബഡി, ഫുട്ബോൾ, വടംവലി, വോളിബോൾ എന്നീ നാല് ഇനങ്ങളിൽ തദ്ദേശ സ്വയംഭരണസ്ഥാപന അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പുരുഷ-വനിതാ ടീമുകളാണ് മൽസരങ്ങളിൽ പങ്കെടുത്തത്. അടിമലത്തുറ ജയ് ക്രൈസ്റ്റ് ഫുട്ബോൾ ഗ്രൗണ്ടിലും പുല്ലുവിള ലിയോ XIII സ്‌കൂൾ ഗ്രൗണ്ടിലുമായി രണ്ട് ദിവസങ്ങളിലായി നടത്തിയ മത്സരത്തിൽ പൂവാർ,കരുംകുളം,കോട്ടുകാൽ,ചിറയൻകീഴ്, കാരോട്, വെട്ടൂർ,തിരുവനന്തപുരം നഗരസഭാ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.

തദ്ദേശീയരായ സന്തോഷ് ട്രോഫി താരങ്ങളും മിസ്സ് ഗോൾഡൻ ഫേയ്സ് ഓഫ് സൗത്ത് ഇന്ത്യ 2024 ഫസ്റ്റ് റണ്ണർ അപ്പ് തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ട അതിഥികളായി.

അടിമലത്തുറ ജയ് ക്രൈസ്റ്റ് ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന സമാപന ചടങ്ങിൽ കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു. പൂവാർ, കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സബ് കളക്ടർ ഡോ. അശ്വതി ശ്രീനിവാസ്, അസിസ്റ്റന്റ് കളക്ടർ അഖിൽ.വി.മേനോൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ സ്റ്റേറ്റ് പ്രോജക്ട് കോഓർ ഡിനേറ്റർ രാജീവ്.ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.