കൊച്ചി: മനുഷ്യജീവന് വില കല്പിക്കാത്ത ഭരണസംവിധാനങ്ങൾക്കും രാഷ്ട്രീയ നേതൃത്വങ്ങൾക്കും ജനപ്രതിനിധികൾക്കുമെതിരെ പൊതുതെരഞ്ഞെടുപ്പിൽ വിധിയെഴുതുവാൻ ജനങ്ങൾ ഉണരണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

വന്യജീവി അക്രമങ്ങളുടെപേരിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം ദിവസംതോറും ഉയരുമ്പോൾ നിലവിലുള്ള നിയമം പോലും നടപ്പാക്കുന്നതിൽ സർക്കാർ വൻ പരാജയമാണ്. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാത്ത ഭരണനേതൃത്വങ്ങൾ മനുഷ്യമൃഗങ്ങൾക്ക് തുല്യരായി ഭരണഘടനയെ അവഹേളിക്കുന്നു. കാട്ടുമൃഗങ്ങൾ മനുഷ്യജീവനെടുക്കുമ്പോൾ മുതലക്കണ്ണീർ പൊഴിച്ച് ഒളിച്ചോടുന്ന ജനപ്രതിനിധികൾ ജനദ്രോഹികളാണ്. പാർലമെന്റിലും നിയമസഭയിലും ജനദ്രോഹ നിയമങ്ങളുണ്ടാക്കുന്ന ജനപ്രതിനിധികളേയും വന്യമൃഗങ്ങളെ വനത്തിൽ സംരക്ഷിക്കുവാൻ പരാജയപ്പെടുന്ന ഉദ്യോഗസ്ഥരേയും, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന കളക്ടർമാർ ഉൾപ്പെടെ റവന്യു അധികൃതരെയും പ്രതികളാക്കി കൊലക്കുറ്റത്തിന് കേസെടുക്കുവാൻ മനുഷ്യാവകാശ കമ്മീഷൻ തയ്യാറാകണം.

കേരളത്തിന്റെ മലയോരമേഖലയിലൊന്നാകെ വയനാട്ടിലെ പടമലയിൽ സംഭവിച്ചതുപോലെ സമാനമായ വന്യമൃഗ അക്രമങ്ങൾ ദിനംതോറും ആവർത്തിക്കുമ്പോൾ അടിയന്തര നടപടികൾക്കുപോലും ശ്രമിക്കാത്ത സർക്കാർ കെടുകാര്യസ്ഥതയും അനാസ്ഥയും, ജീവിക്കാനും, ജീവന്റെ സംരക്ഷണത്തിനുമായി നിയമം കൈയിലെടുക്കാൻ ജനങ്ങളെ നിർബന്ധിതരാക്കും. കഴിഞ്ഞ 8 വർഷത്തിനിടയിൽ സംസ്ഥാനത്ത് 909 പേർ വന്യജീവി അക്രമത്തിലൂടെ മരണപ്പെട്ടിട്ടും കണ്ണുതുറക്കാത്ത അധികാര ഉദ്യോഗസ്ഥ ധാർഷ്ഠ്യം അതിരുകടക്കുന്നു.

സിആർപിസി 133 (എഫ്) വന്യജീവി സംരക്ഷണ നിയമം 11(1) എന്നീ വകുപ്പുകൾ പ്രകാരം അപകടകാരികളായ മൃഗങ്ങളെ വെടിവെച്ചുകൊല്ലുവാൻ ഉത്തരവിറക്കി നടപ്പിലാക്കാൻ വകുപ്പുകളുണ്ടന്നിരിക്കെ, അതിനു ശ്രമിക്കാതെ മനുഷ്യജീവനെ വന്യമൃഗങ്ങൾക്ക് എറിഞ്ഞുകൊടുക്കുന്ന ഭരണ ഭീകരതയ്ക്കെതിരെ സമൂഹം സംഘടിച്ച് പ്രതികരിക്കണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.