കൊച്ചി/കാക്കനാട്: വ്യവസായ സംരംഭകർ കേരളത്തിന്റെ അംബാസഡർമാരാകണമെന്നു വ്യവസായ, നിയമ, കയർ മന്ത്രി പി രാജീവ്. അതിനു യോജിച്ച മികച്ച വ്യാവസായിക അന്തരീക്ഷമാണ് കേരളത്തിൽ സംജാതമായിട്ടുള്ളത്. സംസ്ഥാന വ്യവസായ മേഖലയിൽ മറ്റിടങ്ങളിലെ പോലെ കലുഷിത പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. പ്രതിലോമപരമായ വാർത്താപ്രചാരണ രീതിയിലും മാറ്റംവരുത്താൻ നിർബന്ധിതരാകുന്നത് വളരെ പോസിറ്റിവായ സൂചനയാണ്.

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മെഷിനറി എക്സ്പോ 2024 കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വന്തം വേദിയിൽ നടക്കുന്ന എക്സ്പോയിൽ കേരളത്തിന്റെ വ്യാവസായിക വളർച്ചയുടെ പ്രത്യക്ഷ സാക്ഷ്യങ്ങൾ ദൃശ്യമാണ്.
സംസ്ഥാനത്തെ രണ്ടു സംരംഭക വർഷങ്ങളും വിജയമായി. അഞ്ചുവർഷത്തിനിടെ എംഎസ്എംഇ മേഖലയിൽ 91000 കോടി രൂപയുടെ നിക്ഷേപമുണ്ടായി. ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതും സംരംഭക സമൂഹത്തിന് ആത്മവിശ്വാസം പകരുന്നതായി.

സ്ഥലപരിമിതി എന്ന യാഥാർഥ്യം കണക്കിലെടുക്കണം. എന്നാൽ വൈദഗ്ധ്യ നൈപുണിയിലെ മികവ് ആധാരമാക്കാനാകുന്ന വ്യവസായങ്ങൾ നടപ്പാക്കുന്നത് ലോകതലത്തിൽ കേരളത്തെ ശ്രദ്ധേയമാക്കും. എക്സ്പോർട്ട് പ്രൊമോഷൻ , ലോജിസ്റ്റിക്‌സ് , എൻവയൺമെന്റൽ -സോഷ്യൽ ഗവേണൻസ് പോളിസികൾ അടുത്തമാസം ആദ്യത്തോടെ മന്ത്രിസഭാ അംഗീകാരത്തോടെ പ്രസിദ്ധപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. നിലവിൽ 7.5 ഏക്കറിലുള്ള കിൻഫ്ര ഇന്റർനാഷനൽ എക്സിബിഷൻ സെന്റർ അഞ്ചേക്കർ കൂടി വികസിപ്പിക്കുന്നത് ആലോചിക്കുകയാണ്. ജൂലൈയിൽ കൊച്ചിയിൽ എഐ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു.

ഉമ തോമസ് എംഎൽഎ അധ്യക്ഷയായി. എക്സ്പോ ഡയറക്ടറിയുടെ ഓൺലൈൻ പ്രകാശനവും എംഎൽഎ നിർവ്വഹിച്ചു. വ്യവസായ വാണിജ്യ ഡയറക്ടർ എസ് ഹരികിഷോർ, തൃക്കാക്കര മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ രാധാമണി പിള്ള, കൗൺസിലർ എം ഒ വർഗീസ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, എംഎസ്എംഇ - ഡിഎഫ്ഒ ജോയിന്റ് ഡയറക്ടർ ജി എസ് പ്രകാശ്, ഇൻഫോ പാർക്ക് അഡ്‌മിനിസ്ട്രേഷൻ മാനേജർ റെജി കെ തോമസ്, കെഎസ്എസ്‌ഐഎ സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ദീൻ, വ്യവസായ, വാണിജ്യ അഡീഷണൽ ഡയറക്ടർമാരായ കെ എസ് കൃപകുമാർ, ജി രാജീവ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരും എക്‌സ്‌പോ സംഘാടക സമിതി ജനറൽ കൺവീനറുമായ പി എ നജീബ് എന്നിവർ പങ്കെടുത്തു.

ഈ മാസം 13 വരെ തുടരുന്ന എക്സ്പോയിൽ രാവിലെ പത്തുമുതൽ വൈകിട്ട് ഏഴുവരെ പ്രദർശനം സൗജന്യമായി കാണാം. 166 സ്റ്റാളുകളിലായി രാജ്യത്തെ നൂറിലേറെ പ്രമുഖ മെഷീൻ നിർമ്മാണ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന അതിനൂതന മെഷീനുകളുടെ പ്രദർശനവും ലൈവ് ഡെമോയും മെഷീനറി നിർമ്മാതാക്കളുമായി ആശയവിനിമയത്തിനു അവസരങ്ങളുമുണ്ട്.ഹെവി മെഷീനറികൾക്കായി 5000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ 6 ഡോമുകളായി സജ്ജീകരിച്ച വേദിയിൽ പ്രദർശനം സെക്റ്റർ അടിസ്ഥാനത്തിലാണ്. വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളുമായി ഫുഡ് കോർട്ടുകളും എക്സ്പോയിലുണ്ട്.