കൊച്ചി: ജീവിക്കാൻ വേണ്ടി ഇന്ത്യയിലെ കർഷകസമൂഹം സ്വന്തം മണ്ണിൽ നിരന്തരമായി നടത്തുന്ന പോരാട്ടങ്ങളെ ശത്രുരാജ്യ മനോഭാവത്തോടെ സൈന്യത്തെ ഇറക്കി അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുന്നത് അവിവേകമാണെന്ന് സ്വതന്ത്ര കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ്.

കഴിഞ്ഞ കർഷക പ്രക്ഷോഭത്തെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല. കാർഷികോല്പന്നങ്ങൾക്ക് ന്യായവില പ്രഖ്യാപിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. സ്വതന്ത്രവ്യാപാരക്കരാറുകളിലൂടെ കാർഷികമേഖല രാജ്യാന്തര കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്നു. കാർഷികോല്പന്നങ്ങളുടെ അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതിമൂലം ഗ്രാമീണ കാർഷികമേഖല തകർന്നടിഞ്ഞിരിക്കുമ്പോൾ ജീവിക്കാൻവേണ്ടി തെരുവിലിറങ്ങിയിരിക്കുന്ന കർഷകരുടെ പ്രതിഷേധങ്ങളെ സൈന്യത്തെ ഉപയോഗിച്ച് നേരിടുന്ന ക്രൂരതയെ എതിർക്കുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതി വ്യക്തമാക്കി.

രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്റർ കെ.വി.ബിജു, സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ 46 അംഗ കർഷകപ്രതിനിധികളാണ് കേരളത്തിൽ നിന്ന് ഡൽഹി പ്രക്ഷോഭത്തിൽ ആദ്യഘട്ടമായി പങ്കുചേരുന്നത്. 55 അംഗ രണ്ടാം പ്രതിനിധിസംഘം ഫെബ്രുവരി 18ന് ഡൽഹിയിലേയ്ക്ക് തിരിക്കും.

ഡൽഹിയിലുള്ള രാഷ്ടീയ കിസാൻ മഹാസംഘ് നേതാക്കളും സംസ്ഥാന പ്രതിനിധികളും പങ്കുചേർന്ന ഓൺലൈൻ മീറ്റിംഗിൽ ദേശീയ കോർഡിനേറ്റർ കെ.വി.ബിജു, സൗത്ത് ഇന്ത്യ കൺവീനർ അഡ്വ. വി സി. സെബാസ്റ്റ്യൻ സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ്, കൺവീനർ പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ, ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, ഡിജോ കാപ്പൻ, ജോയി കണ്ണഞ്ചിറ, ജിനറ്റ് മാത്യു, ആയാംപറമ്പ് രാമചന്ദ്രൻ, ജോർജ് സിറിയക്, ഉണ്ണികൃഷ്ണൻ ചേർത്തല, ഹരിദാസ് കല്ലടിക്കോട്,ബേബി സഖറിയാസ്, മാർട്ടിൻ തോമസ്, പി.ജെ ജോൺ മാസ്റ്റർ, സണ്ണി തുണ്ടത്തിൽ, ജോസഫ് തെള്ളിയിൽ, വർഗീസ് കൊച്ചു കുന്നേൽ ചാക്കപ്പൻ ആന്റണി, സി.റ്റി.തോമസ്, പി.രവീന്ദ്രൻ, സിറാജ് കൊടുവായൂർ, മനു ജോസഫ്, വിദ്യാധരൻ സി.വി., ജോബിൾ വടശ്ശേരി, റോസ് ചന്ദ്രൻ, അപ്പച്ചൻ ഇരുവേലിൽ, റോജർ സെബാസ്റ്റ്യൻ, ഷാജി തുണ്ടത്തിൽ എന്നിവർ സംസാരിച്ചു.

കർഷക പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നും അകാരണമായി അറസ്റ്റുചെയ്തിരിക്കുന്ന കർഷക നേതാക്കളെ ഉടൻ വിട്ടയയ്ക്കണമെന്നും രാഷ്ട്രീയത്തിനതീതമായി രാജ്യത്തെ സ്വതന്ത്ര കർഷക സംഘടനകൾ സംഘടിത ശക്തിയായി മാറുന്നത് പുതിയ പ്രതീക്ഷകളുണർത്തുന്നുവെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് ഡൽഹിയിൽ പറഞ്ഞു.