തിരുവനന്തപുരം: യു എസ് നികുതി രംഗത്തെ തൊഴിൽ അവസരങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് അസാപ് കേരള ഫെബ്രുവരി 17ന് അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ വിദേശ പ്രതിനിധികളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു കൂടിക്കാഴ്ച നടത്തി. ഉന്നത വിദ്യാഭ്യാസമേഖലയിൽ അടുത്ത അധ്യയന വർഷം മുതൽ നടപ്പിലാക്കുന്ന നാലു വർഷ ബിരുദ കോഴ്സുകളിൽ നൈപുണ്യ വികസനത്തിന് മികച്ച പരിഗണന നൽകുമെന്നും സംസ്ഥാനത്തെ മാനവവിഭവ ശേഷിയെ ആഗോളതലത്തിലുള്ള നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ നൈപുണ്യ വികസന കോഴ്സുകൾ കുറഞ്ഞ ചെലവിൽ നടപ്പിലാക്കുന്നതിനാണ് അസാപ് കേരളയുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു.

യുഎസ് നികുതി മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിൽ വർധിച്ചു വരുന്ന തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് യോഗ്യരായ യുവജനങ്ങളെ ഒരുക്കുകയാണ് അസാപ് കേരളയുടെ ലക്ഷ്യം. നിരവധി അവസരങ്ങളുള്ള എന്റോൾഡ് ഏജന്റ് (ഇ.എ.) യോഗ്യത നേടുന്നതിനുള്ള പരിശീലനം അസാപ് കേരളത്തിൽ വിജയകരമായി സംഘടിപ്പിച്ചു വരുന്നുണ്ട്. പരിശീലനത്തോടൊപ്പം ജോലി ഉറപ്പും ലഭിക്കുന്ന ഇ.എ. കോഴ്സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ പ്രവർത്തിക്കുന്ന യുഎസ് ബഹുരാഷ്ട്ര കമ്പനികളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഇ.എ. യോഗ്യതയുള്ളവർക്ക് ഉള്ളത്. നിലവിൽ 3000ഓളം പേർക്ക് ജോലി നൽകാൻ വിവിധ കമ്പനികൾ അസാപ് കേരളയുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ വിദേശ കമ്പനികൾക്ക് അവരുടെ ഓഫീസുകൾ തുറക്കുന്നതിനും കൂടുതൽ തൊഴിൽ അവസരങ്ങൾ തുറക്കുന്നതിനും വേണ്ടുന്ന സഹായ സഹകരണങ്ങൾ അസാപ് കേരള വഴി സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ഇരുകൂട്ടരും സംസാരിച്ചു.

അസാപ് കേരള സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺക്ലേവ് കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജിൽ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എം നൗഷാദ് എംഎ‍ൽഎ. അധ്യക്ഷനാകുന്ന ചടങ്ങിൽ അസാപ് കേരള സി.എം.ഡി ഉഷ ടൈറ്റസ് മുഖ്യപ്രഭാഷണം നടത്തും.

അമേരിക്കൻ നികുതി, അക്കൗണ്ടിങ് രംഗത്തെ പ്രമുഖ പരിശീലന സ്ഥാപനമായ ആയ സെർജന്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എലിസബത്ത് കോലാർ, സ്ട്രാറ്റജിക് പാർട്ണർഷിപ്‌സ് സീനിയർ ഡയറക്ടർ സീൻ മുള്ളെൻ, യു. കെ യിലെ പ്രമുഖ ഗെയിമിങ് നൈപുണ്യ പരിശീലന ദാതാക്കളായ ഫോക്കസ് ഗെയിംസ് ഡയറക്ടർ മെൽവിൻ ഫ്രാൻസിസ് ബെൽ തുടങ്ങിയവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, അസാപ് കേരളം സി എം ഡി ഡോ ഉഷ ടൈറ്റസ് എന്നിവരും സംബന്ധിച്ചു.