കൊച്ചി: ജോലിത്തിരക്കിനിടെ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത് മാധ്യമ പ്രവർത്തകർക്കിടയിലെ ഐക്യം ഊട്ടിയുറപ്പിക്കാനാകുമെന്ന് മുൻ ഇന്ത്യൻ താരവും മലയാളി ക്രിക്കറ്ററുമായ ടിനു യോഹന്നാൻ. മാനസിക-ശാരീരിക സംഘർഷങ്ങൾ കുറക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന എറണാകുളം പ്രസ് ക്ലബ്ബിന്റെ ജഴ്സി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജഴ്‌സി അവതരണവും ടീം പ്രഖ്യാപനവും (കൊച്ചിൻ ഹീറോസ്) മുൻ ഇന്ത്യൻ ക്രിക്കറ്റർ ടിനു യോഹന്നാൻ നിർവഹിച്ചു. ചടങ്ങിൽ ഡി.എൻ.എഫ്.ടി എക്‌സിക്യൂട്ടിവ് ഡയറക്ടർ മാത്യു ചെറിയാൻ സന്നിഹിതനായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്‌ള്യൂ.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് സീമ മോഹൻലാൽ ആശംസ നേർന്നു. പ്രസ് ക്ലബ് സെക്രട്ടറി എം. സൂഫി മുഹമ്മദ് സ്വാഗതവും ടീം ക്യാപ്റ്റൻ അനിൽ സച്ചു നന്ദിയും പറഞ്ഞു.

ഈ മാസം 19 മുതൽ 21 വരെ തിരുവനന്തപുരത്താണ് ജെ.സി.എൽനടക്കുന്നത്. കേരളത്തിലെ പ്രസ് ക്ലബ്ബ് ടീമുകൾ തമ്മിൽ നടക്കുന്ന ലീഗിന്റെ പ്രചരണാർത്ഥം മാധ്യമ പ്രവർത്തകരും എംഎൽഎമാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ മാധ്യമ പ്രവർത്തകരുടെ ടീം വിജയിച്ചു.