നാഗർകോവിൽ, 18-07-2023: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ചെന്നൈ റീജിയണിന്റെ ആഭിമുഖ്യത്തിൽ 'കേന്ദ്ര ഗവൺമെന്റിന്റെ ജനക്ഷേമ പദ്ധതികൾ, ലോക ജനസംഖ്യാ ദിനം, അന്താരാഷ്ട്ര ചെറുധാന്യ വർഷം, പാരിസ്ഥിതിക ബോധമുള്ള ജീവിതശൈലിക്കുവേണ്ടിയുള്ള മിഷൻ ലൈഫ് പ്രസ്ഥാനം' എന്നീ വിഷയങ്ങളിൽ നാഗർകോവിലിൽ നാല് ദിവസത്തെ ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു. 2023 ജൂലായ് 19 മുതൽ 22 വരെ കോട്ടാർ, ഇത്താമൊഴി റോഡിലുള്ള രാജകോകില തമിഴ് അരംഗത്തിൽ നടക്കുന്ന ചിത്ര പ്രദർശനത്തിനും അനുബന്ധപരിപാടികൾക്കും 19-ന് ബുധനാഴ്ച രാവിലെ 10.30-ന് തുടക്കമാകും.

കന്യാകുമാരി പാർലമെന്റ് അംഗം വി. വിജയ് വസന്ത്, തമിഴ്‌നാട് ക്ഷീര, ക്ഷീര വികസന വകുപ്പ് മന്ത്രി ടി മനോ തങ്കരാജ്, ജില്ലാ കലക്ടർ  എൻ ശ്രീധർ ഐഎഎസ്, നാഗർകോവിൽ എംഎൽഎ . എം ആർ. ഗാന്ധി, നാഗർകോവിൽ കോർപ്പറേഷൻ ഈസ്റ്റ് ചെയർമാൻ  അഗസ്റ്റിന കോകിലവാണി, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ & പ്രസ് ഇൻഫർമേഷൻ ബ്യൂറോ, ദക്ഷിണ മേഖല ഡയറക്ടർ ജനറൽ. വി. പളനിച്ചാമി ഐഐഎസ് തുടങ്ങിയവർ പങ്കെടുക്കും.

വിവിധ വിഷയങ്ങളിൽ നേരത്തെ വിവിധ കോളേജുകളിൽ നടത്തിയ ചിത്രരചനാ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകും.തപാൽ വകുപ്പ്, ബിഎസ്എൻഎൽ, ഐസിഡിഎസ്, സാമൂഹ്യക്ഷേമ വകുപ്പ്, ഉൾപ്പെടെ വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകളുടെ സ്റ്റാളുകളും പ്രദർശന സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. തപാൽ വകുപ്പിന്റെ സ്റ്റാളിൽ ആധാർ രജിസ്‌ട്രേഷനും ആധാർ തിരുത്തലിനും അവസരമൊരുക്കിയിട്ടുണ്ട്. ദിവസവും രാവിലെയും വൈകുന്നേരവും നടക്കുന്ന ഓരോ സെഷനിലും വിവിധ വിഷയങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ പ്രഭാഷണങ്ങൾ, കലാപരിപാടികൾ, മത്സരങ്ങൾ, പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണം എന്നിവയുണ്ടാകും.

ബാങ്കിങ് സാക്ഷരത, നൈപുണ്യ വികസനം, സ്വയം തൊഴിൽ, ചെറുകിട സംരംഭങ്ങൾ, ഇന്ത്യൻ റെയിൽവേ, പോസ്റ്റ് ഇന്ത്യ പേയ്മെന്റ് ബാങ്ക് തുടങ്ങി വിവിധ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ക്ലാസുകളാണ് സെഷനിലുണ്ടാവുക.

2023 ജൂലായ് 22 ശനിയാഴ്ച വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രദർശനം വീക്ഷിക്കാം.