കൊച്ചി: ഐഐടി മദ്രാസും ഐഐടി-എം പ്രവർത്തക് ടെക്‌നോളജീസ് ഫൗണ്ടേഷനും ചേർന്നു നടത്തുന്ന സിമ്പോസിയത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. 'ആർഐഎസ് സി- വി യിലൂടെ ഇന്ത്യയിലെ ഇലക്ട്രോണിക്‌സിന്റെ ഭാവി' എന്ന വിഷയത്തിൽ നടത്തുന്ന 'ഡിജിറ്റൽ ഇന്ത്യ ആർഐഎസ് സി-വി' സിമ്പോസിയത്തിലേക്ക് വിദ്യാർത്ഥികൾ, വ്യവസായ പ്രൊഫഷണലുകൾ, ഗവേഷകർ എന്നിവർക്ക് അപേക്ഷിക്കാം. ചെന്നൈയിലെ തരമണിയിലുള്ള ഐഐടി മദ്രാസ് റിസർച്ച് പാർക്കിൽ 2023 ഓഗസ്റ്റ് 6-നാണ് പരിപാടി.

ഓപ്പൺ സ്റ്റാൻഡേർഡ് സഹകരണത്തിലൂടെ പ്രോസസർ ഡിസൈൻ നവീകരണത്തിന്റെ ഒരു പുതിയ യുഗത്തെ പ്രാപ്തമാക്കുന്ന ആർ ഐ എസ് സി -വി ഡിസൈനിനെ അടിസ്ഥാനമാക്കി അത്യാധുനിക പ്രോസസറുകൾ രൂപകൽപ്പന ചെയ്യുന്ന മുൻനിര കമ്പനികളിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് 'ആർ ഐ എസ് സി -വി' ഐ എസ് എ (ഇൻസ്ട്രക്ഷൻ സെറ്റ് ആർക്കിടെക്ചർ) യിലെ വൈദഗ്ദ്ധ്യം പ്രധാനമാണ്. ഇത്തരത്തിൽ ഇന്ത്യയിൽ വളരുന്ന ആർ ഐ എസ് സി -വി ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നേടുന്നതിനുള്ള നല്ലൊരു വേദിയായ ഈ പരിപാടിയിൽ പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്.

ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, സ്‌കിൽ ഡെവലപ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടി എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും പരിപാടിയെ അഭിസംബോധന ചെയ്യും. https://pravartak.org.in/dirv_tech_confluence_registration എന്ന ലിങ്ക് ഉപയോഗിച്ച് താൽപ്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.