തിരുവനന്തപുരം: കോൾഡ് കേസിനും കുരുതിക്കും പിന്നാലെ പൃഥ്വിരാജിന്റെ മറ്റൊരു ചിത്രം കൂടി ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഭ്രമമാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. ഒടിടി വിവരങ്ങൾ നൽകുന്ന 'ലെറ്റ്‌സ് ഒടിടി ഗ്ലോബൽ' ആണ് ഭ്രമം ഒരു ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന വിവരം പങ്കുവെച്ചത്. ആമസോൺ പ്രൈമിലൂടെയാവും ചിത്രം എത്തുക എന്നാണ് വിവരം.

ബോളിവുഡിൽ മികച്ച വിജയം നേടിയ ആയുഷ്മാൻ ഖുറാനയുടെ 'അന്ധാധുനി'ന്റെ റീമേക്ക് ആണ് ഭ്രമം. റാഷി ഖന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രവി കെ ചന്ദ്രൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം എ പി ഇന്റർനാഷണൽ ആണ് നിർമ്മിച്ചിരിക്കുന്നത്.

ശ്രീറാം രാഘവന്റെ സംവിധാനത്തിൽ 2018ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ മലയാളം റീമേക്കിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശരത് ബാലൻ ആണ്. എഡിറ്റിങ് ശ്രീകർ പ്രസാദ്. സംഗീതം ജേക്‌സ് ബിജോയ്. മംമ്ത മോഹൻദാസ്, സുരഭി ലക്ഷ്മി, അനന്യ, ശങ്കർ, സുധീർ കരമന എന്നിങ്ങനെയാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.