ചെന്നൈ: പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനും ഭാര്യക്കും എതിരായ ആദായനികുതി കേസ് മദ്രാസ് ഹൈക്കോടതി അവസാനിപ്പിച്ചു. ചെന്നൈയ്ക്ക് അടുത്തുള്ള വസ്തു വിറ്റതിനെ തുടർന്ന് 7 കോടി രൂപയുടെ പണമിടപാടുകൾ വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടികൾ വന്നത്.

നടപടികൾ അനവസരത്തിൽ ഉള്ളതെന്നും നിലനിൽക്കുന്നതല്ലെന്നും കോടതി വിധിച്ചു. ശരിയായ വിലയിരുത്തലിന് ശേഷം ആവശ്യമെങ്കിൽ ബന്ധപ്പെട്ട അധികാര സ്ഥാപനത്തിന് നടപടികൾ എടുക്കാമെന്നും കോടതി പറഞ്ഞു.

ശിവഗംഗയിൽ നിന്നുള്ള എംപിയായ കാർത്തി ചിദംബരത്തിനും ഭാര്യ ശ്രീനിധിക്കും 6.38 കോടിയും, 1.35 കോടിയും വീതം വസ്തുവിൽപ്പനയിലൂടെ കിട്ടിയെന്നും ഇത് ആദായനികുതി അസസ്‌മെന്റിൽ വെളിപ്പെടുത്തുകയോ, നികുതി അടയ്ക്കുകയോ ചെയ്തില്ലെന്നും ആയിരുന്നു കേസ്.

2015-16 സാമ്പത്തിക വർഷമാണ് ഇരുവർക്കും എതിരെ ആദായനികുതി വകുപ്പ് ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ തുടങ്ങിയത്. എന്നാൽ, നടപടിക്രമങ്ങളിലെ വീഴ്ച കൊണ്ട് കേസ് തള്ളേണ്ടതാണെന്ന് ദമ്പതികൾ വാദിച്ചു. തെറ്റായ റിട്ടേൺ സമർപ്പിക്കുന്നതിനാണ് പ്രോസിക്യൂഷൻ നടപടി ആരംഭിച്ചതെന്നാണ് കാർത്തിയും ഭാര്യയും വാദിച്ചത്. ഇത് ഇന്ത്യൻ പീനൽ കോഡ് പ്രകാരം കോടതിക്ക് മുന്നിൽ തെറ്റായ തെളിവുകൾ നൽകിയ കുറ്റത്തിന് തുല്യമാണ്. ആദായനികുതി നിയമപ്രകാരം അസെസിങ് ഓഫീസറുടെ നടപടികൾ സിവിൽ കോടതിയുടെ നടപടിയാണെന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് അസസിങ് ഓഫീസറാണ് പ്രോസിക്യൂഷൻ നടപടികൾ തുടങ്ങേണ്ടിയിരുന്നതെന്നും ഇരുവരും വാദിച്ചു.

എന്നാൽ, ഈ കേസിൽ ആദായനികുതി വകുപ്പ് അന്വേഷണവിഭാഗം ഡപ്യൂട്ടിഡയറക്ടറാണ് നടപടികൾ തുടങ്ങിയത്. ഇതാണ് കോടതി കേസ് തള്ളാൻ കാരണം.