ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യസംയുക്ത സൈനിക മേധാവിയായിരുന്ന ബിപിൻ റാവത്തി(63)ന്റെ രാജ്യത്തെ ശരിക്കും ഞെട്ടിക്കുന്നുണ്ട്. സൈനിക ഹെലികോപ്ടർ അപകടത്തിൽ പെട്ടാണ് രാജ്യത്തിന്റെ വീരപുത്രൻ വീരചരമം അടഞ്ഞത്. ഒരിക്കൽ ഹെലികോപ്ടർ അപകടത്തിൽ നിന്നും രക്ഷപെട്ട ബിപിൻ റാവത്ത് ഇക്കുറിയും മടങ്ങി വരുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമായിരുന്നു രാജ്യം. എന്നാൽ, വൈകീട്ടോടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു കൊണ്ടുള്ള അറിയിപ്പാണ് പുറത്തുവന്നത്. ഇത് രാജ്യത്തെ ശരിക്കും ദുഃഖത്തിലാഴ്‌ത്തുകുയം ചെയ്തു.

മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാർച്ചിലാണ് ബിപിൻ റാവത്ത് നിയമിതനാകുന്നത്. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനം സ്വീകരിച്ചത്. ഇന്ത്യൻ സായുധ സേനയുടെ മേൽനോട്ടം വഹിക്കുകയും സർക്കാരിന്റെ സൈനിക ഉപദേശകനായി പ്രവർത്തിക്കുകയുമാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല. അതായത് സൈന്യത്തിലെ നമ്പർ വൺ. അതിലുപരി ഈ അടുത്ത കാലത്ത് ഇന്ത്യ നടത്തിയ നിർണ്ണായക സൈനിക നീക്കങ്ങളുടെ ചാലക ശക്തി. ചൈനയുടേയും പാക്കിസ്ഥാന്റേയും വെല്ലുവിളികളെ തിരിച്ചറിഞ്ഞ ബിപിൻ റാവത്ത് ഇന്ത്യൻ സൈന്യത്തിന് നൽകിയത് കരുത്തും ആവേശവുമായിരുന്നു. അങ്ങനെയുള്ള വീരപുത്രനെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്.

സർജിക്കൽ സ്‌ട്രൈക്കിന് പിന്നിലെ സൂത്രധാരൻ

നിർദ്ദേശം കിട്ടിയാൽ പാക്ക് അധിനിവേശ കശ്മീർ ആക്രമിക്കാൻ തയാറാണെന്ന് പറഞ്ഞ കരസേനാ മേധാവിയായിരുന്നു ബിവൻ റാവത്ത്. കരസേനാ മേധാവിയായി ചുമതല ഏറ്റെടുത്ത് മണിക്കൂറുകൾക്കു ശേഷം, ഭീകര പ്രവർത്തനത്തിനു പണം നൽകുന്നത് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന് അദ്ദേഹം മുന്നറിയിപ്പു നൽകി. യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തുമെന്ന സൂചനയും നൽകി. ഭീകരാക്രമണത്തിനെതിരെ ഇന്ത്യ നൽകിയ മിന്നലാക്രമണ മറുപടിയുടെ സൂത്രധാരൻ കൂടിയാണ് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്.

ഉറി ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനിൽ തിരിച്ചടി നൽകാൻ സർജിക്കൽ സ്‌ട്രൈക്ക് ആസൂത്രണം ചെയ്തത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും റാവത്തും ചേർന്നാണ്. 1999 ലെ കാർഗിൽ യുദ്ധത്തിനു ശേഷമാണ് മൂന്നു സേനകളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചർച്ചയായത്. ഈ കാലയളവിൽ മൂന്നു സേനകളും തമ്മിൽ കൃത്യമായ ആശയ വിനിമയം ഉണ്ടായിരുന്നില്ലെന്ന് ഇതേക്കുറിച്ച് പഠിച്ച കാർഗിൽ റിവ്യൂ കമ്മിറ്റി കണ്ടെത്തിയിരുന്നു. 2016 സെപ്റ്റംബർ 18നായിരുന്നു ഉറിയിൽ ഭീകരാക്രമണം നടന്നത് തുടർന്ന് 10 ദിവസത്തെ ആസൂത്രണങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യ പ്രത്യാക്രമണം നടത്തുകയായിരുന്നു.

രാഷ്ട്രീയ അഭിപ്രായം രേഖപ്പെടുത്തിയ കരസേന മേധാവി

പതിവിൻ നിന്നും വിപരീതമായി രാഷ്ട്രീയ അഭിപ്രായം രേഖപ്പെടുത്തിയ കരസേന മേധാവിയായിരുന്നു ബിവിൻ റാവത്ത്. രാജ്യത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ ബിപിൻ റാവത്ത് നടത്തിയ പരാമർശം ഏറെ ചർച്ചയായി. പിന്നീട് കേന്ദ്രസർക്കാർ പുതുതായി രൂപം നൽകിയ സംയുക്ത സേനാധിപൻ (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സിഡിഎസ്) എന്ന പദവിയിലേക്കു കരസേനാ മേധാവി സ്ഥാനമൊഴിഞ്ഞ ജനറൽ ബിപിൻ റാവത്ത് നിയമിതനാകുകയും ചെയ്തു. ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവർ നേതാക്കളല്ലെന്നും, അക്രമങ്ങൾ നടത്താൻ ജനക്കൂട്ടത്തെ വിദ്യാർത്ഥികൾ നയിക്കുന്നത് നല്ലതല്ലെന്നുമായിരുന്നു റാവത്തിന്റെ വിവാദം പ്രസ്താവന.

കാർഗിൽ യുദ്ധത്തിന് ശേഷമാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവി വേണമെന്ന നിർദ്ദേശമുയർന്നത്. വിവിധ സൈനിക വിഭാഗങ്ങളെ ഏകോപിപ്പിക്കാനും അതിന്റെയെല്ലാം തലവനായി പ്രവർത്തിക്കാനും സർക്കാരിന്റെ സൈനിക ഉപദേഷ്ടാവായും ഉദ്യോഗസ്ഥനെ നിയമിക്കണമെന്നായിരുന്നു നിർദ്ദേശം. മനോഹർ പരീക്കർ പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്. ഇത് റാവത്ത് വിരമിച്ചപ്പോൾ മോദി സർക്കാർ യാഥാർത്ഥ്യമാക്കുകയും ചെയ്തു.

അതിർത്തി കടന്നുള്ള സർജിക്കൽ സ്‌ട്രൈക് പാക്കിസ്ഥാനെയും, ശത്രുരാജ്യങ്ങളെയും ഏറെ അമ്പരിപ്പിച്ച വലിയ സേനാ നീക്കമായിരുന്നു. ഈ നീക്കത്തിന് സർക്കാരിന് ധൈര്യവും ഊർജ്ജവും നൽകിയത് റാവത്തിന്റെ സാന്നിധ്യമായിരുന്നു. മണിപ്പൂരിൽ 18 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയ നാഗാ തീവ്രവാദികളെ മ്യാന്മർ അതിർത്തി കടന്ന് കൊലപ്പെടുത്തിയ ഓപ്പറേഷൻ ഇന്ത്യൻ സേനയ്ക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ദീമാപൂർ കേന്ദ്രമാക്കി അന്ന നടത്തിയ ഓപ്പറേഷന് തന്ത്രങ്ങളൊരുക്കിയത് അജിത് ഡോവലിനൊപ്പം റാവത്തായിരുന്നു. അന്ന് അക്രമണത്തിന് ചുക്കാൻ പിടിച്ച ത്രീ കോർപ്പ്‌സ് കമാൻഡറായിരുന്നു അദ്ദേഹം.

പിഒകെയിൽ നടന്ന സർജിക്കൽ സ്‌ട്രൈക്കിന്റെ നിയന്ത്രണം വഹിച്ചത് റാവത്തായിരുുന്നു. മിന്നലാക്രമണം നിയന്ത്രിച്ചിരുന്ന ഡിജിഎംഒ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത് കരസേന ഉപമേധാവിയായിരുന്ന ബിപിൻ റാവത്തിനായിരുന്നു. 2015 ൽ നടന്ന ഓപ്പറേഷന് ശേഷമാണ് റാവത്ത് കരസേനയുടെ ഉപമേധാവിയാകുന്നത്. ഭീകരതയെ ചെറുക്കാനും ശക്തമായി തിരിച്ചടിക്കാനും അതീവ തന്ത്രശാലിയാണ് റാവത്ത് എന്ന കരിയർ ഗ്രാഫ് പരിഗണിച്ചാണ് കേന്ദ്രം അദ്ദേഹത്തെ സേനാമേധാവിയാക്കിയത്. സർജിക്കൽ സട്രൈക് പോലുള്ള ഇത്തരം ഓപ്പറേഷൻസ് നടക്കുമ്പോൾ ആസൂത്രണവും അനുഭവസമ്പത്തും ആണ് നിർണായകമായത്.

രാജ്യത്തിന് പുറത്തും മികവ്

രാജ്യത്തിന് പുറത്ത് ഓപ്പറേഷൻ അന്തരീക്ഷത്തിൽ, യുദ്ധ സാഹചര്യങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച റാവത്ത്, സമാനമായ മേഖലകളിൽ രാജ്യത്തിന്റെ സുരക്ഷയിലും നിർണായക പോസ്റ്റുകളിൽ ഇരുന്നിട്ടുണ്ട്. പാക്കിസ്ഥാൻ ആക്രമണം നടത്തിയ ഉറി മേഖലയിലെ നിയന്ത്രണ രേഖയിൽ സേനാ കമ്പനിയുടെ കമാൻഡറായിരുന്നു റാവത്ത്. കിബിതുവിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ ബ്രിഗേഡ് കമാൻഡറായും രാഷ്ട്രീയ റൈഫിൾസിന്റെ ബ്രിഗേഡ്-സെക്ടർ കമാൻഡറായുമെല്ലാം അതീവജാഗ്രത പാലിക്കുന്ന സേനാ വ്യൂഹങ്ങളെ നിയന്ത്രിച്ചിട്ടുണ്ട് റാവത്ത്. 2008-09 കാലത്ത് യുഎൻ സമാധാന സേനയിൽ ഉണ്ടായിരുന്നു. കോംഗോയിലെ സമാധാന ദൗത്യത്തിൽ ഇന്ത്യൻ ബ്രിഗേഡിന്റെ നേതൃത്വം വഹിച്ചിരുന്നു.

ഈസ്റ്റേൺ കമാൻഡ് മേധാവിയായ വേളയിലുൾപ്പെടെ പ്രവർത്തിച്ച മേഖലകളിലെല്ലാം കഴിവുതെളിയിച്ച വ്യക്തിയാണ് റാവത്ത്. ഇത്തരം പ്രത്യേകതകൾ കൊണ്ടുതന്നെ യുദ്ധസാഹചര്യങ്ങൾ കൈകാര്യം ചെയ്തുള്ള പരിചയവും അദ്ദേഹത്തിനുണ്ടായിരുന്നു. 1958 മാർച്ച് 16 ന് ഉത്തരാഖണ്ഡിലെ പൗരിയിലാണ് റാവത്തിന്റെ ജനനം. ഡെറാഡൂണിലെ കേംബ്രിയൻ ഹാൾ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വേർഡ് സ്‌കൂളിലുമായിരുന്നു പഠനം. തുടർന്ന് ഖഡക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ സ്വോർഡ് ഓഫ് ഓണർ നൽകി ആദരിച്ചു പിതാവിന്റെ പാത പിന്തുടർന്നാണ് ജനറൽ റാവത്ത് ഇന്ത്യൻ ആർമിയിലെ ഏറ്റവും ഉയർന്ന പദവിയിലേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ പിതാവ് ലഫ്റ്റനന്റ് ജനറൽ ലക്ഷ്മൺ സിങ് റാവത്ത് 1988-ൽ വൈസ് ചീഫ് ഓഫ് ആർമി ജീവനക്കാരനായാണ് വിരമിച്ചത്.

മീറ്റിലെ ചൗധരി ചരൻ സിങ്ങ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിരുന്നു. മിലിറ്റിറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിലെ ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഇന്ത്യൻ ആർമിയിലെ അസാധാരണസേവനങ്ങൾക്ക് പരം വിശിഷ്ടസേവാ മെഡലും ഉത്തം യുദ്ധ് സേവ മെഡലും അദ്ദേഹത്തെ തേടിയെത്തി. നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നിരവധി അന്താരാഷ്ട്ര ഉഭയകക്ഷി സന്ദർശനങ്ങളുടെ ഭാഗമായിരുന്നു ജനറൽ റാവത്ത്. നേപ്പാളി ആർമിയിൽ ഓണററി ജനറൽ കൂടിയായിരുന്നു അദ്ദേഹം.