ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ മൂന്ന് അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ പ്രേക്ഷകറിൽ ആകാംഷയുണർത്തി സംഭവബഹുലമായി മുന്നോട്ട്.സീസണിൽ ഏറ്റവും ജനപ്രീതി നേടിയ മത്സരാർഥികളിൽ ഒരാളായ നടൻ മണിക്കുട്ടന്റെ അപ്രതീക്ഷിത പുറത്ത് പോകലാണ് ബിഗ്‌ബോസ് ഹൗസിനെ ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്. താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ ഏറെ ഞെട്ടലോടെയും കണ്ണീരോടെയുമാണ് മത്സരാർത്ഥികൾ കേട്ടത്.

ഏറെ നേരത്തെ റിക്വിസ്റ്റിന് പിന്നാലെയാണ് മണിക്കുട്ടനെ ഇന്ന് ബിഗ് ബോസ് കൺഫക്ഷൻ റൂമിലേക്ക് വിളിച്ചത്. പിന്നാലെ സന്ധ്യയുമായി ബന്ധപ്പെട്ട കാര്യമായിരുന്നു താരം ബിഗ് ബോസിനോട് പറഞ്ഞത്.'ഇതെന്റെ ഫൈനൽ തീരുമാനമാണ്. സന്ധ്യയും ഞാനുമായി യാതൊരു വിധ വിരോധവും ഇല്ല. ഇവിടെ ഉള്ള എല്ലാ സ്ത്രീകളെയും ബഹുമാനിക്കുകയും ടാസ്‌ക്കിൽ വരെ അവരെ സഹായിക്കുകയും ചെയ്യാറുണ്ട്. കലയെ കല എന്ന രീതിയിൽ തന്നെ മനസ്സിലാക്കിയിട്ടുണ്ടോ എന്നാണ് സന്ധ്യയോട് ചോദിച്ചത്. കല നിഷ്‌കളങ്കമായൊരു കാര്യമാണ്. കലാകാരിക്കും കലാകാരനും സമൂഹത്തോട് മറ്റുള്ളവരെക്കാളും ഇരട്ടി പ്രതിബന്ധത ഉണ്ടായിരിക്കണം.അത്രത്തോളം സ്‌നേഹമാണ് ജനങ്ങൾ നമുക്ക് തരുന്നത്. സന്ധ്യ അന്ന് നോൺവെജായ ഭക്ഷണത്തിന് മുന്നിൽ ഇരുന്ന് കരഞ്ഞത് എനിക്ക് വളരെയധികം വേദനിപ്പിച്ചു. മത്സ്യത്തിനോട് ഇങ്ങനെ കാണിക്കുമ്പോ അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്ക് എന്ത് മാത്രം വേദന ഉണ്ടാകും. ഇതാണ് അന്ന് നാട്ടുക്കൂട്ടം ടാസ്‌ക്കിലും ഞാൻ പറഞ്ഞത്. ഇനി എനിക്ക് ഈ പ്ലാറ്റ്‌ഫോമിൽ നിൽക്കാൻ ഭയമാണ്. ഞാൻ ഇവിടെ പറഞ്ഞ കാര്യങ്ങളിലും നിലപാടുകളിലും പൂർണ്ണ വിശ്വാസം ഉണ്ട്. അക്കാര്യത്തിൽ ഞാൻ ആരെയും ഭയക്കുന്നില്ല' എന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത്.

'ഇവിടെ നിങ്ങൾ ചെയ്യുന്ന പ്രവൃത്തികളും നിലപാടുകളും പ്രേക്ഷകർ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ സ്വപ്നങ്ങൾക്ക് പിന്നാലെ യാത്ര തിരിക്കുക. അതിന് മറ്റൊന്നും തടസ്സമാകാൻ പാടില്ല. ഇവിടെ ആരും വ്യക്തിപരമായി നിങ്ങൾക്കെതിരെ അല്ല. അതാണ് ഈ ഗെയിം. അതാദ്യം നിങ്ങൾ മനസ്സിലാക്കുക' എന്നാണ് ബിഗ് ബോസ് പറഞ്ഞത്.

'എനിക്ക് ഇനി നിൽക്കാൻ പറ്റില്ല. നിങ്ങൾ സമ്മതിച്ച് ഞാൻ ഇവിടെ നിന്ന് പോകയാണെങ്കിൽ, പതിനഞ്ച് വർഷത്തെ എന്റെ സിനിമാ ജീവിതം ഞാൻ ഇവടെ വച്ചിട്ട് പോകും. പ്രേക്ഷകർ എനിക്ക് വലിയൊരു സപ്പോർട്ടാണ് ചെയ്തത്. ഇവിടെയും അവരെന്നെ സപ്പോർട്ട് ചെയ്തു. എന്നെ അവർക്ക് മനസ്സിലാക്കാൻ പറ്റും' എന്നായിരുന്നു മണിക്കുട്ടന്റെ മറുപടി. പിന്നാലെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ബിഗ് ബോസ് ശ്രമിച്ചുവെങ്കിലും തിരികെ പോകണമെന്ന തീരുമാനത്തിൽ മണിക്കുട്ടൻ ഉറച്ച് നിൽക്കുകയായിരുന്നു. പിന്നാലെ മണിക്കുട്ടൻ കൺഫക്ഷൻ റൂം വഴി തന്നെ പുറത്തേക്ക് പോകുകയും ചെയ്തു.

തുടർന്ന് ലിവിങ് ഏരിയയിൽ വരാൻ പറഞ്ഞ ബിഗ്‌ബോസ് മണിക്കുട്ടൻ പോയ വിവരം മത്സരാർത്ഥികളെ അറിയിക്കുകയായിരുന്നു. ഏറെ ഞെട്ടലോടെയാണ് ഈ വാർത്ത മത്സരാർത്ഥികൾ കേട്ടത്. മണിക്കുട്ടനെ കാണാൻ അനുവദിക്കുമോന്നും ഇവർ ചോദിക്കുന്നുണ്ട്. പിന്നാലെ ഇത് മണിക്കുട്ടന്റെ മാത്രം ആഗ്രഹവും ആവശ്യവും ആയിരുന്നുവെന്നും ബിഗ് ബോസ് അറിയിച്ചു. പിന്നീട് പൊട്ടിക്കരയുന്ന ഡിംപലിനെയും സൂര്യയേയുമാണ് കാണാനായത്. മറ്റുള്ളവർ ഇവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല.

'തിരിച്ച് വാ മണിക്കുട്ടാ..'എന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് സൂര്യ ചെയ്തത്. 'എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ ഡിംപലിനെക്കാൾ കൂടുതൽ എന്നോട് വന്ന് പറയാറുള്ളതാ. എനിക്ക് മണിക്കുട്ടനെ കാണം സോറി പറയണം. ഒന്ന് യാത്ര പറയാൻ പോലും അവസരം തന്നില്ല' എന്നാണ് കരഞ്ഞുകൊണ്ട് സൂര്യ പറഞ്ഞത്. ഫിറോസും ഋതുവും സമാധാനിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. രമ്യ പോയിട്ട് തിരിച്ച് വന്നത് പോലെ മണിക്കുട്ടനും തിരിച്ച് വരുമെന്നും ഫിറോസ് പറയുന്നു.

ഒരുവാക്ക് പോലും പറയാതെ തന്റെ മുഖത്ത് ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്ത്‌ പോയല്ലോ എന്നു പറഞ്ഞാണ് ഡിംപൽ നിയന്ത്രണം വിട്ടത്.ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഡിംപലിനെ മറ്റു മത്സരാർത്ഥികൾ ആശ്വസിപ്പിച്ചത്.