പട്‌ന: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ബിഹാറിൽ നിന്നുള്ള അതിഥി തൊഴിലാളികൾക്ക് നിർദേശവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. നാട്ടിലേക്കു മടങ്ങി വരാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം തിരിച്ചെത്തണമെന്നാണ് നിതീഷ് കുമാർ അറിയിച്ചത്. കോവിഡ് വ്യാപനം പ്രതിരോധിക്കാൻ വാരന്ത്യ ലോക്ഡൗണും രാത്രി കർഫ്യൂവും ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം.

മുംബൈയിലും പുണെയിലുംനിന്ന് പത്തിലേറെ സ്‌പെഷൽ ട്രെയിനുകൾ ഈയാഴ്ച ബിഹാറിൽ എത്തുന്നുണ്ട്. രാജ്യവ്യാപകമായി വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുമോയെന്ന ആശങ്കയിൽ മഹാരാഷ്ട്ര, ഡൽഹി എന്നിവടങ്ങളിൽനിന്നു അതിഥി തൊഴിലാളികൾ ബിഹാറിലേക്കു തിരിച്ചെത്തുന്നുണ്ട്. അതിഥി തൊഴിലാളികളുടെ മടങ്ങി വരവിനെ തുടർന്നു ബിഹാറിൽ കോവിഡ് രോഗികളുടെ സംഖ്യയിൽ വൻതോതിൽ വർധനവുണ്ടാകുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ആറായിരത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ആദ്യഘട്ടത്തിലേക്കാൾ രൂക്ഷമാണു സ്ഥിതിഗതികൾ. കോവിഡ് രണ്ടാം വ്യാപനം നേരിടാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ ഗവർണർ ശനിയാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

പ്രതിപക്ഷ കക്ഷികളുടെ കൂടി സഹകരണം ഉറപ്പു വരുത്തിയ ശേഷമാകും നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുക. കോവിഡ് ലോക്ഡൗൺ കാലത്ത് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം നടത്തിയ പശ്ചാത്തലം കണക്കിലെടുത്താണ് ഇത്തവണ പ്രതിപക്ഷ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമം.