ന്യൂഡൽഹി: സർക്കാർ സർവീസുകളിലേക്ക് നടത്തുന്ന മത്സര പരീക്ഷകളുടെ പ്രിലിമിനറി പരീക്ഷ വിജയിക്കുന്ന ജനറൽ വിഭാഗത്തിലെ വനിതകൾക്ക് പ്രോത്സാഹനമായി ലക്ഷം രൂപ നൽകാൻ ഒരുങ്ങി ബിഹാർ സർക്കാർ. വനിത-ശിശു വികസന കോർപറേഷനാണ് മെയിൻ പരീക്ഷക്ക് യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് തുക നൽകുന്നത്. മെയിൻ പരീക്ഷ, അഭിമുഖം എന്നിവക്ക് ഒരുങ്ങാൻ വേണ്ടിയാണ് തുക അനുവദിക്കുന്നത്.

യു.പി.എസ്.സി, ബി.പി.എസ്.സി പരീക്ഷകളിൽ മികച്ച പ്രകടനം നടത്തുന്നതിനായി വനിത ഉദ്യോഗാർഥികളെ പ്രചോദിപ്പിക്കാൻ വേണ്ടിയാണ് പദ്ധതിയെന്ന് ഡബ്ല്യു.സി.ഡി.സി എം.ഡി ഹർജോത് കൗർ ബംഹാര പറഞ്ഞു. 2021ൽ നടത്തിയ പരീക്ഷകളിൽ വിജയിച്ചവർക്ക് അപേക്ഷിക്കാം.

നിലവിൽ സിവിൽ സർവീസ് പരീക്ഷ പ്രോത്സാഹന പദ്ധതികളുടെയോ ഗ്രാന്റുകളുടെയോ ഗുണഭോക്താക്കളായവർക്ക് അപേക്ഷിക്കാനാവില്ല. മുമ്പ് എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് ഇത്തരത്തിൽ പ്രോത്സാഹനം നൽകിയിരുന്നു. ഇപ്പോൾ പദ്ധതി ബാക്കി വനിത ഉദ്യോഗാർഥികളിലേക്ക് കൂടി ദീർഘിപ്പിക്കുകയായിരുന്നു.

തുക നേരിട്ട് ഉദ്യോഗാർഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഡിസംബർ മൂന്ന് വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.