പട്‌ന: ഹൈക്കോടതി കണക്കു ചോദിച്ചതോടെ ബിഹാറിലെ കോവിഡ് മരണസംഖ്യ കുതിച്ചുയർന്നു. ബക്‌സർ ജില്ലയിലെ കോവിഡ് മരണസംഖ്യയിലെ ക്രമക്കേട് ശ്രദ്ധയിൽപെട്ടതോടെ ഹൈക്കോടതി നിർദേശിച്ചതനുസരിച്ചു സംസ്ഥാന ആരോഗ്യ വകുപ്പു സംസ്ഥാന വ്യാപകമായി നടത്തിയ പുനഃപരിശോധനയിലാണ് യഥാർഥ മരണസംഖ്യയിൽ 70 ശതമാനത്തിലധികം വർധന കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വരെയുള്ള കോവിഡ് മരണസംഖ്യ 5500 എന്നു രേഖപ്പെടുത്തിയിരുന്ന ആരോഗ്യ വകുപ്പ് മരണസംഖ്യ 9429 എന്നു തിരുത്തി. സ്വകാര്യ ആശുപത്രികളിലും വീടുകളിൽ മരിച്ച കോവിഡ് രോഗികളുടെ എണ്ണം നേരത്തേ കണക്കിൽപെടുത്തിയിരുന്നില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

കഴിഞ്ഞ മൂന്നാഴ്ചയായി ആരോഗ്യ വകുപ്പ് മരണ വിവരങ്ങൾ പുനഃപരിശോധിച്ച ശേഷമാണു പുതിയ കണക്കു പുറത്തുവിട്ടത്. കോവിഡ് ഭേദമായതിനു ശേഷമുണ്ടായ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നുണ്ടായ മരണങ്ങളും കണക്കിൽ ചേർത്തിട്ടുണ്ട്.