തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തിരുവനന്തപുരം വഴയിലയിൽ മൂന്നു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിൻ (16), പേരൂർക്കട സ്വദേശികളായ ബിനീഷ് (16), മുല്ലപ്പൻ (16) എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാല് മണിക്കാണ് സംഭവം. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം വഴയില വളവിൽവെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്ന് തെന്നിമാറി സമീപമുള്ള കുറ്റിക്കാട്ടിലേക്ക് കയറി മരത്തിൽ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു.

അമിത വേഗതയിൽ എത്തിയ ബൈക്ക് നിയന്ത്രണം തെറ്റി റോഡിനരികിലുള്ള മരത്തിലിടിക്കുകയും തുടർന്ന് കുഴിയിലേക്ക് വീഴുകയായിരുന്നു. ബൈക്കും അതിലുണ്ടായിരുന്ന മൂന്ന് പേരും ഇടിയുടെ ആഘാതത്തിൽ കുഴിയിലേക്ക് തെറിച്ചു വീണു. അപകടം കണ്ട് മറ്റു യാത്രക്കാരും നാട്ടുകാരും ചേർന്ന് മൂന്ന് പേരേയും ഉടനെ തന്നെ പേരൂർക്കട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല.

ബിനീഷ്, സ്റ്റെഫിൻ, മുല്ലപ്പൻ എന്നീ മൂന്ന് കൗമാരക്കാരാണ് മരണപ്പെട്ടത് എന്നാണ് പൊലീസ് അറിയിക്കുന്നത്. മൂന്ന് പേർക്കും പതിനാറ് വയസ്സാണ് പ്രായം. മൂന്ന് പേരുടേയും മൃതദേഹങ്ങൾ പേരൂർക്കട താലൂക്കാശുപത്രിയിൽ നിന്നും പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.

ബിനീഷും മുല്ലപ്പനും നെടുമങ്ങാട് പോയി സ്റ്റെഫിനേയും കൂട്ടി ബൈക്കിൽ വരികയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. കൂടുതൽ വിശദാംശങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ബൈക്കിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചു കയറുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്.