വൻ ദുരന്തങ്ങളെ പോലും ഒഴിവാക്കാൻ മനസാന്നിധ്യം കൈവിടാതുള്ള ഇടപെടലുകൾ സഹായിക്കും. എന്നാൽ പ്രശ്നങ്ങൾ എന്ന് കാണുമ്പോൾ തന്നെ ഓടി രക്ഷപെടാൻ ശ്രമിക്കുന്നത് ദുരന്തം ഇരട്ടിയാക്കാനും ഇടയാക്കും. ഒരുപക്ഷേ പ്രതിസന്ധികളെ ധീരമായി നേരിടാൻ പുരുഷന്മാരെക്കാൾ മികവ് സ്ത്രീകൾക്കാണ്. അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പെട്രോൾ പമ്പിൽ എത്തിയ ബൈക്കിന് തീപിടിച്ചപ്പോൾ എല്ലാവരും സ്വരക്ഷ ലക്ഷ്യമാക്കി ഓടിയപ്പോൾ പരിഭ്രാന്തിക്ക് അടിപ്പെടാതെ തീയണച്ച യുവതിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം.

പ്രവീൺ അംഗുസ്വാമി ഐഎഫ്എസാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. പെട്രോൾ പമ്പിലാണ് സംഭവം. എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല. ഇന്ധനം നിറയ്ക്കാൻ എത്തിയതാണ് ബൈക്ക് യാത്രക്കാരൻ. ബൈക്കിന് തീപിടിച്ചതോടെ, യാത്രക്കാരനും തൊട്ടടുത്ത് ഇന്ധനം നിറയ്ക്കാൻ എത്തിയവരും സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഈസമയത്ത് സംയമനം പാലിച്ച് തീ അണയ്ക്കുന്ന പെട്രോൾ പമ്പ് ജീവനക്കാരിയുടെ ധീരതയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം കയ്യടി പ്രവാഹമാണ്.