വാഷിങ്ങ്്ടൺ: നീണ്ട 27 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനുപോലും ഒരു ബന്ധത്തെ അരക്കിട്ട് ഉറപ്പിക്കാനാകാത്ത കാലമാണിത്. ഒന്നിച്ച് ഉണ്ണുകയും ഉറങ്ങുകയും മത്രമല്ല, ഒരുമിച്ച് പ്രവർത്തിക്കുകയും കൂടി ചെയ്തവരാണ് ബിൽ ഗെയ്റ്റ്സും ഭാര്യ മെലിൻഡ ഗെയ്റ്റ്സും.

27 വർഷത്തെ ദാമ്പത്യത്തിനിടയിൽ മൂന്ന് മക്കളും ജനിച്ചു. ഏതൊരു മനുഷ്യനും കൊതിച്ചുപോകുന്ന, മക്കളുമൊത്തുള്ള, സായാഹ്നകാല ജീവിതം ആസന്നമായിരിക്കുമ്പോഴാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകുന്നത്. ബിൽ ഗെയ്റ്റ്സും മെലിൻഡ ഗെയ്റ്റ്സും വിവാഹമോചിതരാകുന്നു എന്ന്.

കുടുംബാംഗങ്ങളെ പോലും ഈ പ്രഖ്യാപനം ഞെട്ടിച്ചിരിക്കുന്നു എന്നാണ് അവരുടേ മൂത്ത മകളായ25 കാരി ജെന്നിഫർ ഗെയ്റ്റ്സ് പറഞ്ഞത്. ഒരു കടുത്ത വെല്ലുവിളിയിലൂടെയാണ് തന്റെ കുടുംബം ഇപ്പോൾ കടന്നു പോകുന്നത് എന്നാണ് ജന്നിഫർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വെളുപ്പെടുത്തിയത്.

21 വയസ്സുകാരനായ റോറി, 18 വയസ്സുകാരിയായഫീബെ എന്നിവരാണ് ഈ ദമ്പതിമാരുടെ മറ്റുമക്കൾ. നേരത്തേ ട്വിറ്ററിലൂടെയാണ് 65 കാരനായ ഗെയ്റ്റ്സും 56 കാരിയായ മെലിൻഡയും തങ്ങൾ വേർപിരിയാൻ പോകുന്നു എന്ന കാര്യം അറിയിച്ചത്. നിലവിൽ ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ധനികനായ ബിൽ ഗെയ്റ്റ്സിന് 130 ബില്ല്യന്റെ ആസ്തിയാണ് ഉള്ളത്.

''കഴിഞ്ഞ 27 വർഷം ഒരുമിച്ചു ജീവിച്ചു. മൂന്നു കുട്ടികളെ വളർത്തി വലുതാക്കി, ലോകത്തിനു മുഴുവൻ ഉപകാരമാകുംവിധം തങ്ങളുടേ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. ഇനിയുള്ള കാലവും ഞങ്ങൾ ഫൗണ്ടേഷൻ പ്രവർത്തനങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കും, പക്ഷെ, ഭാര്യാ ഭർത്താക്കന്മാർ എന്ന നിലയിൽ ഇനി അത് പ്രയാസമേറിയ ഒന്നാണെന്ന് ഞങ്ങൾ കരുതുന്നു...'' ഇങ്ങനെ പോകുന്നു വിവാഹമോചനം പ്രഖ്യാപിച്ചുകൊണ്ട് ഇരുവരും സംയുക്തമായി ട്വീറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവന.ആരോഗ്യ പ്രവർത്തകർക്കായി, ഒരു കോവിഡ് കാല പരിപാടി ഓൺലൈൻ ആയി സംഘടിപ്പിച്ച് ഇരുവരും പൊതുരംഗത്ത്പ്രത്യക്ഷപ്പെട്ടതിന് രണ്ടാഴ്‌ച്ചകൾക്ക് ശേഷമാണ് ഇത്തരത്തിൽ ഒരു പ്രഖ്യാപനം ഉണ്ടാകുന്നത്.

1975-ലായിരുന്നു ബിൽ ഗെയ്റ്റ്സ് മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്. 1987-ൽ തന്റെ 31-)0 വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി അദ്ദേഹം മാറി. അതിനുശേഷം 1990-ൽ ആയിരുന്നു അദ്ദേഹം മെലിൻഡയെ വിവാഹം കഴിക്കുന്നത്. ബിൽ ഗെയ്റ്റ്സ് സി ഇ ഒ ആയ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു അപ്പോൾ അവർ.

കാൽ നൂറ്റാണ്ടിലധികം ഒരുമിച്ച് ജീവിച്ചതിനു ശേഷം ഇപ്പോൾ വേർപിരിയുന്നതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. എന്നാൽ അടുത്തകാലത്ത്, തന്റെ ഭർത്താവ് ജോലിയും കുടുംബ ജീവിതവും സന്തുലനം ചെയ്തുകൊണ്ടുപോകുന്നതിൽ ഒരുപാട് ബുദ്ധിമുട്ടുന്നതായി മിലിൻഡ പറഞ്ഞിരുന്നു.

വിവാഹ മോചനം നടക്കുമ്പോൾ സ്വത്തുക്കൾ വിഭജനം ചെയ്യേണ്ടതിനെ കുറിച്ച് വിവാഹത്തിനു മുൻപ് ഇവർ കരാറോന്നും ഉണ്ടാക്കിയിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ വിവാഹമോചനങ്ങളിൽ ഒന്നാകും ഇതെന്നാണ് കരുതപ്പെടുന്നത്. 150 ബില്ല്യൺ ഡോളറിന്റെ ആസ്തിയുണ്ടായിരുന്ന, ആമസോൺ ഉടമ ജെഫ് ബെസൊസിന്റെ വിവാഹമോചനമായിരുന്നു ഇതുവരെയുള്ളതിൽ ഏറ്റവും ചെലവേറിയത്. എന്നാൽ, ജെസോസിനെ പോലെ വെറും ബിസിനസ്സുകാർ മാത്രമല്ല ബിൽ ഗെയ്റ്റ്സും മിലിൻഡയും. സ്വത്തിന്റെ പകുതിയോളം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചവരാണിവർ.

2000-ൽ ഇവർ സ്ഥാപിച്ച ബിൽ ആൻഡ് മെലിൻഡ ഫൗണ്ടേഷൻ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവുമധികം സ്വാധീനമുള്ള ഒരു സന്നദ്ധ സംഘടനായി മാറിയിട്ടുണ്ട്. വിവിധ മേഖലകളീലായി 50 ബില്ല്യൺ ഡോളറിന്റെ പ്രവർത്തനങ്ങളാണ് ഫൗണ്ടേഷൻ നടത്തുന്നത്. ഇപ്പോൾ ഫൗണ്ടേഷൻ കൂടുതൽ ശ്രദ്ധകാണീക്കുന്നത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ്.

കഴിഞ്ഞ ഡിസംബർ വരെ ഈയിനത്തിൽ ഏകദേശം 1.75 ബില്ല്യൺ ഡോളറാണ് ഫൗണ്ടേഷൻ ചെലവിട്ടുകഴിഞ്ഞിരിക്കുന്നത്.  വേർപിരിഞ്ഞതിനു ശേഷവും ഫൗണ്ടേഷനിൽ ഇരുവരും ഒരുമിച്ചു തന്നെ പ്രവർത്തിക്കും എന്നാണ് വർ പറഞ്ഞത്.