തിരുവനന്തപുരം: ഫാത്തിമയായി പേരു മാറി ഇസ്ലാമിൽ ചേർന്ന് ഭർത്താവിനൊപ്പം നിമിഷ എന്ന ആറ്റുകാലുകാരി സിറിയയിലേക്ക് പോയത് അമ്മയേയും അറിയിച്ചോ? ബിന്ദുവും നിമിഷയും തമ്മിൽ രാജ്യം വിട്ട ശേഷം നടത്തിയ വാട്‌സാപ്പ് ആശയ വിനിമയങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. മകളേയും മരുമകനേയും എല്ലാ അർത്ഥത്തിലും ബിന്ദു അംഗീകരിച്ചിരുന്നു. ഇവർ നാടുവിട്ടതും മറ്റും ബിന്ദു തിരിച്ചറിയുകയും ചെയ്തു. വാട്‌സാപ്പ് സന്ദേശങ്ങളിലെ സൂചനകളിൽ നിമിഷ എങ്ങോട്ടാണ് പോകുന്നതെന്നും ബിന്ദുവിന് അറിയാമായിരുന്നു. എന്നാൽ അന്നൊന്നും ഇക്കാര്യം അന്വേഷണ ഏജൻസികളെ അവർ അറിയിച്ചില്ല. ഇതോടെ ഈ ആശയ വിനിമയങ്ങളിൽ വിശദമായ അന്വേഷണം കേന്ദ്ര ഏജൻസികൾ നടത്തും.

ഐഎസ് ബന്ധത്തെത്തുടർന്ന് അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന 4 മലയാളി യുവതികളെ തിരികെ കൊണ്ടുവരേണ്ടെന്ന കേന്ദ്രസർക്കാർ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്നു യുവതികളിലൊരാളായ നിമിഷയുടെ അമ്മ ബിന്ദു പ്രതികരിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ സർക്കാർ പെൺകുട്ടികളെ മടക്കികൊണ്ടുപോകാൻ അനുവാദം നൽകിയിട്ടും ഇന്ത്യൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അമേരിക്കൻ സേന ഉടനെ അഫ്ഗാനിസ്ഥാൻ വിടുമെന്നതിനാൽ മകളുടെ ജീവൻ അപകടത്തിലാണ്. യുവതികളോടൊപ്പം ജയിലിൽ കഴിയുന്ന അവരുടെ ചെറിയ കുട്ടികൾ എന്തു പാപം ചെയ്‌തെന്നും അവർക്കുപോലും രാജ്യത്തേക്കുവരാൻ അനുവാദം കൊടുക്കാത്തത് എന്തു കൊണ്ടാണെന്നും ബിന്ദു ചോദിക്കുന്നു. ഇതിനിടെയാണ് പഴയ വാട്‌സാപ്പ് സന്ദേശങ്ങൾ ചർച്ചയാകുന്നത്.

മിണ്ടൂല്ല... മാസത്തിൽ ഒരിക്കൽ അവളെ എനിക്ക് കാണണമെന്ന് പറഞ്ഞിരുന്നതല്ലേ... നിങ്ങൾ എന്തിനാണ് അങ്ങോട്ട് പോയത്. ഇപ്പോൾ എവിടെയാണ്. മകൾ പ്രെഗ്നന്റാണ്. അപ്പോൾ നോക്കേണ്ടത് അമ്മയുടെ ഉത്തരവാദിത്തം. അത് നിഷേധിച്ചു-എന്ന പരിഭവും മരുമകനുമായി പങ്കുവയ്ക്കുകയാണ് ഈ അമ്മ. പിന്നീട് ചിന്നുക്കൂട്ടി എന്ന് വിളിച്ച് മകളെ താലോലിക്കുന്നു. മരുമകനോടും അന്വേഷണം അറിയിക്കാൻ പറയുന്നു. മരുമകന്റെ വോയിസ് മെസേജും ചോദിക്കുന്നു. മരുമകൻ ആന്റി എന്നാണ് ബിന്ദു സമ്പത്തിനെ വിളിക്കുന്നതും. ഈ ഓഡിയോയും പുറത്തു വന്നു. മനോരമ പുറത്തുവിട്ടത് ദൃശ്യങ്ങൾ സഹിതമുള്ള ഓഡിയോയാണ്. ഇത് പരിശോധിച്ചാൽ മകളും മരുമകനുമായി നല്ല അടുപ്പം ബിന്ദുവിന് ഉണ്ടെന്ന് വ്യക്തമാണ്. എന്നാൽ പിന്നീട് തനിക്കൊന്നും അറിയില്ലെന്ന തരത്തിലാണ് ബിന്ദു മാധ്യമങ്ങൾക്ക് മുന്നിൽ തിരോധാനവാദം ഉന്നയിച്ചത്.



നിങ്ങൾ എന്തിനാണ് അങ്ങോട്ട് പോയത്....എന്ന് മരുമകനോട് ബിന്ദു സമ്പത്ത് ചോദിക്കുന്നുണ്ട്. അതിൽ നിന്നു തന്നെ സിറിയയിലേക്കുള്ള യാത്ര അവരും അറിഞ്ഞിരുന്നു. എന്നാൽ അതേ കുറിച്ചൊന്നും അന്ന് പൊലീസിന് വിവരം കൊടുത്തില്ല. അങ്ങനെ വന്നിരുന്നുവെങ്കിൽ ഒരു പക്ഷേ അവരെ അന്നു തന്നെ കണ്ടെത്തി തിരിച്ചെത്തിക്കാൻ കഴിയുമായിരുന്നു. ഇതൊന്നും ചെയ്യാതെയാണ് ഐഎസിന്റെ കരുത്ത് ചോർന്നപ്പോൾ തിരിച്ചു വരണമെന്ന് ആവശ്യപ്പെടുന്ന മകൾക്ക് വേണ്ടിയുള്ള അമ്മയുടെ കണ്ണീർ. കേന്ദ്ര സർക്കാരിനെ ഈ നിലപാടിന്റെ പേരിൽ കടന്നാക്രമിക്കുകയും ചെയ്യുന്നു.

അതിനിടെ ബിന്ദു ഒരു സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. 2019ലെ സൗന്ദര്യമത്സരമെന്ന സൂചനയാണ് ചിത്രത്തിലുള്ളത്. മിസ് ആൻഡ് മിസ്ട്രസ് ഇൻർനാഷണൽ ഇന്ത്യ എന്ന കൂട്ടായ്മയാണ് ഈ മത്സരം സംഘടി്പ്പിച്ചത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വലിയ കളിയാക്കലുകളാണ് ഈ സംഘടനയുടെ ഫെയ്‌സ് ബുക്ക് പേജിൽ എത്തുന്നത്. മകൾ സിറിയയിൽ ആട് മെയ്‌ക്കാൻ പോയ ദുഃഖം മറക്കാനായി ഫാഷൻ ഷോയിൽ പങ്കെടുക്കുന്ന ആ അമ്മ മനസ്സ് കാണാതെ പോകരുതേ-എന്ന പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അങ്ങനെ ബിന്ദുവിന്റെ പുതിയ ആവശ്യങ്ങളെ എതിർക്കുന്നവർ സോഷ്യൽ മീഡിയയിൽ കടന്നാക്രമണങ്ങൾ നടത്തുകയാണ്.

യുവതികളെ തിരികെ കൊണ്ടുവരില്ലെന്ന ഔദ്യോഗിക അറിയിപ്പ് കുടുംബത്തിനു ലഭിച്ചിട്ടില്ലെന്നതിനെ പ്രതീക്ഷയോടെ കണ്ട് മകളുടെ മോചനത്തിന് വേണ്ടി നിയമ പോരാട്ടത്തിനാണ് ബിന്ദു തയ്യാറെടുക്കുന്നത്. ദേശീയ സുരക്ഷയെ മുൻനിർത്തിയാണ് ഐഎസിന്റെ ചേവേറുകളാകാൻ പരിശീലനം കിട്ടിയവരെ തിരിച്ചു കൊണ്ടു വരാത്തതെന്ന് കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് താനെന്ന് ബിന്ദു പറയുന്നു. മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. മകൾ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ തിരിച്ചുകൊണ്ടുവന്നു നിയമപ്രകാരം നടപടിയെടുക്കണം. മകൾ അഫ്ഗാനിസ്ഥാനിൽ തെറ്റു ചെയ്തു പിടിയിലായതല്ല. അഫ്ഗാൻ സർക്കാർ അവരെ തിരികെ അയയ്ക്കാൻ തയാറുമാണ്. പിന്നെ ഇന്ത്യൻ സർക്കാരിനു എന്താണ് പ്രശ്‌നമെന്നു ബിന്ദു ചോദിച്ചു.

കേരള സർക്കാരുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ടശേഷം നിയമനടപടികൾ ആലോചിക്കും. സർക്കാരുകൾ കൃത്യമായ നടപടിയെടുക്കാത്തതിനാലാണ് പെൺകുട്ടികൾക്ക് ഈ ഗതി വന്നത്. ഒന്നരവർഷമായി മകൾ ജയിലിലായിട്ട്. പല ബിജെപി നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും ബന്ധപ്പെട്ടിട്ടും നടപടിയില്ല. ഇന്ത്യൻ അന്വേഷണ ഏജൻസികൾക്കു മെയിൽ അയച്ചെങ്കിലും മറുപടി തന്നില്ല. അഫ്ഗാനിസ്ഥാനിലേക്കു മെയിൽ അയച്ചപ്പോൾ അവർ അതിനു മറുപടി തരാനെങ്കിലും തയാറായി. നിമിഷ മടങ്ങിവരാൻ തയാറല്ലെന്നു ഓഫിസർമാർ പറയുന്നതിനെ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇന്ത്യൻ സർക്കാർ നിമിഷയെ വിചാരണ ചെയ്യുന്നതിനു താൻ അനുകൂലമാണെന്നും ബിന്ദു പറയുന്നു. ഇതിനോട് എതിർപ്പ് അറിയിക്കുന്നവരോട് മോശമായാണ് ചാനൽ ചർച്ചയിലും മറ്റും ബിന്ദു പ്രതികരിക്കുന്നത്.

2013ൽ, കാസർകോട് വിദ്യാർത്ഥിയായിരിക്കെയാണ് നിമിഷ മതം മാറിയത്. പിന്നീട് സുഹൃത്തായ പാലക്കാട് യാക്കര സ്വദേശി ബെക്‌സണെ (ഇസ)വിവാഹം കഴിച്ചു. ഭർത്താവുമൊന്നിച്ചു പിന്നീട് ശ്രീലങ്കയിലേക്കുപോയതായി കുടുംബത്തിനു വിവരം ലഭിച്ചു. വാട്‌സാപ് വഴിയായിരുന്നു കുടുംബവുമായി ബന്ധപ്പെട്ടിരുന്നത്. 2018 നവംബറിനുശേഷം സന്ദേശങ്ങൾ വരാതെയായി. പിന്നീടാണ് ഇവർ ഐഎസിൽ ചേർന്നെന്നും അഫ്ഗാനിസ്ഥാനിലേക്കു കടക്കുമ്പോൾ പിടിയിലായതെന്നും വിവരം ലഭിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിമിഷ കഴിയുന്ന ജയിലിൽ 13 രാജ്യങ്ങളിൽനിന്നായി 408 പേരുണ്ട്. ഇവരെ സ്വന്തം രാജ്യങ്ങൾ തിരികെ കൊണ്ടുപോകണമെന്നാണ് അഫ്ഗാനിസ്ഥാന്റെ നിലപാട്.