തൃശൂർ: സ്ഥാനാർത്ഥിയേയും തിരഞ്ഞെടുപ്പിന് നിശ്ചയിക്കും. ഭരണാനുകൂല സംഘടനയുടെ നേതാവാണെങ്കിൽ അത് സംഭവിച്ചിരിക്കും! ഇത് തന്നെയാണ് ഇരിങ്ങാലക്കുടയിലെ സിപിഎം സ്ഥാനാർത്ഥിയും കാര്യത്തിലും സംഭവിച്ചത്. ഇരട്ടവോട്ടിൽ അടക്കം രാഷ്ട്രീയ ഇടപെടൽ ആരോപിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. സിപിഎം അനുകൂലികളെ കണ്ണടച്ച് ഡ്യൂട്ടിക്ക് നിയോഗിക്കുന്നുവെന്നതാണ് ഈ സംഭവം തെളിയിക്കുന്നത്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിശ്ചയിച്ചപ്പോൾ ഇരിങ്ങാലക്കുട മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആർ. ബിന്ദുവിനും ഡ്യൂട്ടി ലഭിച്ചു. മണലൂർ മണ്ഡലത്തിൽ പ്രിസൈഡിങ് ഓഫിസർ ആയാണു ഡ്യൂട്ടി ഇട്ടിരിക്കുന്നത്. സിപിഎം ആക്ടിങ് സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ.വിജയരാഘവന്റെ ഭാര്യയാണ് ആർ.ബിന്ദു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ ബിന്ദു സ്വയം വിരമിക്കൽ അപേക്ഷ നൽകിയിട്ടുണ്ട്. പക്ഷേ ഇതൊന്നും ഇലക്ഷൻ കമ്മീഷൻ അറിഞ്ഞില്ല.

ആർ. ബിന്ദു, അസോഷ്യേറ്റ് പ്രഫസർ, ശ്രീ കേരളവർമ കോളജ്, തൃശൂർ എന്ന വിലാസമാണ് പ്രിസൈഡിങ് ഓഫിസർക്കു രേഖപ്പെടുത്തിയിരിക്കുന്നത്. ഫലത്തിൽ, ആർ. ബിന്ദുവിനാണ് ഇവിടത്തെ പോളിങ് ഓഫിസർമാരും മറ്റു തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കാരും റിപ്പോർട്ട് ചെയ്യേണ്ടത്. സ്ഥാനാർത്ഥിയാകും മുൻപേ കോളജിലെ ഉദ്യോഗസ്ഥരുടെ പട്ടിക തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയതുമൂലം സംഭവിച്ച പിഴവാണെന്നും വേറെ ആൾക്ക് ചുമതല നൽകുമെന്നും കലക്ടർ വ്യക്തമാക്കി.

അതായത് അന്തിമ പട്ടിക നടത്തുമ്പോൾ വേണ്ട പരിശോധനകൾ പോലും നടന്നില്ല. ഇത് കമ്മീഷന് പേരുദോഷമാകുന്നുണ്ട്. ഇരട്ട വോട്ടിലും മറ്റും പാർട്ടി ഇടപെടലുകളെ കുറിച്ച് പലരും ആരോപണം ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സിപിഎം അനുഭാവം നോക്കിയാണ് ഉദ്യോഗസ്ഥരെ നിശ്ചയിക്കുന്നതെന്ന ആക്ഷേപം ശക്തമാക്കുന്നതാണ് ഇരിങ്ങാലക്കുടയിലെ സംഭവം.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിശ്ചയിക്കുന്നത് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരാണ്. ഇവരെല്ലാം കമ്മീഷന്റെ ജീവനക്കാരാണ്. എന്നാൽ കടുത്ത സംഘടനാ പ്രവർത്തനം ഉള്ളവരാണ് ഈ ഉദ്യോഗസ്ഥരെല്ലാം. ഇതെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ആരോപണം ഏറെ നാളായി സജീവമാണ്. അതിന് പുതിയ തലം നൽകുന്നതാണ് ബിന്ദുവിന്റെ പോസ്റ്റിങ്.