ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കമുള്ള സൈനിക ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം സംയുക്ത സേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.എയർമാർഷൽ മാനവേന്ദ്ര സിങ് അന്വേഷണത്തിന് നേതൃത്വം നൽകുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ജനറൽ ബിപിൻ റാവത്തിന്റെ അപകടമരണത്തിൽ പാർലമെന്റിൽ പ്രസ്താവന നടത്തുകയായിരുന്നു രാജ്നാഥ് സിങ്.

അപകടത്തിൽ മരിച്ച എല്ലാ സൈനികരുടേയും മൃതദേഹം ഡൽഹിയിലെത്തിക്കും. സൈനീക ബഹുമതികളോടെ ജനറൽ ബിപിൻ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹം സംസ്‌കരിക്കും. 11.48 ന് സുലൂർ വ്യോമതാവളത്തിൽ നിന്നാണ് ഹെലികോപ്റ്റർ യാത്ര പുറപ്പെട്ടത്. 12.15 ന് പരിപാടി നടക്കുന്ന വെല്ലിങ്ടണിൽ എത്തേണ്ടതായിരുന്നു. എന്നാൽ 12.08 ന് ഹെലികോപ്റ്ററിന് എടിഎസുമായുള്ള ബന്ധം നഷ്ടമായി എന്ന് രാജ്നാഥ് സിങ് പറഞ്ഞു.

അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരിൽ 13 പേരും മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമാണ്. അദ്ദേഹം കർശന നിരീക്ഷണത്തിലാണ്. ആവശ്യമെങ്കിൽ സൈനിക ആശുപത്രിയിലേക്ക് മാറ്റുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ബിപിൻ റാവത്തിന്റേയും സൈനിക ഉദ്യോഗസ്ഥരുടേയും മരണത്തിൽ ലോക്സഭയും രാജ്യസഭയും അനുശോചിച്ചു.

അന്വേഷണ സംഘം കഴിഞ്ഞ ദിവസംതന്നെ വെല്ലിടണിലെത്തി പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 14 പേരിൽ 13 പേരും മരിച്ചതായി പ്രതിരോധമന്ത്രി ഇരുസഭകളെയും അറിയിച്ചു. മരിച്ച സൈനികരുടെ പേര് വിവരങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളും അദ്ദേഹം ഇരുസഭകളിലും വായിച്ചു. അപകടത്തിൽ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റൈ ആരോഗ്യ നില ഗുരുതരമാണ്. അദ്ദേഹത്തെത്തിന്റെ ജീവൻ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ 75-ാം പിറന്നാൾ ആണ് ഇന്ന്. എന്നാൽ ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് പിറന്നാൾ ആഘോഷങ്ങളൊന്നും ഉണ്ടാകില്ലെന്ന് കോൺഗ്രസ് അറിയിച്ചു. ബിപിൻ രാവത്തിന്റെ വേർപാടിൽ അനുശോചിച്ച് വ്യക്തിപരമായും പാർട്ടിയുടേയും ഇന്നത്തെ പരിപാടികളെല്ലാം റദ്ദു ചെയ്തതായി സോണിയാഗാന്ധി അറിയിച്ചു.

അതിനിടെ ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം ഊട്ടി വെല്ലിങ്ടൺ മദ്രാസ് റെജിമെന്റ് സെന്ററിൽ പൊതുദർശനത്തിന് വെച്ചു. തമിഴ്‌നാട് ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, സംസ്ഥാനമന്ത്രിമാർ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തി. ഉച്ചയോടെ സുലൂർ സൈനികതാവളത്തിലേക്ക് കൊണ്ടുപോകുന്ന ബിപിൻ റാവത്തിന്റേയും ഭാര്യയുടേയും മൃതദേഹം വൈകീട്ട് നാലുമണിയോടെ ഡൽഹിയിലെത്തിക്കും.

ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റേയും സംസ്‌കാരം നാളെ ഡൽഹിയിൽ നടക്കും.ഡൽഹിയിലെ വസതിയിൽ രാവിലെ പൊതുദർശനത്തിന് വെച്ചശേഷമാകും സംസ്‌കാരം. ഖത്തർ സന്ദർശനത്തിന് പുറപ്പെട്ട കരസേന ഉപമേധാവി ലഫ്റ്റനന്റ് ജനറൽ സിപി മൊഹന്തി സന്ദർശനം വെട്ടിച്ചുരുക്കി ഡൽഹിയിലേക്ക് തിരിച്ചു. അതിനിടെ, അപകടത്തിൽപ്പെട്ട വ്യോമസേന ഹെലിക്കോപ്റ്ററിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ടുണ്ട്. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാൻ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ സഹായിക്കും.

അപകടസ്ഥലത്ത് വ്യോമസേന ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ പരിശോധന തുടരുകയാണ്. വിങ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേരാണ് പരിശോധനാ സംഘത്തിലുള്ളത്. വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും സ്ഥലത്തെത്തി പരിശോധന നടത്തി. ഫ്ലൈറ്റ് റെക്കോർഡർ പരിശോധനയിലൂടെ സുരക്ഷാസംവിധാനത്തിൽ ഏതെങ്കിലും വിധത്തിലുള്ള പാളിച്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധനയിൽ വ്യക്തമാകും.