കുനൂർ : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മധുലിക് റാവത്ത് അടക്കം 13 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. 14 പേരാണ് കോപ്ടറിൽ ഉണ്ടായിരുന്നത്. കോയമ്പത്തൂരിലെ സുലൂർ വ്യോമതാവളത്തിൽ നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് രക്ഷപ്പെട്ടതായും വ്യോമസേന അറിയിച്ചു. മരിച്ചവരുടെ മൃതശരീരം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. മൃതദേഹങ്ങൾ നാളെ വൈകുന്നേരത്തോടെ ഡൽഹിയിൽ എത്തിക്കുമെന്നും വ്യോമസേന ഔദ്യോഗികമായി അറിയിച്ചു.

14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ 9 പേരുടെ വിവരങ്ങൾ വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്:

1. ജന. ബിപിൻ റാവത്ത്
2. ശ്രീമതി മധുലിക റാവത്ത്
3. ബ്രിഗേഡിയർ ഘട ലിഡ്ഡർ
4. ലഫ്. കേണൽ ഹർജിന്ദർ സിങ്
5. എൻ കെ ഗുർസേവക് സിങ്
6. എൻ കെ ജിതേന്ദ്രകുമാർ
7. ലാൻസ് നായ്ക് വിവേക് കുമാർ
8. ലാൻസ് നായ്ക് ബി സായ് തേജ
9.ഹവിൽദാർ സത്പാൽ

ഉച്ചയ്ക്ക് 12.10-ഓടെയാണ് ഹെലികോപ്റ്റർ സൂളൂരിലെ എയർ സ്റ്റേഷനിൽ നിന്ന് പറന്നുയർന്നത്. വെല്ലിങ്ടണിലെ സൈനികകോളേജിൽ ഏറ്റവും പുതിയ കേഡറ്റുകളെ കണ്ട് അഭിസംബോധന ചെയ്യാനാണ് അദ്ദേഹം പുറപ്പെട്ടത്. 2.45-നായിരുന്നു ഈ പരിപാടി. സൂളൂരിലെ എയർ സ്റ്റേഷനിൽ നിന്ന് വെല്ലിങ്ടണിലേക്ക് വലിയ ദൂരമില്ല. എന്നാൽ വെല്ലിങ്ടണിൽ കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു. ഇവിടെ ഇറങ്ങാനാകില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹെലികോപ്റ്റർ തിരികെപ്പറന്നു. ഹെലിപാഡിന് പത്ത് കിലോമീറ്റർ ദൂരത്ത് വച്ച് ഹെലികോപ്റ്റർ ആകാശത്ത് വച്ച് തന്നെ തീപിടിച്ച് താഴേയ്ക്ക് പതിച്ചുവെന്നാണ് വിവരം. മൂക്കുകുത്തിയാണ് ഹെലികോപ്റ്റർ ഭൂമിയിലേക്ക് പതിച്ചത്.

റാവത്ത് എത്തിയത് കേഡറ്റുകളുമായി സംവദിക്കാൻ

ഊട്ടി വെല്ലിങ്ടൺ കന്റോൺമെന്റിലെ ഡിഫൻസ് സർവീസസ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും സംഘവും ഡൽഹിയിൽ നിന്ന് രാവിലെ പ്രത്യേക വിമാനത്തിൽ കോയമ്പത്തൂരിലെ സുലൂർ വ്യോമകേന്ദ്രത്തിൽ എത്തിയത്. ഡിഫൻസ് സർവീസസ് കോളജിൽ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനായിരുന്നു സംഘത്തിന്റെ യാത്ര.

മേജർ, ലഫ്റ്റനന്റ് കേണൽ റാങ്കുകളിലുള്ള സൈനിക ഉദ്യോഗസ്ഥർക്കാണ് വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് കോളജിൽ പരിശീലനം നൽകുന്നത്. പരിശീലന പരിപാടിയുടെ ഭാഗമായി ഉന്നത സൈനിക ഉദ്യോഗസ്ഥരും പൗരപ്രമുഖരും പ്രമുഖ രാഷ്ട്രീയക്കാരും കേഡറ്റുകളുമായി ആശയവിനിമനം നടത്താറുണ്ട്. ഇന്നത്തെ ആശയവിനിമയ പരിപാടിയിൽ ജനറൽ ബിപിൻ റാവത്താണ് പങ്കെടുക്കേണ്ടിയിരുന്നത്.

ഉച്ചക്ക് 2.40ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 11.40നാണ് ബിപിൻ റാവത്തും സംഘവും ഹെലികോപ്റ്ററിൽ പുറപ്പെട്ടത്. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്ന് വ്യോമസേനയുടെ നൂതന എം.ഐ 17വി5 ഹെലികോപ്റ്ററിലായിരുന്നു ബിപിൻ റാവത്ത് അടക്കമുള്ളവരുടെ യാത്ര. 12.10ന് വെല്ലിങ്ടൺ കന്റോൺമെന്റിൽ എത്തിയെങ്കിലും മൂടൽമഞ്ഞ് കാരണം ഹെലികോപ്റ്റർ ഇറക്കാൻ സാധിച്ചില്ല. തുടർന്ന് ഹെലികോപ്റ്റർ സുലൂർ വ്യോമകേന്ദ്രത്തിലേക്ക് മടങ്ങി. 10 കിലോമീറ്റർ പിന്നിട്ടതോടെ ഏകദേശം 12.20ന് കുനൂരിലെ കട്ടേരി ഫാമിന് സമീപത്തായി ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു.

പ്രതികൂല കാലാവസ്ഥ എന്ന് സംശയം

സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിന് കാരണം പ്രതികൂല കാലാവസ്ഥയെന്ന് സംശയം. കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു. ലാൻഡിങ്ങിന് 10 കിലോമീറ്റർ അകലെ വച്ചാണ് ഹെലികോപ്റ്റർ തകർന്നു വീണതെന്നാണ് റിപ്പോർട്ടുകൾ. 

തകർന്നയുടൻ ഹെലികോപ്റ്റർ കത്തിയമർന്നു. ഏകദേശം ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീ അണയ്ക്കാൻ കഴിഞ്ഞതെന്നും പ്രദേശവാസികൾ പറയുന്നു. എസ്റ്റേറ്റിലെ തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയത്. പ്രദേശത്ത് ഒരു മണിക്കൂറോളം കനത്ത തീഗോളങ്ങൾ ഉയർന്നതായാണ് റിപ്പോർട്ടുകൾ.

ഹെലികോപ്റ്റർ ഒരു മരത്തിലിടിച്ച് നിൽക്കുന്നതും തീ ഉയരുന്നതുമാണ് കണ്ടത്. ഹെലികോപ്റ്ററിൽനിന്ന് ഒന്നിലധികം മൃതദേഹങ്ങൾ താഴേക്ക് വീഴുന്നതും കണ്ടുവെന്ന് സമീപവാസി പറഞ്ഞു. ഒന്നരമണിക്കൂറോളം പ്രയത്നിച്ചാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. മൃതദേഹങ്ങളെല്ലാം തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബിപിൻ റാവത്തിന്റെ കർമപഥം

ഉത്തരാഖണ്ഡ് പൗരിയിലെ ഒരു പരമ്പരാഗത സൈനിക കുടുംബത്തിൽ 1958 മാർച്ച് 16 നായിരുന്നു ബിപിൻ ലക്ഷ്മൺ സിങ് റാവത്തിന്റെ ജനനം. 1988-ൽ വൈസ് ചീഫ് ഓഫ് ആർമി ജീവനക്കാരനായി വിരമിച്ച ലഫ്റ്റനന്റ് ജനറൽ ലക്ഷ്മൺ സിംഗാണ് പിതാവ്. ഉത്തരകാശിയിൽ വലിയ സ്വാധീനമുള്ള മുൻ എംഎൽഎ കിഷൺ സിങ് പർമാറിന്റെ മകളാണ് മാതാവ്. പിതൃ സഹോദരങ്ങളിൽ ഭൂരിഭാഗവും സൈന്യത്തിൽ. അതിനാൽ തന്നെ ജീവിതത്തിലെ ഓരോ ചുവടുവെപ്പിലും സേനയിൽ സേവനമനുഷ്ഠിച്ചിരുന്ന തന്റെ പൂർവ്വ തലമുറകളുടെ പാതയാണ് അദ്ദേഹം പിന്തുടർന്നത്.

ഡെറാഡൂണിലെ കേംബ്രിയൻ ഹാൾ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വേർഡ് സ്‌കൂളിലുമായിരുന്നു ബിപിൻ റാവത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഖഡക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ പഠനം. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് 'സ്വോർഡ് ഓഫ് ഓണർ' സ്വീകരിച്ചു. തുടർന്ന് തമിഴ്‌നാട് കൂനൂരിലെ വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ (ഡിഎസ്എസ്സി) നിന്ന് ട്രയിനിങ്.ഡിഎസ്എസ്സിയിലെ ട്രയിനിങ് കാലഘട്ടത്തിൽ മദ്രാസ് സർവകലാശാലയിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ എംഫിലും, എംബിഎ, കമ്പ്യൂട്ടർ സ്റ്റഡീസ് ഡിപ്ലോമകളും നേടി. യുഎസ് യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി കമാൻഡിലെ ഹയർ കമാൻഡ് കോഴ്‌സിലും ബിരുദം. 2011-ൽ മിലിറ്റിറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിലെ ഗവേഷണത്തിൽ മീററ്റിലെ ചൗധരി ചരൻ സിങ്ങ് യൂണിവേഴ്‌സിറ്റി നിന്ന് ഫിലോസഫി ഡോക്ടറേറ്റ്.

1978 ഡിസംബർ 16-ന് പിതാവിന്റെ യൂണിറ്റായിരുന്ന 11 ഗൂർഖ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയനിലായിരുന്നു റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന (ഹൈ ഓൾറ്റിട്യൂഡ്) പ്രദേശങ്ങളിലെ പോരാട്ടങ്ങളുടെ മുൻനിരയിൽ അനുഭവ പരിചയം ആർജിച്ച അദ്ദേഹം പത്തുവർഷകാലത്തോളം കൗണ്ടർ ഇൻസർജൻസി (പ്രത്യാക്രമണ) പോരാട്ടങ്ങളിൽ ഏർപ്പെട്ടു. ഇക്കാലയളവിൽ നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാനും ചൈനയുമായുള്ള എൽഎസിയും വടക്കുകിഴക്കൻ പ്രദേശങ്ങളും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളുടെ ചുമതലകൾ അദ്ദേഹം കൈകാര്യം ചെയ്തു.

1962ലെ ഇന്ത്യ-ചൈ യുദ്ധത്തിന് ശേഷം തർക്കപ്രദേശമായ മക്മഹോൺ ലൈനിൽ ഉണ്ടായ ആദ്യത്തെ സൈനിക ഏറ്റുമുട്ടലായ 1987-ലെ സുംഡോറോംഗ് ചു താഴ്‌വരയിലെ ഏറ്റുമുട്ടലിൽ റാവത്തിന്റെ ബറ്റാലിയനാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്കെതിരെ വിന്യസിക്കപ്പെട്ടത്. പിന്നീട് യുഎന്നിന്റെ കോംഗോ മിഷനിന്റെ ഭാഗമായിരുന്ന ഇന്ത്യൻ സംഘത്തിന്റെ നേതൃത്വത്തിലും ബിപിൻ റാവത്തുണ്ടായിരുന്നു.2015 ജൂണിൽ മണിപ്പൂരിൽ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് വെസ്റ്റേൺ സൗത്ത് ഈസ്റ്റ് ഏഷ്യ (യുഎൻഎൽഎഫ്ഡബ്ല്യു) നടത്തിയ ആക്രമണത്തിൽ പതിനെട്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിനെതിരെ ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിന് നേതൃത്വം നൽകിയ കകക കോർപ്സിന്റെ കമാൻഡായിരുന്നു ബിപിൻ റാവത്ത്.

2016 ഡിസംബർ 17-ന് രണ്ട് മുതിർന്ന ലെഫ്റ്റനന്റ് ജനറൽമാരായ പ്രവീൺ ബക്ഷി, പി എം ഹാരിസ് എന്നിവരെ പിന്തള്ളിയാണ് കേന്ദ്രസർക്കാർ ബിപിൻ റാവത്തിനെ കരസേനാ മേധാവിയായി നിയമിച്ചത്. ഡിസംബർ 31-ന് ജനറൽ ദൽബീർ സിങ് സുഹാഗിന്റെ പിൻഗാമിയായി രാജ്യത്തിന്റെ 27-ാമത്തെ കരസേനാമേധാവിയായി അദ്ദേഹം ചുമതലയേറ്റു. ഇതോടെ ഗൂർഖ ബ്രിഗേഡിൽ നിന്ന് കരസേനാ മേധാവിയാകുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനായി ബിപിൻ റാവത്ത്മാറി.

40 വർഷത്തിലേറെ നീണ്ട തന്റെ ഒദ്യോഗിക ജീവിതത്തിൽ, വിശിഷ്ട സേവനത്തിന് പരമവിശിഷ്ട് സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതിവിശിഷ്ട് സേവാ മെഡൽ, യുദ്ധസേവാ മെഡൽ, സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നീ ആദരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. ഇന്ത്യ- നേപ്പാൾ സൈനിക ബന്ധത്തെ സൂചിപ്പിക്കാൻ ഇരുരാജ്യങ്ങളിലെയും സൈനിക മേധാവികൾക്ക് ജനറൽ പദവി നൽകിയതിന്റെ അടിസ്ഥാനത്തിൽ നേപ്പാൾ ആർമിയുടെ ഓണററി ജനറലിന്റെ പദവിയും ബിപിൻ റാവത്തിനുണ്ടായിരുന്നു.