ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ എല്ലാത്തരം പക്ഷികളുടേയും ഇറക്കുമതി നിരോധിച്ച് ഡൽഹി സർക്കാർ. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിരോധനം. ഡൽഹിയിൽ ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.

പക്ഷിപ്പനിയുടെ വൈറസ് ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനാണ് നിരോധനം ഏർപ്പടുത്തിയത്. ഇതുവരെ ശേഖരിച്ച 104 സാമ്പിളുകൾ ജലന്തറിലെ ലാബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനാ ഫലം തിങ്കളാഴ്ച ലഭിക്കും. ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർന്നുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അറിയിച്ചു.

കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. രോഗപ്രതിരോധത്തിനായി ആക്ഷൻ പ്ലാൻ പ്രകാരം നടപടികൾ സ്വീകരിക്കാൻ ഈ ആറു സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.