തിരുവനന്തപുരം: കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് 'ബിരിയാണി'. ചിത്രത്തിന്റെ സംവിധായകൻ സജിൻ ബാബുവിന് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശവും ലഭിച്ചിരുന്നു. കൂടാതെ നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങളും നേടിയിരുന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയിരുന്നെങ്കിലും അർഹിക്കുന്ന പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഒടിടി റിലീസിലൂടെ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാവുകയാണ് ചിത്രം.

'കേവ്' (ഇമ്‌ല) എന്ന പുതിയ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ കഴിഞ്ഞ ദിവസമാണ് 'ബിരിയാണി' സ്ട്രീമിങ് ആരംഭിച്ചത്. ആദ്യ പ്രേക്ഷകർ തന്നെ സോഷ്യൽ മീഡിയ സിനിമാഗ്രൂപ്പുകളിലും മറ്റും ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവച്ചതോടെ ഒടിടി പ്ലാറ്റ്‌ഫോമിൽ ചിത്രത്തിന് മികച്ച കാഴ്ചയാണ് ലഭിക്കുന്നത്. ആദ്യ ഏഴ് മണിക്കൂറിൽ 12,000 കാണികളെ ലഭിച്ച ചിത്രത്തിന് 24 മണിക്കൂറിനുള്ളിൽ 50,000ൽ അധികം കാണികളെ ലഭിച്ചതായും കേവ് അറിയിക്കുന്നു.

പേ പെർ വ്യൂ രീതിയിലാണ് ബിരിയാണിയുടെ ഒടിടി റിലീസ്. 99 രൂപയാണ് ഒരു കാണിയിൽ നിന്ന് ചിത്രത്തിന് ഈടാക്കുന്നത്. സജിൻ ബാബുവിന്റെ മൂന്നാമത്തെ ചിത്രമാണ് ബിരിയാണി. അസ്തമയം വരെ, അയാൾ ശശി എന്നിവയാണ് ആദ്യ രണ്ട് ചിത്രങ്ങൾ.