കൊച്ചി: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്‌തെന്ന് ആരോപിച്ചുള്ള കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട ശേഷം പ്രതിഭാഗം വക്കീൽ തന്റെ പേര് പരാമർശിച്ചത് നിഷ്‌ക്കളങ്കമായല്ലെന്ന് മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ. കേസ് ജയിച്ചത് മാധ്യമപ്രവർത്തകന്റെ അഭിമുഖം കാരണമാണ് എന്ന് പറയുന്നത് ഒരു തരം നരേറ്റീവ് ബിൽഡിങ്ങാണെന്ന് അഭിലാഷ് ട്രൂ കോപ്പിയിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

'ഞാൻ റിപ്പോർട്ടർ ടി.വി.യിലായിരുന്നപ്പോൾ ചെയ്ത ആ അഭിമുഖത്തിന് ഫ്രാങ്കോ കേസിന്റെ മെറിറ്റുമായി നേരിട്ട് ഒരു ബന്ധമില്ല. കാരണം ഇരയുമായിട്ടോ അതിന്റെ സാഹചര്യങ്ങളുമായോ ബന്ധപ്പെട്ട ഇന്റർവ്യൂ അല്ല ഇത്. അനുപമ എന്ന, ഈ കേസിലെ ഒരു സാക്ഷിയായ ഒരാളുടെ ഇന്റർവ്യൂ കേസിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി വന്നു എന്ന് പ്രതിഭാഗം അഭിഭാഷകൻ പറയുന്നത് നിഷ്‌കളങ്കമായി എടുക്കാൻ സാധിക്കില്ല.'-അഭിലാഷ് എഴുതി.

റിപ്പോർട്ടർ ടി.വിക്കുവേണ്ടി അഭിലാഷ് മോഹൻ നടത്തിയ അഭിമുഖം കോടതിയിൽ ഹാജരാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കോടതി അഭിലാഷ് മോഹനിൽനിന്ന് അഭിമുഖത്തെക്കുറിച്ച് വിവരം ശേഖരിക്കുകയും ചെയ്തിരുന്നു.എന്തിനാണ് ഈ സമരത്തിന് നിർബന്ധിതമായതെന്ന് സിസ്റ്റർ അനുപമയോട് ചോദിച്ചായിരുന്നു അഭിലാഷ് മോഹൻ ആ അഭിമുഖം തുടങ്ങിയത്. 2018 സെപ്റ്റംബറിലായിരുന്നു ആ അഭിമുഖം. പിന്നീട് റിപ്പോർട്ടർ ടിവിയിൽ നിന്ന് മീഡിയാ വൺ വഴി അഭിലാഷ് മോഹൻ മാതൃഭൂമി ന്യൂസിലെത്തുമ്പോൾ കേസിൽ വിധി വന്നു. ആ വിധി സിസ്റ്റർ അനുപമയും പരാതിക്കാരായ കന്യാസ്ത്രീകളും പ്രതീക്ഷിച്ചതായില്ല. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റ വിമുക്തനായി. ഒരു മാധ്യമ പ്രവർത്തകന്റെ മൊഴിയാണ് ഇതിന് കാരണമെന്ന് പ്രതിഭാഗം വിളിച്ചു പറയുകയും ചെയ്തു.

പിന്നാലെ ഇപ്പോൾ ജോലി ചെയ്യുന്ന ചാനലിലൂടെ സംഭവിച്ചത് എന്തെന്ന് അഭിലാഷ് മോഹൻ വിശദീകരിച്ചു. ഹൈക്കോടതിക്ക് അടുത്തു വച്ച് അന്ന് സിസ്റ്റർ അനുപമയുടെ അഭിമുഖം എടുത്തിരുന്നു. അതിലെ ക്ലിപ്പുകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. അതിന്റെ ആധികാരിക ഉറപ്പു വരുത്താൻ എന്നെ കോടതി വിളിപ്പിച്ചു. അവിടെ പോയി സത്യം പറഞ്ഞു. ആ അഭിമുഖം വസ്തുതയാണെന്നും കൃത്രിമം കാട്ടിയില്ലെന്നും കൂട്ടിച്ചേർത്തു. അല്ലാതെ കേസിന്റെ മറ്റ് മരിറ്റുകളിലേക്ക് പോയിരുന്നില്ല. ഇതിനൊപ്പം പ്രോസിക്യൂഷനും സത്യം പറഞ്ഞതു നന്നായി എന്ന് തന്നോട് പറഞ്ഞുവെന്നും അഭിലാഷ് മോഹൻ കൂട്ടിച്ചേർത്തു.

'ഈ കേസിൽ, ഇന്റർവ്യൂ സത്യസന്ധമാണോ അല്ലയോ എന്ന ചോദ്യമാണ് ഞാൻ പ്രധാനമായും നേരിടേണ്ടിവന്നത്. അതുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും കോടതി ചോദിച്ചു. ഞാൻ ഉത്തരവും പറഞ്ഞു. പ്രോസിക്യൂട്ടറുടെ അവസാന ചോദ്യം, അനുപമയോട് നിങ്ങൾ ഇത്രയും നേരം സംസാരിച്ചതിൽ നിന്ന് ഈ കേസിൽ അനുപമ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന തോന്നൽ നിങ്ങൾക്കുണ്ടോ എന്നായിരുന്നു. ഞാൻ ഉണ്ടെന്ന് മറുപടി നൽകി. അപ്പോൾ പ്രതിഭാഗം അഭിഭാഷകൻ അതിനെ എതിർത്തു. ഒരാളുടെ തോന്നൽ കേസിൽ ഏതെങ്കിലും തരത്തിൽ പ്രാധാന്യം അർഹിക്കുന്നതല്ലെന്ന് കോടതിയും അഭിപ്രായം പറഞ്ഞു. ഇത് കഴിഞ്ഞിട്ട് പ്രോസിക്യൂട്ടറോ പ്രതിഭാഗമോ പിന്നെ സംസാരിച്ചിട്ടില്ല.'-അഭിലാഷ് ട്രൂ കോപ്പിയിൽ എഴുതി.

'സിസ്റ്ററിനൊപ്പവും നീതിക്കൊപ്പവുമാണ് ഞങ്ങൾ നിന്നത്. ഈ ഇന്റർവ്യൂ മാത്രമല്ല, കേസുമായി ബന്ധപ്പെട്ട ചർച്ചകളും വാർത്തകളും തുടർച്ചയായി നൽകിയിരുന്നു. അതൊക്കെ ഇപ്പോഴും പൊതുജനങ്ങൾക്ക് കാണാവുന്നതാണ്. ഇന്റർവ്യൂവിനെക്കുറിച്ചുള്ള എന്റെ വിസ്താരത്തിനുശേഷം സംസാരിക്കുമ്പോഴും പ്രോസിക്യൂഷൻ പൂർണ ആത്മവിശ്വാസത്തിലായിരുന്നു. പിന്നെ എന്തുകൊണ്ടാണ് ഈ കേസിൽ ഇങ്ങനെയൊരു വിധി വന്നത് എന്നതിനെക്കുറിച്ചും എനിക്ക് പറയാനാകില്ല.- അഭിലാഷിന്റെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ.

പ്രതിഭാഗത്തിന്റെ മുഖ്യ ഊന്നൽ, മുഖ്യ സാക്ഷി എന്ന നിലയിൽ സിസ്റ്റർ അനുപമ പറഞ്ഞ ഒറ്റ വാചകമാണ്. പൊലീസ് പരാതിക്ക് ശേഷമാണ് സംഭവം ഞങ്ങൾ അറിഞ്ഞത് എന്ന അഭിമുഖത്തിലെ പരാമർശം. എന്നാൽ, സിസ്റ്റർ അനുപമ പറഞ്ഞത് പൊലീസ് പരാതിക്ക് ശേഷമാണ് ബലാൽസംഗത്തിന്റെ മുഴുവൻ വിശദാംശങ്ങളും അറിഞ്ഞത് എന്നാണെന്ന് പ്രോസിക്യൂഷൻ വിശദീകരിക്കുന്നു. താൻ അനുഭവിക്കുന്ന പീഡനം വളരെ രഹസ്യമായി 'അതിജീവിത' മറ്റ് കന്യാസ്ത്രീകളുമായി പങ്കുവച്ചിരുന്നു. കുറ്റകൃത്യത്തിന്റെ സങ്കീർണത തനിക്ക് മനസ്സിലായത് പൊലീസ് പരാതിക്ക് ശേഷമാണെന്നാണ് അനുപമ ഉദ്ദേശിച്ചതെന്ന് പ്രോസിക്യൂട്ടറുടെ സഹായിയായ അഡ്വ.ജോൺ റാൽഫ് ന്യൂസ് മിനിറ്റിനോട് പറഞ്ഞു.

ഇരയായ കന്യാസ്ത്രീ സിസ്റ്റർ റജീനയോട് ( സുപ്പീരിയർ ജനറൽ) എല്ലാ വിവരവും പറഞ്ഞിരുന്നു, ബിഷപ്പിന്റെ കൂടെ കിടക്ക പങ്കിടാത്തതുകൊണ്ടാണ് തനിക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നതെന്ന്. എന്നാൽ, കുറ്റകൃത്യത്തിന്റെ ഗൗരവം മനസ്സിലായത് പൊലീസ് പരാതിക്ക് ശേഷമെന്നും സിസ്റ്റർ അനുപമ പറഞ്ഞു. ഇരയ്ക്കും കുടുംബത്തിനും എതിരെ ബിഷപ്പ് ഫ്രാങ്കോ നൽകിയ രണ്ടുകേസുകളാണ് പരാമർശ വിഷയം. 2017 ജൂണിൽ സഭയ്ക്ക് ഔദ്യോഗിക പരാതി നൽകുന്നതിന് മുമ്പായികുന്നു ഈ രണ്ടു കേസുകളും.

കേസിലെ പ്രതിഭാഗം അഭിഭാഷകനായ രാമൻ പിള്ള അഭിലാഷ് മോഹനുമായി ആയുള്ള അഭിമുഖത്തെ കുറിച്ച് ചോദിച്ചപ്പോൾ, വിശേഷിച്ചും ചില വരികൾ ഉദ്ധരിച്ച് ചോദിച്ചപ്പോൾ കുറച്ചുവർഷങ്ങൾക്ക് മുമ്പ് പറഞ്ഞത് താൻ കൃത്യമായി ഓർക്കുന്നില്ല എന്നായിരുന്നു സിസ്റ്റർ അനുപമയുടെ മറുപടി. അഭിമുഖത്തിൽ പരാമർശിച്ച ചില കാര്യങ്ങൾ രാമൻപിള്ള കുത്തി കുത്തി വക്കീൽ ബുദ്ധിയോടെ ചോദിച്ചപ്പോൾ അനുപമയ്ക്ക് ഓർത്തെടുക്കാൻ ആയില്ല. വിശ്വസിക്കാവുന്ന സാക്ഷിയല്ല അനുപമ എന്ന് വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രാമൻ പിള്ള അഭിലാഷ് മോഹനെയും സാക്ഷിക്കൂട്ടിലേക്ക് വിളിപ്പിച്ചത്.

വളരെ ആക്രമണ സ്വഭാവത്തോടെയായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം ചെയ്യൽ ശൈലി. ക്രോസ് എക്‌സാമിനേഷനിടെ, സിസ്റ്റർ പൊട്ടിക്കരയുക പോലും ചെയ്തു. എന്നാൽ, വിധിയിൽ ഇതെങ്ങനെ പ്രസക്തമാകുമെന്ന് പ്രോസിക്യൂഷൻ ചോദിക്കുന്നു. അനുപമയ്ക്ക് ബലാൽസംഗത്തെ കുറിച്ച് അറിയില്ലായിരുന്നു എന്ന് പ്രതിഭാഗത്തിന് തെളിയിക്കാൻ ആയാൽ തന്നെ കേസ് അതല്ലല്ലോ. കന്യാസ്ത്രീ ബലാൽസംഗം ചെയ്യപ്പെട്ടുവോ ഇല്ലയോ എന്നതാണ് ചോദ്യം. അവർ അത് മറ്റുള്ളവരോട് പറഞ്ഞുവോ ഇല്ലയോ എന്നതല്ല, പ്രോസിക്യൂഷന്റെ നിലപാട് ഇതാണ്.