തൃശൂർ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ കുറ്റ വിമുക്തനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വൻ സ്വീകരണം ഒരുക്കി ജന്മനാട്. വിശ്വാസികളും ബന്ധുക്കളും അടങ്ങുന്ന വൻ ജനാവലിയാണ് ബിഷപ്പ് ഫ്രാങ്കോയെ സ്വീകരിക്കാൻ തൃശൂർ മറ്റത്ത് എത്തിയത്. കാറിൽ വന്നിറങ്ങിയ ഉടനെ പൂമാലകൾ അണിയിച്ചാണ് ബിഷപ്പ് ഫ്രാങ്കോയെ സ്വീകരിച്ചത്.

മറ്റം പള്ളിയിൽ ഉറ്റവരുടെ കുഴിമാടത്തിനരികിൽ ബിഷപ്പ് പ്രാർത്ഥന ചൊല്ലി. നേരെ ദേവാലയത്തിലെത്തി ആരാധനാ ചടങ്ങിൽ പങ്കെടുത്തു. 105 കതിനയാണ് ആഘോഷത്തിന്റെ ഭാഗമായി പള്ളി മുറ്റത്ത് പൊട്ടിച്ചത്. 105 ദിവസം നീണ്ട വിചാരണയുടെ പ്രതീകമായാണ് 105 കതിനകൾ പൊട്ടിച്ചത്.

വീട്ടിൽ എത്തി ബന്ധുക്കളുമായി സംസാരിച്ച ശേഷമാണ് ബിഷപ്പ് മടങ്ങിയത്. ചാലക്കുടി പള്ളിയിൽ സഹോദരിയുടെ കുഴിമാടത്തിനരികിലേക്കാണ് പിന്നെ പ്രാർത്ഥനകൾക്കായി പോയത്. ഇവിടെയും വിശ്വാസികൾ ആദരവോടെയാണ് ബിഷപ്പിനെ സ്വീകരിച്ചത്.

2014 മുതൽ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തിൽ വച്ച് ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണയക്ക് ശേഷമാണ് കോട്ടയം അഡീഷണൻ സെഷൻ കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. ജഡ്ജി ജി ഗോപകുമാർ ഒറ്റവരിയിൽ വിധി പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ.ബാബുവും സുബിൻ കെ. വർഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമൻപിള്ള, സി.എസ്.അജയൻ എന്നിവരുമാണു ഹാജരായത്.

വിധിക്കെതിരെ വിവിധ തലങ്ങളിൽ നിന്നും വിമർശനമുയരുന്നുണ്ട്. നിയമപോരാട്ടം കുടരാനാണ് കേസിലെ അതിജീവിതയുടെ തീരുമാനം. സേവ് അവർ സിസ്റ്റേഴ്സ് പ്രതിനിധിയായ ഫാദർ അഗസ്റ്റിൻ വട്ടോളിയാണ് അതിജീവിത പോരട്ടവുമായി പൊതുസമൂഹത്തിലേക്ക് ഇറങ്ങുമെന്ന് വ്യക്തമാക്കിയത്. വളരെ തകർന്ന അവസ്ഥയിലാണ് അതിജീവിതയുള്ളതെന്നും എന്നാൽ അവർ ഉറച്ച തീരുമാനത്തിലാണെന്ന് വ്യക്തമായതായും ഫാദർ വട്ടോളി കൂട്ടിച്ചേർത്തു.

അതിജീവിതയായ സിസ്റ്റർ ഉടൻ തന്നെ മാധ്യമങ്ങളെ കാണും പൊതുസമൂഹത്തോട് സംസാരിക്കും. മുഖം മറയ്ക്കാതെ സമൂഹത്തോട് പ്രതികരിക്കും. ഇക്കാര്യം സിസ്റ്റർ തന്നെ വ്യക്തമാക്കുമെന്നും ഫാദർ അഗസ്റ്റിൻ വട്ടോളി പറഞ്ഞു.