പട്‌ന: ബിഹാറിലെ ജാതി സെൻസസ് വിഷയത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് ബിജെപി നേതാക്കൾ. ബിഹാറിലെ മുതിർന്ന ബിജെപി നേതാവ് ഡോ. സി.പി.ഠാക്കൂറും യുപിയിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിങും നിതീഷിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തി.

ജാതിയുടെ അടിസ്ഥാനത്തിലല്ല, സാമ്പത്തിക അടിസ്ഥാനത്തിലാണു സെൻസസ് നടത്തേണ്ടത്. ജാതി സെൻസസിന് ഇന്നു പ്രസക്തിയില്ലെന്നും പകരം ബിഹാറിലെ വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലകൾ വികസിപ്പിക്കുകയാണു വേണ്ടതെന്നും സി.പി.ഠാക്കൂർ ഉപദേശിച്ചു.

ജാതി സെൻസസിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ സമ്മർദ്ദം ചെലുത്തുന്നത് അനുചിതമാണെന്നു ഡോ. സി.പി.ഠാക്കൂർ പറഞ്ഞു. ജാതി സെൻസസ് ആവശ്യവുമായി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബിഹാറിൽ നിന്നുള്ള സർവകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദർശിച്ചതിനെ പരാമർശിക്കുകയായിരുന്നു അദ്ദേഹം.

ജാതി സെൻസസ് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നു യുപിയിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിങ് ആരോപിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്നതു രാജ്യത്തിനു നല്ലതിനല്ല. ദരിദ്രരുടെ ക്ഷേമമാണു യഥാർഥ ലക്ഷ്യമെങ്കിൽ അവർക്കായി പിന്നാക്ക വിഭാഗങ്ങളിലെ സമ്പന്നർ സംവരണാനുകൂല്യം സ്വയം ഉപേക്ഷിക്കുകയാണു വേണ്ടതെന്നും സുരേന്ദ്ര സിങ് അഭിപ്രായപ്പെട്ടു.

ജാതി സെൻസസ് വിഷയത്തിൽ ബിഹാറിലെ ബിജെപി നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുകയാണ്. ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ ജാതി സെൻസസിനെ എതിർത്തും മുതിർന്ന നേതാവ് സുശീൽ കുമാർ മോദി ജാതി സെൻസസിനെ അനുകൂലിച്ചും പ്രസ്താവനകൾ ഇറക്കിയിരുന്നു. ജാതി സെൻസസ് വിഷയത്തിൽ ബിജെപിയിലെ മുന്നാക്ക പിന്നാക്ക നേതാക്കൾ പരസ്പര വിരുദ്ധമായി പ്രസ്താവനകൾ നടത്തുന്നതിൽ ആർഎസ്എസ് നേതൃത്വത്തിനും അതൃപ്തിയുണ്ട്. യുപി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാതി സെൻസസ് ബിജെപിക്കു കീറാമുട്ടിയായി മാറുകയാണ്.