ന്യൂഡൽഹി: ആർഎസ്എസിനെ താലിബാനോടുപമിച്ചതിൽ എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ ബിജെപി എംഎൽഎ രംഗത്ത്. ജാവേദ് അക്തർ മാപ്പ് പറയാതെ അദ്ദേഹത്തിന്റെ സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര എംഎൽഎയും ബിജെപി വക്താവുമായ രാം കദം പറഞ്ഞു. കഴിഞ്ഞ ദിവസം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ജാവേദ് അക്തർ പ്രസ്താവന നടത്തിയത്. ഹിന്ദുരാഷ്ട്രം വേണമെന്ന് പറയുന്നവരും താലിബാനും ഒരേ മാനസികാവസ്ഥയുള്ളവരാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ജാവേദ് അക്തറിന്റെ പ്രസ്താവന പരിഹാസ്യമാണന്ന് മാത്രമല്ല, ലോകത്താകമാനമുള്ള സംഘ് പ്രവർത്തകരുടെയും വിശ്വഹിന്ദുപരിഷത്തിന്റെ പ്രവർത്തകരെയും അവരുടെ ആശയത്തെ അംഗീകരിക്കുന്ന കോടിക്കണക്കിനാളുകളെ വേദനിപ്പിക്കുന്നതാണ്. പാവങ്ങളെ സേവിക്കുന്ന പ്രവർത്തകരെ ജാവേദ് അക്തർ അപമാനിച്ചെന്നും രാം കദം വീഡിയോ സന്ദേശത്തിൽ പറഞ്ഞു. തന്റെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാതെ ജാവേദ് അക്തറിന്റെ ഒരു സിനിമപോലും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും രാം കദം മുന്നറിയിപ്പ് നൽകി. ഖട്ട്കോപാർ വെസ്റ്റ് എംഎൽഎയാണ് രാം കദം.