ന്യൂഡൽഹി: ഛത് പൂജാ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയ നടപടിക്ക് എതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ ബിജെപിയുടെ പ്രതിഷേധം. ബിജെപി എംപി മനോജ് തിവാരിക്ക് പരിക്കേറ്റു. പ്രതിഷേധിക്കുന്നതിനിടെയാണ് മനോജ് തിവാരിക്ക് പരിക്കേറ്റത്.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോൾ താഴെവീണ് മനോജ് തിവാരിക്ക് പരിക്കേൽക്കുകയായിരുന്നു. അദ്ദേഹത്തെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഡൽഹിയിൽ ഛത് പൂജാ ആഘോഷങ്ങൾക്കും കൂട്ടംചേരിലിനും സർക്കാർ വിലക്കേർപ്പെടുത്തിയത്. ബിഹാർ, ഉത്തർപ്രദേശ്,ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഛത് ആഘോഷങ്ങൾ നടക്കുന്നത്. പൂജയുടെ ഭാഗമായി ഭക്തർ വെള്ളത്തിൽ മുങ്ങിനിന്ന് സൂര്യനെ പ്രാർത്ഥിക്കുന്ന ചടങ്ങുകൾ നടക്കും. ഇത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന സാധ്യതയെ തുടർന്നാണ് ഛത് പൂജയ്ക്ക് വിലക്കേർപ്പെടുത്തിയത്.

എന്നാൽ ഇതിനെതിരേ ബിജെപി രംഗത്തെത്തി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷങ്ങൾ നടത്തുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. പ്രത്യേക സമുദായത്തിലുള്ള ഭക്തരുടെ വികാരം സർക്കാർ മനസ്സിലാക്കുന്നില്ലെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. ഛത് പൂജാ ആഘോഷങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.