കണ്ണൂർ: ബിജെപിയിലെ വിമത കലപം നയിക്കാൻ രണ്ടും കൽപ്പിച്ച് പിപി മുകുന്ദൻ. ബിജെപി നേതൃത്വത്തെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ ജനറൽ സെക്രട്ടറി ഇട്ട പോസ്റ്റ് ഇതിന് തെളിവാണ്. പുനഃസംഘടന വിവേകപരമാവണമായിരുന്നുവെന്നാണ് കുറ്റപ്പെടുത്തൽ. ശിവശങ്കറിനെ വക്താവ് സ്ഥാനത്തു നിന്ന് മാറ്റിയെന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് പാർട്ടി ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കത്തെഴുതുകയാണ് ചെയ്തത്. ഇത് ആ വ്യക്തിയുടെ ആത്മാഭിമാനത്തെ ഹനിക്കുന്ന നടപടിയായിട്ടല്ലേ കാണാനാവൂ എന്ന് പിപി മുകുന്ദൻ പറയുന്നു.

മുതിർന്ന നേതാവ് ഒ.രാജഗോപാലിനെ ദേശീയ എക്‌സിക്യൂട്ടീവിൽ നിന്നൊഴിവാക്കിയതും ശരിയായ നിലയ്ക്കല്ലെന്ന് മുകുന്ദൻ പറയുന്നു. ഇപ്പോൾ വഹിച്ചിരുന്നതിന് പകരം മാന്യമായ പദവി നൽകിക്കൊണ്ട് പുനഃസംഘടന പരാതി രഹിതമാക്കാമായിരുന്നു. കേരളത്തിന്റെ പ്രത്യേക പരിതസ്ഥിതിയിൽ മാർഗ്ഗ നിർദ്ദേശക മണ്ഡൽ പോലെയുള്ള ഒരു സംവിധാനം കൊണ്ടുവന്ന് അദ്ദേഹത്തെ പോലെയുള്ളവരുടെ സേവനം ഉപയോഗിക്കുന്നത് ഗുരുത്വമായെങ്കിലും കാണുമായിരുന്നു. നിർഭാഗ്യവശാൽ അങ്ങനെയൊന്നുമല്ല സംഭവിച്ചതെന്ന് മുകുന്ദൻ പറയുന്നു.

സമീപകാലത്ത് 5000 ത്തോളം ബിജെപി. ക്കാർ പാർട്ടി വിട്ട് സിപിഎം ൽ അടക്കം ചേർന്നത് ഇതിനോട് ചേർത്ത് കാണണം. വേറിട്ട അഭിപ്രായമുള്ളവർക്ക് കയ്പുള്ള അനുഭവങ്ങളാണ് വരാനിരിക്കുന്നതെന്ന തോന്നലുണ്ടാക്കുന്നതാണ് പുനഃസംഘടന. ഈ സന്ദേശം ബിജെപിക്ക് നന്നാണോ എന്ന് ആലോചിക്കേണ്ട സമയമാണിതെന്ന് പിപി മുകുന്ദൻ പറയുന്നു. ബിജെപിയിൽ വി മുരളീധര വിഭാഗം പിടിമുറുക്കുന്നതിനിടെയാണ് പിപി മുകുന്ദന്റെ കടന്നാക്രമണം.

ഫെയ്‌സ് ബുക്കിൽ പിപി മുകുന്ദൻ എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപം

പുനഃസംഘടന വിവേക പരമാവണമായിരുന്നു

ബിജെപി. സംസ്ഥാന ഘടകത്തിൽ നടന്ന പുനഃസംഘടന കുറച്ചു പേരെ അപമാനിക്കുന്നതാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ഭിന്ന ശബ്ദങ്ങൾ ഉൾക്കൊണ്ടു കൊണ്ടുള്ള ജനാധിപത്യ സംസ്‌കാരമാണ് ബിജെപി. പുലർത്തി പോന്നത്. എതിർ ശബ്ദങ്ങളോടുള്ള അസഹിഷ്ണുത അനാരോഗ്യത്തിന്റെ ലക്ഷണമായേ കാണാനാവൂ.

അഞ്ചു ജില്ലാക്കമ്മിറ്റികളുടെ അധ്യക്ഷന്മാരെ ഒഴിവാക്കിയ രീതി പാർട്ടി പിന്തുടർന്നു വന്ന വഴികളിൽ നിന്ന് വ്യതിചലിച്ചാണ്. ഒഴിവാക്കപ്പെടുന്ന വരുമായി സംസാരിച്ച ശേഷമായിരുന്നു മുമ്പ് മാറ്റങ്ങൾ വരുത്തിയിരുന്നത്. കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്തി ചെയ്യുമ്പോൾ അപമാനിച്ചു പുറത്താക്കിയെന്ന പ്രതീതി ഒഴിവാക്കാൻ കഴിയുമായിരുന്നു. അതുണ്ടായില്ല.

പാർട്ടി നിലപാടുകൾ യുക്തിഭദ്രമായി ചാനലുകളിൽ അവതരിപ്പിച്ചിരുന്ന പി.ആർ. ശിവശങ്കരനെ ആ സ്ഥാനത്തു നിന്ന് നീക്കിയതിന് എന്തു ന്യായം കണ്ടെത്തിയാലും അവലംബിച്ച രീതി ശരിയായില്ല. ശിവശങ്കറിനെ വക്താവ് സ്ഥാനത്തു നിന്ന് മാറ്റിയെന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് പാർട്ടി ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കത്തെഴുതുകയാണ് ചെയ്തത്. ഇത് ആ വ്യക്തിയുടെ ആത്മാഭിമാനത്തെ ഹനിക്കുന്ന നടപടിയായിട്ടല്ലേ കാണാനാവൂ.

മുതിർന്ന നേതാവ് ഒ.രാജഗോപാലിനെ ദേശീയ എക്‌സിക്യൂട്ടീവി ൽ നിന്നൊഴിവാക്കിയതും ശരിയായ നിലയ്ക്കല്ല. ഇപ്പോൾ വഹിച്ചിരുന്നതിന് പകരം മാന്യമായ പദവി നൽകിക്കൊണ്ട് പുനഃസംഘടന പരാതി രഹിതമാക്കാമായിരുന്നു. കേരളത്തിന്റെ പ്രത്യേക പരിതസ്ഥിതിയിൽ മാർഗ്ഗ നിർദ്ദേശക മണ്ഡൽ പോലെയുള്ള ഒരു സംവിധാനം കൊണ്ടുവന്ന് അദ്ദേഹത്തെ പോലെയുള്ളവരുടെ സേവനം ഉപയോഗിക്കുന്നത് ഗുരുത്വമായെങ്കിലും കാണുമായിരുന്നു. നിർഭാഗ്യവശാൽ അങ്ങനെയൊന്നുമല്ല സംഭവിച്ചത്.

സമീപകാലത്ത് 5000 ത്തോളം ബിജെപി. ക്കാർ പാർട്ടി വിട്ട് സിപിഎം ൽ അടക്കം ചേർന്നത് ഇതിനോട് ചേർത്ത് കാണണം. വേറിട്ട അഭിപ്രായമുള്ളവർക്ക് കയ്പുള്ള അനുഭവങ്ങളാണ് വരാനിരിക്കുന്നതെന്ന തോന്നലുണ്ടാക്കുന്നതാണ് പുനഃസംഘടന. ഈ സന്ദേശം ബിജെപിക്ക് നന്നാണോ എന്ന് ആലോചിക്കേണ്ട സമയമാണിത്.