ലക്നൗ: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നത് ബിജെപിയുടെ പ്രഖ്യാപിത നയവും പരസ്യമായ നിലപാടുമാണ്. ജനസംഘത്തിന്റെ കാലം മുതലേ ഇത് ആവശ്യപ്പെടുന്നതാണ്. കഴിഞ്ഞ ദിവസം, മധ്യപ്രദേശിലെ ഭോപ്പാലിൽ, ഏകീകൃത സിവിൽ കോഡിൽ ശ്രദ്ധയൂന്നാൻ സമയം ആയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ പറഞ്ഞിരുന്നു. ഉത്തരാഖണ്ഡിൽ ഒരു പൈലറ്റ് പദ്ധതിയായി ഇത് നടപ്പാക്കുമെന്നും, ഇതിനായി ഒരുകരട് രേഖ തയ്യാറാക്കി വരികയാണെന്നും ഷാ പറഞ്ഞു. സിഎഎ, രാം മന്ദിർ, ആർട്ടിക്കിൾ 370, ട്രിപ്പിൾ തലാഖ് വിഷയങ്ങൾ പരിഹരിച്ചു കഴിഞ്ഞു. സമയമാകുമ്പോൾ, എല്ലാം അതിന്റേതായ രീതിയിൽ നടക്കുമെന്നും അമിത് ഷാ പ്രവർത്തകരെ ഉത്സാഹഭരിതരാക്കി കൊണ്ടുപറഞ്ഞു.

ഏകീകൃത സിവിൽ കോഡിന്റെ കരട് തയ്യാറാക്കാൻ സംസ്ഥാനത്ത് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചു. ഒരു കാരണവശാലും സംസ്ഥാനത്തെ സാമുദായിക സൗഹൃദം തകർക്കാൻ അനുവദിക്കില്ല. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നിലവിൽവന്നാൽ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവിൽ കോഡിന്റെ കരട് തയ്യാറാക്കാൻ ഉന്നതതല വിദഗ്ധ സമിതി രൂപീകരിക്കാനുള്ള നിർദ്ദേശത്തിന് ആദ്യ മന്ത്രിസഭാ യോഗം തന്നെ അനുമതി നൽകിയതായി ധാമി ശനിയാഴ്ച പറഞ്ഞിരുന്നു. സൗഹൃദാന്തരീക്ഷം തകർക്കുന്നതിനുള്ള പദ്ധതികളെ നേരിടുന്നതിന് ഉത്തരാഖണ്ഡിലേക്ക് വരുന്ന ആളുകളുടെ പൂർവ്വകാലം പരിശോധിക്കാൻ തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെ നടന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഏകീകൃതസിവിൽ കോഡ് നടപ്പാക്കൽ.

യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും കിട്ടുന്ന അവസരത്തിലെല്ലാം, ഇക്കാര്യം സൂചിപ്പിക്കാറുണ്ട്. യുപിയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. പ്രതിപക്ഷം പിന്തുണച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് യുപി സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയായിരിക്കണം. യുപിയിൽ ബിജെപി സർക്കാർ യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ പോകുന്നു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത് സംബന്ധിച്ച് ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും മൗര്യ പറഞ്ഞു. 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന നയത്തിന്റെ ഭാഗമായി എല്ലാ സർക്കാർ പദ്ധതികളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരേപോലെ ലഭിക്കുമെങ്കിൽ നിയമങ്ങളും ഏകീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതിന് പകരം പ്രീണന രാഷ്ട്രീയം പിന്തുടരാനാണ് ബിജെപി ഇതര പാർട്ടികൾ ശ്രമിക്കുന്നതെന്നും ഉപമുഖ്യമന്ത്രി ആരോപിച്ചു.

ആർട്ടിക്കിൾ 370 അസാധുവാക്കൽ, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കൽ, യൂണിഫോം കോഡ് എന്നിവ ബിജെപിയുടെ മുൻഗണനാ പട്ടികയിലുള്ള കാര്യമാണ്. പ്രതിപക്ഷം അതിനെ പിന്തുണയ്ക്കുകയാണെങ്കിൽ സന്തോഷം. അല്ലെങ്കിൽ പ്രതിപക്ഷത്തെ അവഗണിച്ച് നടപ്പാക്കും. പ്രതിപക്ഷം സർക്കാരിനെ പിന്തുണച്ചില്ലെങ്കിലും ആർട്ടിക്കിൾ 370 അസാധുവാക്കി. യൂണിഫോം കോഡ് അതേ രീതിയിൽ തന്നെ നടപ്പാക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

യുപിയുടെയും ഉത്തരാഖണ്ഡിന്റെയും ചുവടുപിടിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും തിങ്കളാഴ്ച പ്രസ്താവനയിറക്കി. ഏകീകൃത സിവിൽകോഡ് ഒരു മികച്ച നീക്കമാണെന്ന് മുഖ്യമന്ത്രി ജയ്റാം താക്കൂർ പറഞ്ഞു. ഹിമാചലിൽ യുണിഫോം സിവിൽകോഡ് നടപ്പാക്കുന്ന കാര്യം തന്റെ സർക്കാർ പരിശോധിച്ചുവരികയാണ്. നടപ്പിലാക്കാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അസം മുഖ്യമന്ത്രിയും സമാനമായ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങൾ പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അജയ് പ്രതാപ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന് കത്തയച്ചിട്ടുണ്ട്.

ഫെബ്രുവരി പന്ത്രണ്ടിനാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സിവിൽ കോഡിന്റെ കാര്യം പ്രഖ്യാപിച്ചത്. നിയമ വിദഗ്ധരും, വിരമിച്ച ഉദ്യോഗസ്ഥരും, ബുദ്ധിജീവികളും, എല്ലാം ഈ സമിതിയിലുണ്ടാവും. വിവാഹം, വിവാഹ മോചനം, വസ്തുവകകൾ, പിന്തുടർച്ചാവകാശം തുടങ്ങിയ കാര്യങ്ങൾ ഈ കമ്മിറ്റിയുടെ പരിധിയിൽ വരും.

ബിജെപി ഭരിക്കുന്ന സംസ്ഥാനം ആദ്യമായിട്ടാണ് ഇത്തരമൊരു നീക്കം നടത്തിയത്. നേരത്തെ സുപ്രീം കോടതി ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ഗോവയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാമെന്നും, അവിടെ ഒരു സിവിൽ കോഡുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. സിവിൽ കോഡ് സമൂഹത്തിൽ ലിംഗ നീതിയും, സ്ത്രീ ശാക്തീകരണ നീക്കങ്ങളും ശക്തമാക്കുമെന്ന് ധാമി ചൂണ്ടിക്കാണിച്ചു. ഒരു രാജ്യത്ത് എല്ലാ മതങ്ങൾക്കും ഒരു വ്യക്തി നിയമം എന്നതാണ് ഏകീകൃത സിവിൽ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.