കാൻപൂർ: ബിജെപി ഡൽഹി വക്താവ് സന്ദീപ് ശുക്ലയും(45) അദ്ദേഹത്തിന്റെ ഭാര്യ അനിതയും(42) കാർ അപകടത്തിൽ മരിച്ചു. ഇവരുടെ മൂന്ന് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയിൽ താതിയ പ്രദേശത്താണ് അപകടമുണ്ടായത്. ട്രക്കിലിടിച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിലിമിടിച്ചതാണ് അപകടകാരണം. എല്ലാവരെയും തിർവ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും സന്ദീപും അനിതയും മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇവരുടെ മക്കളായ സിദ്ദാർഥ്(10), അഭിനവ്(6), ആരവ്(3), ബന്ധുക്കളായ അമിത് കുമാർ(19), ആര്യൻ ശർമ(23) എന്നിവർക്കും പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. പ്രതാപ്ഗഢിലേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകവെയാണ് അപകടം. ട്രക്ക് ഡ്രൈവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.