ചെന്നൈ: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ തമിഴ്‍നാട്ടിൽ ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ വെട്രിവേൽ യാത്ര പൊലീസ് തടഞ്ഞു. ബിജെപി തമിഴ്‌നാട് അധ്യക്ഷൻ എൽ മുരുകൻ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. ബിജെപി നേതാക്കളായ എച്ച്.രാജ, സി.ടി രവി, പൊൻ രാധാകൃഷ്ണൻ എന്നിവടരക്കം നൂറോളം ബിജെപി പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവള്ളൂരിൽ വച്ചാണ് പൊലീസ് യാത്ര തടഞ്ഞത്. രാവിലെ പൂനമല്ലിക്ക് സമീപത്തും പൊലീസ് യാത്ര തടഞ്ഞിരുന്നു. കേവിഡ് പ്രോട്ടോകോൾ പ്രകാരം യാത്രയ്ക്ക് അനുമതിയില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു.

മുരുകന്റെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തമിഴ്‌നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നിൽക്കുന്ന വേൽയാത്ര. നവംബർ ആറ് മുതൽ ഡിസംബർ ആറ് വരെയാണ് യാത്ര നടത്താൻ ബിജെപി ഉദ്ദേശിച്ചിരുന്നത്. എന്നാൽ ബാബ്റി മസ്ജിത്ത് തകർത്തതിന്റെ വാർഷിക ദിനമായ ഡിസംബർ 6 ന് അവസാനിക്കുന്ന വേൽ യാത്ര വർഗീയ വിദ്വേഷം ലക്ഷ്യമിട്ടെന്ന് ഡിഎംകെ, സിപിഎം ഉൾപ്പടെ ആരോപിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി എംജിആറിന്റെ പിൻഗാമി എന്ന് വിശേഷിപ്പിച്ചാണ് യാത്ര. യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള നേതാക്കൾ അടുത്ത ആഴ്ച തമിഴ്‌നാട്ടിലെത്തും. സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രജനീകാന്തിനെ വേദിയെലത്തിക്കാനും ചർച്ചകൾ സജീവമാണ്. മാറ്റത്തിന്റെ തുടക്കമെന്നും സമാപന സമ്മേളനം പുതിയ സഖ്യ സമ്മേളനത്തിന്റെ വേദിയാകുമെന്നും ബിജെപി അവകാശപ്പെട്ടു. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് അണ്ണാ ഡിഎംകെ സർക്കാർ അനുമതി നിഷേധിച്ചത്. അണ്ണാഡിഎംകെയുടെ അപ്രതീക്ഷിത നീക്കത്തിൽ ബിജെപിക്കുള്ളിൽ അതൃപ്തി പുകയുകയാണ്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സഖ്യകക്ഷികളായ എ.ഐ.എ.ഡി.എം.കെ- ബിജെപി പോര് ഭിന്നത മറ നീക്കി പുറത്തുവരുകയാണ്. നേരത്തെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ എം.ജി.ആറിന്റെ ചിത്രം ഉപയോഗിക്കരുതെന്ന് എ.ഐ.എ.ഡി.എം.കെ, ബിജെപിയോട് പറഞ്ഞിരുന്നു.കോവിഡ് പ്രോട്ടോകോൾ നിലനിൽക്കെ യാത്ര അനുവദിക്കരുതെന്ന് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. മാത്രമല്ല യാത്ര അവസാനിക്കുന്ന ഡിസംബർ ആറിനാണ് ബാബരി മസ്ജിദ് തകർത്തതിന്റെ വാർഷികവും. ഇത് സംഘർഷത്തിനിടയാക്കുമെന്ന് ഹരജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

മുരുകനെ സ്തുതിക്കുന്ന കൃതിയെ കളിയാക്കി കറുപ്പർകൂട്ടമെന്ന പെരിയാറിസ്റ്റ് ഗ്രൂപ്പ് വീഡിയോ പുറത്തിറക്കിയിരുന്നു. ഇതിൽ മതനിന്ദ ആരോപിച്ച് ബിജെപിയും മറ്റു സംഘപരിവാർ സംഘടനകളും രംഗത്തുവന്നിരുന്നു. ആ പ്രതിഷേധത്തിന്റെ ഭാഗമായാണ് മുരുകനെ സംരക്ഷിക്കാൻ എന്ന മുദ്രാവാക്യം ഉയർത്തി വെട്രിവേൽ യാത്ര ബിജെപി സംഘടിപ്പിച്ചത്. വെള്ളിയാഴ്ചമുതൽ ഡിസംബർ ആറുവരെയാണ് ബിജെപി. സംസ്ഥാനത്ത് 'വെട്രിവേൽ യാത്ര'യ്ക്ക് പദ്ധതിയിട്ടത്.

ഇന്ന് രാവിലെ എൽ.മുരുകന്റെ വീട്ടിൽ നിന്നാണ് യാത്ര ആരംഭിച്ചത്. തിരുത്തണിയിലേക്ക് അഞ്ചുവാഹനങ്ങൾക്ക് മാത്രമാണ് പൊലീസ് അനുമതി നൽകിയത്. എന്നാൽ ഈ നിബന്ധന ബിജെപി. അംഗീകരിച്ചില്ല. അനുമതി ഇല്ലാതെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് പറഞ്ഞ് പൊലീസ് യാത്ര തടയുകയും എൽ.മരുകൻ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്ഥലത്ത് ചെറിയതോതിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. ആറുജില്ലകളിൽ നിന്നെത്തിയ 1200-ഓളം പൊലീസുകാർ തിരുത്തണി മുരുകൻ ക്ഷേത്രത്തിന് മുന്നിൽ സുരക്ഷയൊരുക്കിയിരുന്നു.