തൃശൂർ: അതിരപ്പിള്ളി -വാഴച്ചാൽ വനപാതയിൽ കരിമ്പുലിയെ കണ്ടെത്തി. അപൂർവ്വമായാണ് കരിമ്പുലിയെ കാണാറുള്ളത്. പൊലീസ് വാഹനത്തിന് മുന്നിലാണ് പുലി വന്നുവെട്ടത്. വാഹനത്തിന് വട്ടം ചാടി. ഇന്നലെ രാത്രി 8 മണിയോടെ പുളിയിലപ്പാറക്കും വാച്ചുമരത്തിനും ഇടയിലാണ് മലക്കപ്പാറ പൊലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് മുമ്പിലൂടെ കരിമ്പുലി വട്ടം ചാടിയത്. റോഡിന് കുറുകെ കടന്ന പുലി കുറച്ച് സമയം വഴിയരികിൽ നിലയുറപ്പിച്ച ശേഷമാണ് കാട്ടിൽ മറഞ്ഞത്.

ആദ്യം മരത്തിനു ചുവട്ടിലെ അടിക്കാടിൽ ഒളിക്കാൻ ശ്രമം നടത്തിയെങ്കിലും വാഹനത്തിന്റെ വെളിച്ചം അടിച്ചതോടെ തിരിഞ്ഞ് നോക്കി കാട്ടിലേക്കു ഓടി മറയുകയായിരുന്നു. ഔദ്യോഗീക ആവശ്യത്തിനു ചാലക്കുടിയിലേക്ക് പോകുകയായിരുന്ന മലക്കപ്പാറ സ്റ്റേഷൻ ഒഫീസർ ഡി.ദീപു, സിവിൽ പൊലീസ് ഒഫീസർമാരായ പി.ഡി രാജേഷ്, വൈ.വിൽസൻ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

ഇവരാണ് നിമിഷങ്ങൾക്കുള്ളിൽ കരിമ്പുലിയുടെ ചിത്രം മൊബൈലിൽ പകർത്തിയത്. ഈ മേഖലയിൽ വനംവകുപ്പ് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിൽ കരിമ്പുലിയുടെ ചിത്രം ലഭിച്ചിട്ടുണ്ടെന്നും ഉൾക്കാട്ടിൽ പുലിയുടെ സാന്നിധ്യമുണ്ടെന്നും വനം വകുപ്പ് അധികാരികൾ അറിയിച്ചു.