അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോൾസ് റോയ്സ് ലേലത്തിൽ എന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെ ആ കാർ സ്വന്തമാക്കാനൊരുങ്ങുകയാണ് മലയാളി വ്യവസായിയായ ബോബി ചെമ്മണ്ണൂർ. ലേലത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതായി ബോബി ചെമ്മണ്ണൂർ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ അറിയിച്ചിരിക്കുന്നത്. പ്രസിഡൻറ് സ്ഥാനം ഒഴിയുന്നതോടെ തന്റെ ആഡംബര വാഹനവും ട്രംപ് വിൽക്കാൻ ഒരുങ്ങുകയാണെന്നാണ് വാർത്തകൾ.

അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കുന്നത് വരെ അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനമാണിത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ പ്രധാനപ്പെട്ട ലേല വെബ്സൈറ്റായ മേകം ഓക്ഷൻസിൽ ഈ വാഹനം പ്രത്യക്ഷപ്പെട്ടത്. 2010 മോഡൽ ബ്ലാക്ക് നിറത്തിലുള്ള റോൾസ് റോയിസ് ഫാന്റം കാറാണ് ഇത്. മെകം ഓക്ഷന്റെ ഒഫീഷ്യൽ വെബ്സൈറ്റിലാണ് കാർ ലേലത്തിന് ഇട്ടിരിക്കുന്നത്. ഏതാണ്ട് 2.9 കോടി രൂപ വരെയാണ് ഇതിന് വില വരുന്നത്. "എനിക്ക് ഏറെ പ്രിയപ്പെട്ട വാഹനമാണിത്, ഏറ്റവും മികച്ച ഒന്ന്, ബെസ്റ്റ് ഓഫ് ലക്ക്," എന്ന് ട്രംപ് സൈൻ ചെയ്ത ഓട്ടോഗ്രാഫും ഈ റോൾസ് റോയ്സ് വാങ്ങുന്നവർക്ക് ലഭിക്കുമെന്നാണ് പ്രത്യേകത.

നിലവിൽ 56,700 മൈലാണ് (91,249 കിലോമീറ്റർ) ഈ ആഡംബരവാഹനം ഒടിയിട്ടുള്ളത്. 2010-ൽ റോൾസ് റോയ്സ് പുറത്തിറക്കിയ 537 യൂണിറ്റുകളിൽ ഒന്നാണ് ട്രംപ് സ്വന്തമാക്കിയത്. മൂന്ന് ലക്ഷം ഡോളർ മുതൽ നാല് ലക്ഷം ഡോളർ വരെയാണ് (ഏകദേശം 2.2 കോടി രൂപ മുതൽ 2.9 കോടി രൂപ വരെ) ഈ വാഹനത്തിന് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വില.

തീയേറ്റർ പാക്കേജ്, സ്റ്റാർലൈറ്റ് ഹെഡ്ലൈനർ, ഇലക്ട്രോണിക് കർട്ടൺ തുടങ്ങിയ അത്യാഡംബര ഫീച്ചറുകളും ഈ ഫാന്റത്തിനുള്ളിൽ ഒരുങ്ങിയിട്ടുണ്ട്. കരുത്തേറിയ 6.75 ലിറ്റർ വി-12 പെട്രോൾ എൻജിനാണ് റോൾസ് റോയിസ് ഫാന്റത്തിൽ പ്രവർത്തിക്കുന്നത്. ഇത് 453 ബി.എച്ച്.പി.പവറും 720 എൻ.എം.ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാൻസ്മിഷൻ. 5.2 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോ മീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 240 കിലോ മീറ്ററാണ്.

അമേരിക്കൻ പ്രസിഡന്റിന്റെ റോൾസ് റോയ്സ് വാങ്ങാൻ ഒരുങ്ങുന്നു. #bobychemmanur #rollsroyce

Posted by Boby Chemmanur on Sunday, January 10, 2021