ഇസ്ലാമിക തീവ്രവാദി സംഘടനകൾക്കിടയീൽ കുടിപ്പക മറ്റൊരു തീവ്രവാദി നേതാവിന്റെ ജീവൻ കൂടി എടുത്തിരിക്കുന്നു. നൈജീരിയൻ ഭീകര സംഘടനയായ ബോക്കോ ഹറാമിന്റെ നേതാവാണ് ബെൽറ്റ് ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്തത്. 2014- ൽ 300സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ സൂത്രധാരനായ അബുബക്കർ ഷെകാവുവിനാണ് ഈ ഗതി വന്നത്. പടിഞ്ഞാറൻ ആഫ്രിക്കൻ പ്രവിശ്യയിൽ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികളുമായി ബൊക്കാ ഹറാം യുദ്ധം നടത്തി വരികയായിരുന്നു.

വടക്കൻ നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് കാര്യമായി സ്വാധീനം നേടിവരുന്നത് ബൊക്കാ ഹറാമിനെ ചൊടിപ്പിച്ചിരുന്നു. ഇസ്ലാമി സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്ന തീവ്രവാദി സംഘടനയുടേ വരവോടെ ബൊക്കാ ഹറാമിന്റെ പ്രസക്തി ഇവിടെ നഷ്ടപ്പെട്ടു. മത തീവ്രവാദത്തിന്റെ പേരിൽ സമ്പത്ത് വർദ്ധിപ്പിക്കുക എന്നതുമാത്രമാണ് ഇരുസംഘടനകളുടെയും ലക്ഷ്യം. ഒന്ന് മറ്റൊന്നിന് വിഘാതമായി വരുന്നു എന്നായപ്പോഴാണ് ഇവർ തമ്മിലുള്ള പോരാട്ടം തുടങ്ങിയത്.

ഇസ്ലാമിക് സ്റ്റേറ്റുമായി ഏറ്റുമുട്ടുന്നതിനിടയിൽ താൻ പിടിക്കപ്പെടും എന്ന ഘട്ടം വന്നപ്പോഴാണ് ഇയാൾ ബെൽറ്റ് ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്തതെന്നാണ് ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, സർക്കാർ ഭാഗത്തുനിന്നും ഇതിനു സ്ഥിരീകരണം ലഭിച്ചിട്ടില്ല. നിലവിൽ, ലോകത്തിലെ തന്നെ, ഏറ്റവുമധികം കാലം ഒരു തീവ്രവാദ സംഘടനയുടെ നേതൃത്വത്തിൽ തുടർന്ന വ്യക്തിയാണ് ഷെകാവു.

ഷെകാവുവിന്റെ മരണവാർത്ത ശ്രദ്ധയോടെ പരിശോധിക്കുകയാണെന്നായിരുന്നു നൈജീരിയൻ സൈന്യത്തിന്റെ പ്രതികരണം. വിശദമായ ഒരു അന്വേഷണവും ഇക്കാര്യത്തിൽ നടത്തുന്നുണ്ട്. ഇതിനു മുൻപും ഇയാൾ മരണപ്പെട്ടതായി വാർത്തകൾ വന്നിരുന്നു എന്നും അതിനുശേഷവും ഇയാൾ തീവ്രവാദപ്രവർത്തനങ്ങളുമായി സജീവമായിരുന്നു എന്നും സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.