തലശേരി: കുന്നോത്തുപറമ്പിൽ വീടിന് സമീപത്തെ മതിലിനിടയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ നാല് നാടൻ ബോംബ് പിടികൂടി. പൊയിലൂർ തൂവക്കുന്ന്റോഡിൽ തട്ടിൽപീടികക്ക് സമീപത്തെ വീട്ടുപറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തെ തുടർന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. ചൊവ്വാഴ്‌ച്ച രാവിലെ പത്തരയോടെയാണ് സംഭവം.

കൊളവല്ലൂർ ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ ബോംബ് സ്‌ക്വാഡ് എസ്‌ഐ എം.സി ജിയാസ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീണൻ, സനൽ, ഡോഗ് സ്‌ക്വാഡ് സി.പി.ഒ രതീഷ് ബാബു എന്നിവർ പൊലീസ് ഡോഗ് ലൗലിയുടെ സഹായത്തോടെയായിരുന്നു റെയ്ഡ്.

കഴിഞ്ഞ ദിവസം രാത്രി സ്റ്റീൽ ബോംബ് സ്ഫോടനം ഉണ്ടായിരുന്നതിന്റെ സമീപത്തു നടത്തിയ റെയ്ഡിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബുകൾ കസ്റ്റഡിയിലെടുത്ത ബോംബ് സ്‌ക്വാഡ് സംഘം നിർവീര്യമാക്കിയിട്ടുണ്ട്.