മുംബൈ: കോവിഡ് വ്യാപനത്തിന്റെ പേരിൽ ഡൽഹിയിലെ തബ്ലീ​ഗ് ജമാ അത്തിനെത്തിയ 29 വിദേശികൾക്കെതിരായ എഫ്ഐആർ റദ്ദാക്കി മുംബൈ ഹൈക്കോടതി. ഇറാൻ, ഐവറി കോസ്റ്റ്, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 29 പേർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ, പകർച്ചവ്യാധി നിയന്ത്രണ നിയമം, മഹാരാഷ്ട്ര പൊലീസ് ആക്ട്, ദുരന്ത നിവാരണ നിയമം, ഫോറിനേഴ്‌സ് നിയമം, വിസ ചട്ട ലംഘനം എന്നിവയിലെ പല വകുപ്പുകളും ചുമത്തിയാണ് എഫ്‌.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ഇതിൽ സർക്കാരിനും പൊലീസിനും എതിരെ രൂക്ഷ വിമർശനമാണ് കോടതി ഉയർത്തിയത്. പ്രതിചേർക്കപ്പെട്ട വിദേശികൾ വിസചട്ടങ്ങൾ ലംഘിക്കുകയോ രാജ്യത്ത് കോവിഡ് പരത്തുന്നതിന് കാരണക്കാരാവുകയോ ചെയ്തതിന് തെളിവുകളൊന്നും തന്നെയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഏഴ് ഇന്ത്യക്കാർക്കെതിരെയും കേസെടുത്തിരുന്നു. ഇവർക്കെതിരായ എഫ്‌.ഐ.ആറും കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ടി.വി. നലവാഡെ, എം.ജി. സെവിൽകർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.

പർച്ചവ്യാധിയോ ദുരന്തമോ ഉണ്ടാവുമ്പോൾ ഒരു ബലിയാടിനെ കണ്ടെത്താൻ സർക്കാരുകൾ ശ്രമിക്കാറുണ്ട്. സാഹചര്യങ്ങൾ പരിശോധിച്ചാൽ ഈ വിദേശികളെ ബലിയാടാക്കാനായി തിരഞ്ഞെടുത്തുവെന്നാണ് മനസിലാക്കാനാകുന്നതെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ പൊലീസ് യാന്ത്രികമായാണ് പ്രവർത്തിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പുറത്താണ് ഈ കേസെടുത്തതെന്നതാണ് ഇതിനാൽ ബോധ്യമാകുന്നത്. പൊലീസ് ക്രിമിനൽ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്നും കോടതി വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിൽനിന്ന് വരുന്ന വിവിധ മതവിശ്വാസികളോട് വ്യത്യസ്ത സമീപനം സർക്കാർ പുലർത്താൻ പാടില്ല. മതപരവും സാമൂഹ്യപരവുമായ സഹിഷ്ണുത ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും അത്യാവശ്യമാണ്. ഇത് ഭരണഘടന ശഠിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡൽഹിയിലെ തബ്‌ലീഗ് ജമാഅത്ത് സഭ നടന്നതിന് ശേഷം പുറപ്പെടുവിച്ചവ ഉൾപ്പെടെ കേന്ദ്രം പുറപ്പെടുവിച്ച വിവിധ സർക്കുലറുകളും മാർഗനിർദ്ദേശങ്ങളും കോടതി പരാമർശിച്ചു, വിദേശികൾ മതസ്ഥലങ്ങൾ സന്ദർശിക്കുന്നതിനും മതപ്രഭാഷണങ്ങളിൽ പങ്കെടുക്കുന്നത് പോലുള്ള സാധാരണ മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിനും യാതൊരു നിയന്ത്രണവുമില്ലെന്നും നിരീക്ഷിച്ചു.

ഇറാൻ, ഐവറി കോസ്റ്റ്, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ. ഇന്ത്യൻ സർക്കാർ നൽകിയ സാധുവായ വിസയിലൂടെയാണ് തങ്ങൾ ഇന്ത്യയിലെത്തിയതെന്ന് പരാതിക്കാർ കോടതിയെ ബോധിപ്പിച്ചു. ''ഇന്ത്യൻ സംസ്‌കാരം, പാരമ്പര്യം, ആതിഥ്യമര്യാദ, ഇന്ത്യൻ ഭക്ഷണം എന്നിവ അനുഭവിച്ചറിയാനാണ് തങ്ങൾ വന്നത്. നടപടിക്രമങ്ങൾക്കനുസൃതമായി വിമാനത്താവളത്തിൽ പരിശോധന നടത്തിയിരുന്നു. താമസം സംബന്ധിച്ച് പ്രാദേശിക അധികാരികളെ അറിയിച്ചിരുന്നു." മതപരമായ ചടങ്ങുകൾ അനുഷ്ഠിക്കാനാണ് അല്ലാതെ, മതം പ്രചരിപ്പിക്കാനല്ല വന്നതെന്നും അവർ പറഞ്ഞു. എന്നാൽ, ഇക്കാര്യം പൊലീസ് എതിർത്തു. സന്ദർശക വിസയിലെത്തിയ ഇവർ വിസ ചട്ടങ്ങളിൽ ലംഘനം നടത്തിയതായി പൊലീസ് വാദിച്ചു.