ദുബായ്: കായികലോകത്തെ കണ്ണീരിലാഴ്‌ത്തിക്കൊണ്ട് ദുബായിൽ നിന്നൊരു ദുഃഖവാർത്ത. പ്രശസ്ത ബോക്സിങ് താരം ക്രിസ് യൂബാങ്കിന്റെ മകനുംഹെവിവെയ്റ്റ് ബോക്സിങ് താരവുമായ സെബാസ്റ്റ്യൻ മരണമടഞ്ഞു. ദുബായിലെ തന്റെ വീടിനടുത്താണ് അദ്ദേഹത്തെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്‌ച്ച കൂടി കഴിഞ്ഞാൽ 30 വയസ്സ് ആകുന്ന താരത്തിന് ആദ്യ കുട്ടി ജനിച്ചിട്ട് ഏതാനും ആഴ്‌ച്ചകൾ മാത്രമേ ആകുന്നുള്ളു. ഭാര്യ സൽമയോടും മകൻ റഹീമിനും ഒപ്പം താമസിക്കുന്ന വസതിക്ക് സമീപമുള്ള ബീച്ചിലാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇംഗ്ലണ്ടിൽ ജനിച്ച സെബാസ്റ്റ്യൻ കഴിഞ്ഞ കുറേ വർഷങ്ങളായി ദുബായിൽ ആണ് താമസം. പേഴ്സണൽ ട്രെയിനറും, പ്രൊഫഷണൽ ബോക്സറും ആയ അദ്ദേഹ ആരോഗ്യകരമായ ജീവിതരീതികൾ പിന്തുടരുന്നതിനെ കുറിച്ച് ഏറെ പ്രചാരണങ്ങൾ നടത്തുന്ന വ്യക്തികൂടി ആയിരുന്നു. നല്ലൊരു ചിന്തകൻ കൂടിയായ സെബാസ്റ്റ്യന് ദുബായിൽ വലിയൊരു സൗഹൃദവലയവും ഉണ്ടായിരുന്നു. 2018-ൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ പോളിഷ് താരം കാമിൽ കുൾസിക്കിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു സെബാസ്റ്റ്യൻ ലോക ബോക്സിങ് രംഗത്ത് ശ്രദ്ധനേടിയത്.

ജേഷ്ഠനായ ക്രിസ് ജൂനിയർ, കസിൻ, ഹാർലെം, അർദ്ധസഹോദരൻ നതാനിയൽ വിൽസൺ എന്നിവർക്ക് ശേഷം ഈ കുടുംബത്തിൽ നിന്നും ബോക്സിങ് രംഗത്തെത്തുന്ന നാലാമത്തെ വ്യക്തിയാണ് സെബാസ്റ്റ്യൻ. ക്രിസ് യൂബാങ്കിന്റെ ആദ്യ വിവാഹത്തിലെ നാലുമക്കളിൽ ഒരാളായ സെബാസ്റ്റ്യൻ ജനിച്ചത് ഇംഗ്ലണ്ടിലായിരുന്നെങ്കിലും വളർന്നത് അമേരിക്കയിലായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ മേൽ ഉണ്ടായ ചില തർക്കങ്ങളായിരുന്നു ഇതിനു കാരണം. അമേരിക്കയിൽ ഐറിൻ ഹട്ടൻ എന്ന ഒരു രക്ഷകർത്താവിനൊപ്പമായിരുന്നു സെബാസ്റ്റ്യൻ വളർന്നത്. സഹോദരൻ ക്രിസ് ജൂനിയറും കൂടെയുണ്ടായിരുന്നു.

എന്നാൽ, ഇക്കാര്യം വെളിവായതോടെ വിവാഹമോചനം നേടിയ ഭാര്യ നിയമനടപടികൾ സ്വീകരിച്ച് ഇവരെ ബ്രിട്ടനിലേക്ക് തന്നെ തിരികെ കൊണ്ടുവരികയായിരുന്നു. ബോക്സിങ് റിംഗിനകത്തും പുറത്തും ഏറെ വിവാദങ്ങൾ സൃഷ്ടിച്ച യൂബാങ്കിനെ പോലെ ആടിത്തിമിർക്കുന്ന ഒരു ജീവിതമായിരുന്നില സെബാസ്റ്റ്യന്റെത്. തികച്ചു ശാന്തമായ ഒരു കുടുംബജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഇതുതന്നെയാണ് മരണത്തെ കുറിച്ച് ഏറെ സംശയങ്ങൾ ഉയരാനും കാരണമായിട്ടുള്ളത്.