സിഡ്‌നി: ഐപിഎല്ലിൽ കേരളത്തിൽ നിന്നുള്ള ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ താരങ്ങൾക്ക് ഇപ്പോഴും പ്രതിഫലത്തുക കിട്ടാനുണ്ടെന്ന് ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഡ്ജ്. പ്രതിഫലത്തിന്റെ മുപ്പത്തിയഞ്ച് ശതമാനം ഇപ്പോഴും കിട്ടാനുണ്ടെന്നാണ് ഹോഡ്ജ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ പണം കിട്ടാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്നും ഓസീസ് താരം ബിസിസിഐയോട് ചോദിക്കുന്നു. ഹോഡ്ജ് 2010ൽ കൊച്ചി ടസ്‌കേഴ്‌സിനായി 14 കളിയിൽ 285 റൺസ് നേടിയിരുന്നു. രാഹുൽ ദ്രാവിഡ്, എസ്. ശ്രീശാന്ത്, മഹേല ജയവർധനെ, രവീന്ദ്ര ജഡേജ തുടങ്ങിയവരും കൊച്ചി ടസ്‌കേഴ്‌സ് താരങ്ങളായിരുന്നു.

2011ൽ ഐപിഎല്ലിൽ രണ്ട് ടീമുകളെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ച ബിസിസിഐ പൂണെ വാരിയേഴ്‌സിനൊപ്പം കൊച്ചി ടസ്‌കേഴ്‌സിനെയും ഐപിഎല്ലിന്റെ ഭാഗമാക്കുന്നത്. എന്നാൽ ആദ്യ സീസണുശേഷം ഉടമസ്ഥർ തമ്മിലുള്ള തർക്കം മൂലം ബിസിസിഐക്ക് നൽകേണ്ട ബാങ്ക് ഗ്യാരണ്ടി നൽകുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ ടസ്‌കേഴ്‌സിനെ ബിസിസിഐ പുറത്താക്കി. ഇതിനെതിരെ കോടതിയെ സമീപിച്ച ടസ്‌കേഴ്‌സ് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നഷ്ടപരിഹാരത്തിനുള്ള അനുകൂല വിധി നേടിയിരുന്നു.

ടി20 വനിതാ ലോകകപ്പ് ഫൈനലിൽ കളിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐ ഇതുവരെ സമ്മാനത്തുക നൽകിയില്ലെന്ന ലണ്ടനിലെ ടെലഗ്രാഫ് പത്രത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഹോഡ്ജ് ഈ വാർത്തകൂടി ചേർത്ത് ടസ്‌കേഴ്‌സിന്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാവുമോ എന്ന് ചോദിച്ച് ട്വീറ്റ് ചെയ്ത്.

ബിസിസിഐയെ ടാഗ് ചെയ്തായിരുന്നു ഹോഡ്ജിന്റെ ട്വീറ്റ്. കളിക്കാർക്ക് 35 പ്രതിഫലത്തിന്റെ 35 ശതമാനം ഇപ്പോഴും നൽകാനുണ്ടെന്നും ഇതെവിടെയാണെന്ന് കണ്ടെത്തി തരാനാവുമോ എന്നാണ് ഹോഡ്ജ് ചോദിച്ചിരിക്കുന്നത്.