ബ്രസീലിയ: പൊതുപരിപാടിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ബ്രസീൽ പ്രസിഡന്റ് ജൈ ബോൾസനാരോയ്ക്ക് പിഴ ചുമത്തി. മരൻഹോ സംസ്ഥാനത്തെ ഗവർണറാണ് പിഴ ചുമത്തിയത്. കോവിഡ് വ്യാപനത്തെ പിടിച്ചുനിർത്താൻ കഠിന ശ്രമത്തിലാണ് ബ്രസീൽ. ഇതിനിടയിലാണ് പ്രസിഡന്റിന്റെ നിയമലംഘനം. ആരോഗ്യവിഭാഗം പ്രസിഡന്റിനെതിരെ കേസെടുത്തു.

സംസ്ഥാനത്ത് പൊതുപരിപാടിയിൽ 100 ൽ കൂടുതൽ പേർ പങ്കെടുക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും ഗവർണർ ഫ്‌ളാവിയോ ഡിനോ പറഞ്ഞു. എന്നാൽ സംഭവത്തോട് ബോൾസനാരോയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. പരിപാടിയിൽ ബോൾസനാരോ മാസ്‌ക് ധരിച്ചിരുന്നില്ല. മാത്രമല്ല, ഗവർണ ഡിനോയെ ചബ്ബി ഡിക്ടേറ്റർ (കൊഴുത്ത സ്വേച്ഛാധിപതി) എന്നും ആക്ഷേപിച്ചിരുന്നു.

കോവിഡ് മാനദണ്ഡങ്ങളെ എല്ലായിപ്പോഴും വിമർശിക്കുകയും കോവിഡ് ഒരു മഹാമാരിയേ അല്ലെന്ന് അവകാശവാദമുന്നയിക്കുകയും ചെയ്തിട്ടുള്ള ബോൾസനാരോ, ഗവർണർ കൊണ്ടുവന്ന കോവിഡ് നിയന്ത്രണങ്ങളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ സ്വേച്ഛാധിപതിയെന്ന് വിളിച്ചത്. കോവിഡ് മരണങ്ങളിൽ ലോകത്ത് അമേരിക്ക കഴിഞ്ഞാൽ രണ്ടാം സ്ഥാനം ബ്രസീലിനാണ്.