ചെന്നൈ: അഴിമതിക്കാരനാണെന്നാരോപിച്ച് യുവാവ് ഓഫീസിന് പുറത്ത് നിർത്തിയിട്ട തഹസിൽദാരുടെ വാഹനം കത്തിച്ചു. തമിഴ്‌നാട്ടിലെ കണ്ടാച്ചിപുരത്താണ് സംഭവം. ബൊലേറോ വാഹനമാണ് കത്തിച്ച് കളഞ്ഞത്. വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോഴെക്കും വാഹനത്തിന്റെ ഉൾവശം പൂർണമായി കത്തിയിരുന്നു.

ഒരാൾ ഓഫീസിന്റെ മുറ്റത്ത് എത്തി വാഹനത്തിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും ടിന്നർ വാഹനത്തിനകത്തേക്ക് ഒഴിച്ച് തീകൊളുത്തന്നതും സിസിടിവിയിൽ വ്യക്തമായിരുന്നു. അതിന് ശേഷം അയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്.

തുടർന്ന് നടന്ന അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി. തഹസിൽദാർ അഴിമതിക്കാരനാണെന്നും എല്ലാത്തിനും കൈക്കൂലി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് വാഹനത്തിന് തീകൊളുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഓഫീസിന്റെ 20 ജനൽചില്ലുകൾ അടിച്ചുതകർത്തതായും പ്രതി പൊലീസിനോട് സമ്മതിച്ചു.

ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.