ലണ്ടൻ: കോവിഡിനെതിരെയുള്ള യുദ്ധത്തിന്റെ അവസാനം അടുത്തിരിക്കുന്നു എന്നതിന്റെ സൂചനയായി ആഴ്‌ച്ചയിൽ പത്തു ശതമാനം എന്ന നിരക്കിൽ രോഗവ്യാപന തോത് കുറഞ്ഞുവരികയാണ്. ഇന്നലെ 2,166 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം, 29 കോവിഡ് മരണങ്ങളും രേഖപ്പെടുത്തുകയുണ്ടായി. വരുന്ന മാസങ്ങളിൽ ബ്രിട്ടൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന് പ്രത്യാശിക്കുന്നതായി ഡെപ്യുട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥൻ വാം-ടാം ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞു. വാക്സിൻ പദ്ധതി വിജയകരമായി പുരോഗമിക്കുന്നതിനാൽ മറ്റൊരു ലോക്ക്ഡൗണിന്റെ ആവശ്യം വരികയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലണ്ടിലെ 68.3 ശതമാനം പേരിൽ കൊറോണയ്ക്കെതിരായ ആന്റിബോഡികൾ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഏപ്രിൽ 11 വരെയുള്ള കണക്കാണിത്. അതായത്, ജനസംഖ്യയിൽ, കോവിഡിനെതിരെ പ്രതിരോധശേഷിയുള്ളവരുടെ എണ്ണം ഭൂരിപക്ഷമായിരിക്കുന്നു എന്നർത്ഥം. വക്സിൻ പദ്ധതിയുടെ വിജയം തന്നെയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ, 1,16,328 പേർക്ക് ആദ്യ ഡോസ് നൽകിയപ്പോൾ 3,79,265 പേർക്കാണ് വാക്സിന്റെ രണ്ടാം ഡോസ് നൽകിയത്.ഇതോടെ 34 മില്ല്യൺ ബ്രിട്ടീഷുകാർക്ക് വാക്സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചുകഴിഞ്ഞിരിക്കുന്നു. 13,5 മില്ല്യൺ ആളുകൾക്ക് രണ്ടു ഡോസുകളും ലഭിച്ചിട്ടുണ്ട്.

ഇതിനിടയിൽ ഇന്നലെ ഒരു പഠനത്തിൽ വെളിപ്പെട്ടത്, വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തെന്നാൽ, രോഗം പിടിപെടാതിരിക്കാനുള്ള സാധ്യത മാത്രമല്ല, അത് മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത കൂടി കുറവാകും എന്നാണ്. നിലവിൽ രോഗവ്യാപനം ക്രമമായി കുറയുന്നതിനാൽ ഒരു മൂന്നാം തരംഗത്തിനുള്ള സാധ്യത ഇല്ലെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ഇനി അഥവാ ഉണ്ടാവുകയാണെങ്കിൽ തന്നെ അത് വളരെ ചെറിയ തോതിലൊരു രോഗവ്യാപനത്തിൽ ഒതുങ്ങുമെന്നും അവർ പറയുന്നു.

അതേസമയം, 42 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി ഈ ആഴ്‌ച്ച വാക്സിൻ നൽകിത്തുടങ്ങും. അടുത്ത ആഴ്‌ച്ച മുതൽ 30 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും നൽകി തുടങ്ങും. എന്നാൽ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കായിരിക്കും ആദ്യം മുൻഗണന നൽകുക. ഏതെങ്കിലും സ്ഥലങ്ങളിൽ ജി പി യുടെ കൈവശം വാക്സിന്റെ അധിക സ്റ്റോക്കുണ്ടെങ്കിലും ആ പ്രദേശത്തെ യുവാക്കൾക്ക് പെട്ടെന്ന് വാക്സിൻ ലഭിക്കും.

സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ തന്നെ, ലോക്ക്ഡൗൺ നിയന്ത്രണം മുൻപ് നിശ്ചയിച്ചതുപോലെ കരുതലോടെ മാത്രം മതിയെന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയുടെ ഉപദേശം. പബ്ബുകളും റെസ്റ്റോറന്റുകളും ഇൻഡോർ സേവനങ്ങൾ നൽകുന്നത് മെയ്‌ 17 ന് ശേഷം മതിയെന്നും അവർ പറയുന്നു. വിദേശയാത്രകൾക്ക് മീതെയുള്ള നിയന്ത്രണവും അപ്പോൾ മാത്രമായിരിക്കും നീക്കുക. ധൃതിപിടിച്ച് ഇളവുകൾ നൽകുന്ന ആത്മഹത്യാപരമായിരിക്കും എന്നാണ് അവർ പറയുന്നത്.