ലണ്ടൻ: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകളിൽ ഒരു മലക്കം മറിച്ചിൽ പോലെ ചില നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവരികയാണ് ബ്രിട്ടീഷ് സർക്കാർ. കൊറോണയുടെ രണ്ടാം വരവ് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. രോഗവ്യാപനം ഇനിയും ഒരിക്കൽ കൂടി നിയന്ത്രണാധീതമാകുവാൻ അനുവദിക്കരുത് എന്ന മുന്നറിയിപ്പാണ് ഇന്നലെ പ്രധാന മന്ത്രി ബോറിസ് ജോൺസൺ നൽകിയത്. പുതിയ നിയന്ത്രണമനുസരിച്ച് ആറ് പേരിൽ കൂടുതൽ കൂട്ടം ചേരുന്നത് നിരോധിച്ചിരിക്കുകയാണ്.

തിങ്കളാഴ്‌ച്ച മുതൽ, ഇംഗ്ലണ്ടിൽ എവിടെയും, മുറിക്കുള്ളിലോ പുറത്തോ, ഏഴോ അതിൽ കൂടുതലോ ആളുകൾ കൂട്ടം കൂടുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമായി പ്രഖ്യാപിച്ചു. ജൂലായ് 4 ന് 30 പേർക്ക് വരെ കൂട്ടം കൂടാം എന്നൊരു ഇളവ് നൽകിയിരുന്നു. ഇതിൽ നിന്നുള്ള മലക്കം മറിച്ചിലാണ് ഇപ്പോഴത്തെ ആറ് എന്ന പരിധി. നിയമം ലഘിക്കുന്നവർക്ക് 100 പൗണ്ട് പിഴ നൽകേണ്ടിവരും. എന്നാൽ ഇത് ആവർത്തിച്ചാൽ പിഴ 3200 ആയി വർദ്ധിക്കും. പെട്ടെന്നുണ്ടായ ഈ നീക്കം ഇനിയുമൊരു ലോക്ക്ഡൗൺ കൂടി വരുമോ എന്ന ഭയം ഉണർത്തുന്നുണ്ട്.

വൈറസിന്റെ മറ്റൊരു വ്യാപനം തടയുവാൻ ഇപ്പഴേ പ്രവർത്തനങ്ങൾ ആരംഭിക്കണം. അതിനാണ് സാമൂഹിക സമ്പർക്കവുമായി ബന്ധപ്പെട്ട ഈ പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത് എന്ന് ബോറിസ് പറഞ്ഞു. ഈ നിയമം ജനങ്ങൾ അനുസരിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്ന് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി, അക്കൂട്ടത്തിൽ കൈ കഴുകുക, മുഖം മറയ്ക്കുക, സാമൂഹിക അകലം പാലിക്കുക, രോഗലക്ഷണം പ്രകടമായാൽ ഉടൻ രോഗപരിശോധനക്ക് വിധേയരാകുക എന്നീ കാര്യങ്ങളും വീഴ്‌ച്ച വരുത്താതെ പിന്തുടരണമെന്നും ആവശ്യപ്പെട്ടു.

ഞായറാഴ്‌ച്ച പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട വൈറസ് ബാധകളുടെ എണ്ണം ഇരട്ടിയായി 3000 ത്തിൽ എത്തിയതാണ് ഇപ്പോൾ ധൃതിപിടിച്ച് പുതിയ നിയന്ത്രണം ഏർപ്പെടുത്താൻ കാരണമായി പറയുന്നത്. നഗരത്തിലെ സമ്പന്ന മേഖലകളിലാണ് ഇപ്പോൾ രോഗവ്യാപനം ശക്തിയാർജ്ജിക്കുന്നത്. അതിന് പ്രധാന കാരണം ഇവിടങ്ങളിലെ യുവതലമുറയാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

അതേസമയം രോഗവ്യാപനം ശക്തമായ ബോൾട്ടനിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. രാത്രി 10 മണീക്ക് ശേഷം കർഫ്യൂ നിലവിലുള്ള ഇവിടെ ഈ സമയത്തിനു ശേഷം സ്ഥാപനങ്ങൾക്കൊന്നും തുറന്നുപ്രവർത്തിക്കുവാനുള്ള അനുമതിയില്ല. മാത്രമല്ല പ്രദേശത്തെ എല്ലാ പബ്ബുകളും അടയ്ക്കുവാനും ഉത്തരവിട്ടിട്ടുണ്ട്. ടേക്ക് എവേ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

നിലവിൽ അമേരിക്കയിലെ രോഗവ്യാപനത്തിനോട് സാദൃശ്യമുള്ള മാതൃകയിലാൺ' ബ്രിട്ടനിലും രോഗവ്യാപനം നടക്കുന്നത്. യുവാക്കളിലാണ് രോഗവ്യാപനം വർദ്ധിക്കുന്നത്. കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥ ഇത് സംജാതമാക്കും. കോറോണയുടെ ആദ്യവരവിലെ മൂർദ്ധന്യ ഘട്ടത്തിൽ എൻ എച്ച് എസിനുമേലുള്ള സമ്മർദ്ദം വീണ്ടുംതിരികെ എത്തും. മാത്രമല്ല, ഈ യുവാക്കളിൽ നിന്നും വീടുകളിലുള്ള മൂതിർന്നവരിലേക്കും രോഗം പടരാനുള്ള സാധ്യത ഏറെയാണ്. പ്രായമായവർ, അപകട സാധ്യത ഏറെയുള്ളവരായതിനാൽ മരണസംഖ്യ വർദ്ധിക്കുവാനും ഇത് ഇടയാക്കിയേക്കാം.